സ്വന്തം ലേഖകൻ
കണ്ണൂർ: കണ്ണൂർ ജില്ലയിൽ കെപിസിസിയുടെ അനുമതിയില്ലാതെ ഡിസിസി പുറത്തിറക്കിയ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമാരുടെ നിയമന ഉത്തരവ് റദ്ദാക്കി.മണ്ഡലം കമ്മിറ്റികളുമായി കൂടിയാലോചന നടത്താതെയും ഏകപക്ഷീയവുമായാണ് മണ്ഡലം പ്രസിഡന്റുമാരെ നിയമിച്ചെന്ന് ചൂണ്ടിക്കാട്ടി കെപിസിസി ജനറൽസെക്രട്ടറിമാരായ വി.എ. നാരായണൻ, സജീവ് ജോസഫ് എന്നിവർ കെപിസിസിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ലിസ്റ്റ് മരവിപ്പിച്ചത്.
ജില്ലയിൽ കൊട്ടിയൂർ, കണിച്ചാർ, പേരാവൂർ, തൊണ്ടിയിൽ, പടിയൂർ, മട്ടന്നൂർ, മരുതായി, ഉളിക്കൽ, മണിക്കടവ്, ശ്രീകണ്ഠപുരം, നിടിയേങ്ങ എന്നിവിടങ്ങളിലാണ് മണ്ഡലം പ്രസിഡന്റുമാരെ നിയമിച്ചത്. എന്നാൽ നേരത്തെ ഗ്രൂപ്പ് തർക്കത്തിൽ കിടന്ന സ്ഥലങ്ങളായിരുന്നു ഇവ. അതിനാൽ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ഇവിടങ്ങളിൽ മണ്ഡലം പ്രസിഡന്റുമാരുടെ നിയമനം ഉടൻ വേണ്ടെന്ന് നിർദേശമുണ്ടായിരുന്നു.
ഇതിനിടയിലാണ് മണ്ഡലം പ്രസിഡന്റുമാരെ നിയമിച്ചുകൊണ്ടുള്ള പത്രക്കുറിപ്പ് കഴിഞ്ഞദിവസം ഡിസിസി പ്രസിഡന്റിന്റെ നേതൃത്വത്തിൽ പുറത്ത് വിട്ടത്.കണ്ണൂരിന്റെ ചുമതലയുള്ള കെപിസിസി ജനറൽസെക്രട്ടറി പി.എം. സുരേഷ്ബാബു ലിസ്റ്റ് റദ്ദാക്കാനുള്ള നിർദേശം ഇന്നലെ വൈകുന്നേരം ഡിസിസി പ്രസിഡന്റിന് കൈമാറി.
ലിസ്റ്റ് മരവിപ്പിച്ചതിലുള്ള പ്രായോഗിക ബുദ്ധിമുട്ട് കെപിസിസി നേതൃത്വത്തെ രേഖാമൂലം അറിയിക്കുമെന്ന് ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി രാഷ്ട്രദീപികയോടു പറഞ്ഞു.