സ്വന്തം ലേഖകൻ
കണ്ണൂര്‍: കോൺഗ്രസ് സംഘടനാ സംവിധാനത്തിൽ അഴിച്ചു പണി നടത്താനുള്ള കെപിസിസി പ്രസിഡന്റ് കെ. സുധാകരന്റെ തീരുമാനത്തിനൊപ്പം അദ്ദേഹത്തിന്റെ സ്വന്തം തട്ടകമായ കണ്ണൂർ ഡിസിസിയിലും മാറ്റം വരും.
തെരഞ്ഞെടുപ്പ് പരാജയത്തിനു പിന്നാലെ നിലവിലെ ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി നേരത്തെ രാജി സന്നദ്ധത അറിയിച്ചിരുന്നെങ്കിലും അന്ന് രാജിവെക്കേണ്ടതില്ലെന്നായിരുന്നു കെപിസിസി നേതൃത്വം അറിയിച്ചത്.
പിന്നീട് കെപിസിസി തലപ്പത്ത് അഴിച്ചു പണി വരികയും കെ. സുധാകരൻ പ്രസിഡന്റാകുകയും ചെയ്തതിനു പിന്നാലെയാണ് സംഘടനാ സംവിധാനത്തിൽ അടിമുടി മാറ്റം വരുത്താൻ തീരുമാനിച്ചത്.
ഇതിന്റെ ഭാഗമായി കണ്ണൂർ ഡിസിസിയും അഴിച്ചു പണിയും. പുനഃസംഘടനയിൽ ഡി സി സി ഭാരവാഹികളുടെ നാലിലൊന്നായി ചുരുങ്ങുമെന്നാണ് സൂചന. ഇപ്പോള്‍ എണ്‍പതിനടുത്ത് ജില്ലാ ഭാരവാഹികളുണ്ട്.
ഇത് പതിനഞ്ചോ ഇരുപതോ ആക്കി ചുരുക്കാനാണ് കെപിസിസി പ്രസിഡന്റിന്റെ നീക്കം.പുനഃ സംഘടനക്ക് ഗ്രൂപ്പ് പരിഗണന ബാധകമാകില്ലെന്ന് കെപിസിസി പ്രസിഡന്റ് പറയുന്നുണ്ടെങ്കിലും കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് സ്ഥാനം കെ.സുധാകരന് സ്വാധീനമുള്ളവരിൽ തന്നെ എത്തുമെന്നാണ് വിലയിരുത്തൽ.
അങ്ങിനെയെങ്കില്‍ നിലവില്‍ കെപിസിസി ജന സെക്രട്ടറിയും കോര്റേഷന് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്‍മാനുമായ മാര്ട്ടിന് ജോര്‍ജിനായിരിക്കും മുൻ തൂക്കം.
കെ.പി. സാജു, സി.രഘുനാഥ്, മുഹമ്മദ് ഫൈസല്‍ എന്നിവരും പരിഗണനാ പട്ടികയിലുണ്ട്. നേരത്തെ കണ്ണൂര്‍ മേയര്‍ സ്ഥാനത്തേക്ക് സുധാകര ഗ്രൂപ്പില്‍ നിന്ന് ഉയര്‍ന്നു വന്ന പേര് മാര്ട്ടിന് ജോര്ജിന്റേതായിരുന്നെങ്കിലും അവസാന നിമിഷം അട്ടിമറിയിലൂടെയാണ് ടി.ഒ. മോഹനന് മേയറായത്.
അത് കൊണ്ട് തന്നെ മാർട്ടിന് ഡിസിസി പ്രസിഡന്റ് സ്ഥാനം നൽകണമെന്ന നിർദേശം ശക്തമാണ്.അതേ സമയം എ ഗ്രൂപ്പും ഡിസിസി പ്രസിഡന്റ് സ്ഥാനത്തിനായി ശ്രമിക്കുന്നുണ്ട്.
കെ.സി. ജോസഫിന്റെ സിറ്റിംഗ് സീറ്റായ ഇരിക്കൂറിൽ കെ.സി. ജോസഫ് ഇത്തവണ മത്സരരംഗത്തു നിന്നു മാറിയപ്പോൾ ഈ സീറ്റിൽ എ ഗ്രൂപ്പുകാർ സോണി സെബാസ്റ്റ്യനെ മത്സരിപ്പിക്കാൻ ശ്രമിച്ചെങ്കിലും കെ.സി. വേണുഗോപാൽ ഗ്രൂപ്പുകാരനായ സജീവ് ജോസഫിനായിരുന്നു സീറ്റ് നൽകിയത്.
സീറ്റ് നിഷേധിച്ചതിൽ എ ഗ്രൂപ്പ് പാർട്ടിക്കകത്ത് ശക്തമായ പ്രതിഷേധം ഉയർത്തിയിരുന്നു.ഉമ്മൻ ചാണ്ടി ഉൾപ്പെടെയുള്ളവരുമായി ഇക്കാര്യം കണ്ണൂരിലെ എ ഗ്രൂപ്പുകാർ ചർച്ച ചെയ്യുകയും ചെയ്തിരുന്നു. ഡിസിസി പുനഃസംഘടനയിൽ പ്രസിഡന്റ് സ്ഥാനം എ ഗ്രൂപ്പിന് നൽകാമെന്ന ഉറപ്പിലായിരുന്നു അന്ന് പ്രശ്നം പരിഹരിച്ചത്.
എ ഗ്രൂപ്പിനാണ് പ്രസിഡന്റ് സ്ഥാനം നൽകുന്നതെങ്കിൽ സോണി സെബാസ്റ്റ്യൻ, പി.ടി. മാത്യു എന്നിവർ പ്രഥമ പരിഗണനയിലുണ്ട്. കെ പി സി സി സെക്രട്ടറിയായ ചന്ദ്രന് തില്ലങ്കേരിയുടെ പേരും പരിഗണനയിലുണ്ട്.
അതിനിടെ കെ.സി വേണുഗോപാലിന്റെ ഗ്രൂപ്പുകാരായ വി.എ. നാരായണന്, സജീവ് മാറോളി എന്നിവരും പ്രസിഡന്റ് സ്ഥാനത്തിനായി രംഗത്തുണ്ട്.
ഹൈക്കമാന്റിൽ വേണുഗാപാൽ സമ്മർദം ചെലുത്തി വിജയിച്ചാൽ ഇരിക്കൂര്‍ സീറ്റ് എ ഗ്രൂപ്പിന് നഷ്ടപ്പെട്ടത് പോലെ ഡിസിസി പ്രസിഡന്റ് സ്ഥാനവും വേണുഗോപാൽ ഗ്രൂപ്പിനാകും.