തളിപ്പറമ്പ്: കണ്ണൂരിന്റെ പാട്ട് “ബേങ്കീ ബേങ്കീ ബേങ്കീ ബൂം ബും…’ മലയാളികള്‍ ഏറ്റെടുക്കുമ്പോള്‍ കണ്ണൂരിന്റെ പൈതൃകമായ ഭാഷാദേദങ്ങള്‍ നിഘണ്ടു രൂപത്തില്‍ പുറത്തിറങ്ങുന്നു. കണ്ണൂരിലെ രണ്ടായിരത്തിലേറെ നാടന്‍ വാക്കുകള്‍ ഉള്‍പ്പെടുത്തിയ 150 ലേറെ പേജുള്ള നിഘണ്ടു രണ്ട് മാസത്തിനകം പുറത്തിറങ്ങും.
തളിപ്പറമ്പ് സര് സയ്യിദ് കോളജിലെ ഹിന്ദി വിഭാഗം അസി.പ്രഫസര്‍ ഡോ.വി.ടി.വി.മോഹനനും തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വ്വകലാശാലയിലെ ഭാഷാശാസ്ത്ര വിഭാഗം അസി. പ്രഫസര്‍ ഡോ.സ്മിത കെ.നായരും ചേര്‍ന്നാണ് നിഘണ്ടു തയാറാക്കുന്നത്. സമഗ്രമായ സര്‍വ്വേയുടെയും പദശേഖരണത്തിന്റെയും പഠനത്തിന്റെയും അടിസ്ഥാനത്തിലാണ് ഭാഷാഭേദ പദങ്ങളുടെ സാമൂഹികമായ പ്രത്യേകതകള്‍ വിവരിച്ചുകൊണ്ടുള്ള നിഘണ്ടു പുറത്തിറങ്ങുന്നത്.
ബണ്ണാമ്പല്, മാണ്ടുച്ചി, തമ്പാച്ചി, കുപ്പാച്ചി, പച്ചപ്പറിങ്കി, ഞേറ്റ്, മൊളീശന്‍, ബിളിമ്പ്, പൃക്ക്, അമ്മോപ്പ, അച്ചിടുക, കീഞ്ഞു …. ഇതൊക്കെ മലയാളം വാക്കുകളാണ്. കണ്ണൂരിന് പുറത്തുള്ള മലയാളിക്ക് അറിയാനാകാത്ത മലയാളഭാഷയിലെ പദങ്ങള്‍. ഒരു പക്ഷേ കണ്ണുരില്‍ തന്നെ വിവിധ പ്രാദേശങ്ങളില്‍ ഉപയോഗിക്കുന്ന ഒരേ അര്‍ത്ഥമുള്ള വ്യത്യസ്ത പദങ്ങള്‍. മലയാളത്തിന്റെ കണ്ണൂര്‍ ഭാഷാഭേദം തികച്ചും വ്യത്യസ്തവും വൈവിധ്യം നിറഞ്ഞതുമാണ്.
മലയാളം ഉപയോഗിക്കപ്പെടുന്ന മറ്റ് പ്രദേശങ്ങളില്‍ പ്രയോഗത്തിലില്ലാത്ത അനവധി പദങ്ങളും ചുരുക്കരൂപങ്ങളും വ്യത്യസ്തമായ ശൈലിയും കൊണ്ട് സമ്പന്നമാണ് കണ്ണൂര്‍ ഭാഷാഭേദം. “ഉപ്പും പറങ്കീം ഞെലച്ചിറ്റ് കുള്ത്ത് കുടിച്ചു’ എന്ന് കണ്ണൂരിലെ ഒരാള്‍ പറയുമ്പോള്‍ കണ്ണു മിഴിച്ചിട്ട് കാര്യമില്ല. ഉപ്പും മുളകും കൂട്ടി പഴങ്കഞ്ഞി കുടിച്ച കാര്യമാണ് പറഞ്ഞത്.
മകള്‍ ഉപ്പിച്ചിയെ കണ്ട് പേടിച്ചു എന്നു കേട്ടാല്‍ ഉപ്പിച്ചി ചിലയിടങ്ങളില്‍ സ്നേഹപൂര്‍വ്വം ഉപ്പയെ വിളിക്കുന്നതാണെന്ന് കരുതണ്ട. ഉപ്പിച്ചി എന്നാല്‍ പുഴു എന്നര്‍ത്ഥം. ബീട്ടില് നെറച്ചും ബണ്ണാമ്പല് നെറഞ്ഞിനി എന്നു കേട്ടാല്‍ വീട്ടില്‍ നിറയെ മാറാലയാണെന്ന് മനസിലാക്കണം. മാണ്ടുച്ചി പ്രേതവും തമ്പാച്ചി ദൈവവും മൊളീശന്‍ മുളകിട്ട കറിയും പച്ചപ്പറിങ്കി പച്ചമുളകും പൃക്ക് കൊതുകുമാണ്. അമ്മോപ്പ എന്നാല്‍ അറിയില്ല എന്നാണ്. അച്ചിടുക എന്നാല്‍ തുമ്മുക എന്നും കീഞ്ഞു എന്നാല്‍ ഇറങ്ങി എന്നുമാണ് അര്‍ത്ഥം.
ഏറെ വിലപ്പെട്ട ഭാഷാഭേദങ്ങൾ കാലക്രമേണ നഷ്ടപ്പെടുകയാണ്. ഈ സാഹചര്യത്തിലാണ് ഭാഷാഭേദപദങ്ങള് സമാഹരിച്ച് നിഘണ്ടു തയാറാക്കുന്നത്. കണ്ണൂരിലെ വിവിധ പ്രദേശങ്ങളില്‍ ഉപയോഗിച്ചു വരുന്ന പ്രാദേശികവും ഭാഷാപരവുമായി പ്രത്യേകതകളുള്ള പദങ്ങള്‍ ശീര്‍ഷക പദങ്ങളായി അവയുടെ അര്‍ത്ഥം, പ്രയോഗം, സന്ദര്‍ഭം, വ്യാകരണ വിഭാഗം, പ്രത്യേകതകളുടെ വിശദീകരണം എന്നീ ക്രമത്തിലാണ് നിഘണ്ടുവിലുള്ളത്. ഭാഷാഭേദ പദങ്ങളുടെ സാമൂഹികമായ പ്രത്യേകതകള്‍ വിവരിക്കുന്ന ആദ്യ നിഘണ്ടുവാണ് ഇതെന്ന് ഡോ.വി.ടി.വി മോഹനനും ഡോ.സ്മിത കെ.നായരും പറഞ്ഞു.