നവാസ് മേത്തര്‍
തലശേരി: തലശേരി ജില്ലാ കോടതിയില്‍ സംഘര്‍ഷ സാധ്യതയെന്ന് രഹസ്യാന്വേഷണ റിപ്പോർട്ട്. കോടതി പരിസരത്ത് കൂടുതല്‍ സുരക്ഷയൊരുക്കാനും നിര്‍ദ്ദേശം. ഇത് സംബന്ധിച്ച് ജില്ലാ ഗവണ്മെന്റ് പ്ലീഡര്‍ ബി.പി ശശീന്ദ്രനും ജില്ലാ പോലീസ് മേധാവി ശിവവിക്രമും തമ്മില്‍ പ്രാഥമിക ചര്‍ച്ചകള്‍ നടത്തി. സംഘര്‍ഷ സാധ്യത സംബന്ധിച്ച് റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടെന്നും വേണ്ട സുരക്ഷയൊരുക്കുമെന്നും തലശേരി എഎസ്പി ചൈത്ര തെരേസ ജോണ്‍ രാഷ്ട്രദീപികയോട് പറഞ്ഞു.
തലശേരിയിലെ അഞ്ച് കോടതികളിലായി ഒരേ സമയം ഒരു ഡസസിനേലേറെ കൊലപാതക കേസുകളുടെ വിചാരണ നടക്കുന്ന സാഹചര്യത്തിലാണ് കോടതിയില്‍ സംഘര്‍ഷ സാധ്യത ഉടലെടുത്തിട്ടുള്ളത്. കഴിഞ്ഞ ദിവസം ഒരു സാക്ഷിയുടെ മകനു നേരെ പരസ്യമായ ഭീഷണി ഉയരുകയും ചെയ്തിരുന്നു. ഇത് സംബന്ധിച്ച് ഗവണ്മെന്റ് പ്ലീഡര്‍ ജില്ലാ പോലീസ് ചീഫിന് റിപ്പോര്‍ട്ട് നല്‍കുകയും ഇതേ തുടര്‍ന്ന് ജില്ലാ പോലീസ് ചീഫിന്റെ നിര്‍ദ്ദേശ പ്രകാരം ടൗണ്‍ പോലീസ് സ്ഥലത്തെത്തുകയും സുരക്ഷ ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു.
രാഷ്ട്രീയ സംഘര്‍ഷങ്ങളിലെ കക്ഷികളായ വിരുദ്ധ ചേരിയിലെ പ്രതികളും കേസ് നടത്തിപ്പിന്റെ ചുമതലയുള്ള ഇരുപക്ഷത്തേയും നേതാക്കളും ഒരേ സമയം കോടതിയിലെത്തുന്നത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചിട്ടുണ്ട്.ഇരുനൂറു വര്‍ഷം പിന്നിട്ട തലശേരി കോടതിയുടെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഒരേ സമയം ഒരു ഡസനിലേറെ രാഷ്ട്രീയ കൊലപാതക കേസുകളുടെ വിചാരണ ഒരേ സമയത്ത് നടന്നു വരുന്നത്. ഇത്തരമൊരു സാഹചര്യം മുമ്പ് ഉണ്ടായിരുന്നില്ല. കാല് നൂറ്റാണ്ട് മുമ്പ് നടന്ന രാഷ്ട്രീയ കൊലപാതക കേസിന്റെ വിചാരണ വരെ ഇപ്പോള്‍ ആരംഭിച്ചിട്ടുണ്ടന്നതാണ് വിചിത്രം.
22 വര്‍ഷം മുമ്പ് നടന്ന ചൊക്ലിയിലെ സിപിഎം പ്രവര്ത്തകന് മാമന് വാസു വധക്കേസിന്റെ വിചാരണയാണ് ഇപ്പോള്‍ ആരംഭിച്ചിട്ടുള്ളത്. ഈ കേസില്‍ ഒരു പ്രതിയുടെ വിചാരണ നടന്നിരുന്നില്ല. വിദേശത്തായിരുന്ന ഇയാളുടെ കേസാണ് ഇപ്പോള്‍ പരിഗണനക്കെത്തിയിട്ടുള്ളത്. കേസിലെ രണ്ടാം പ്രതിയായ കാട്ട്യൻ സുരേന്ദ്രന്റെ വിചാരണയാണ് 24 ന് ആരംഭിക്കുക. 1995 ഡിസംബർ 11ന് രാവിലെ ഏഴിനാണ് മാമൻ വാസു കൊല്ലപ്പെട്ടത്.
ഈ കേസിൽ ഏഴ് പ്രതികളാണ് ഉണ്ടായിരുന്നത്. ഒന്നാം പ്രതിയെ വെറുതെ വിട്ട തലശേരി സെഷൻസ് കോടതി മൂന്നു മുതൽ ഏഴുവരെയുള്ള പ്രതികളെ ജീവപര്യന്ത്യം ശിക്ഷിച്ചിരുന്നു. എന്നാൽ ഈ പ്രതികളെ ഹൈക്കോടതി വെറുതെ വിട്ടിരുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ കോടതിയിലെ സുരക്ഷ കൂടുതല്‍ ശക്തമാക്കാന്‍ പോലീസ് തീരുമാനിച്ചിട്ടുണ്ട്.
ഒരു ജഡ്ജി തന്നെ നാല് രാഷ്ട്രീയ കൊലപാതക കേസുകളുടെ വരെ വിചാരണ വരെ നടത്തുന്നുണ്ട്. മറ്റ് കേസുകള്‍ പരിഗണിക്കുന്നതിന് പുറമെയാണിത്.
ഇത്രയേറെ കൊലപാതക കേസുകള്‍ ഒരേ സമയത്ത് പരിഗണനക്കെത്തുന്നത് സംസ്ഥാനത്തെ പ്രോസിക്യൂട്ടര്‍മാരുടെ യോഗത്തിലും ചര്‍ച്ചയായി. കഴിഞ്ഞ 11,12 തീയതികളില്‍ പാലക്കാട് നടന്ന പ്രോസിക്യൂട്ടര്‍മാരുടെ യോഗത്തില്‍ ജില്ലയില്‍ നിന്നുള്ള പ്രോസിക്യൂട്ടര്‍മാരോട് നിലവിലുള്ള രാഷ്ട്രീയ കൊലപാതക കേസുകളുടെ വിവരങ്ങള്‍ ആരായാനുള്ള തിരക്കിലായിരുന്നു മറ്റ് ജില്ലകളില്‍ നിന്നുള്ള പ്രോസിക്യൂട്ടര്‍മാര്‍. അഞ്ച് വര്‍ഷം പ്രോസിക്യൂട്ടറായിരുന്നിട്ടും ഒരു കൊലപാത കേസ് പോലും കൈകാര്യം ചെയ്യാന്‍ സാധിക്കാതിരുന്ന തെക്കന്‍ ജില്ലയില്‍ നിന്നുള്ള പ്രോസിക്യൂട്ടറും യോഗത്തില്‍ പങ്കെടുത്തിരുന്നു.
തെക്കന്‍ ജില്ലകളിലെ കൊലപാതക കേസുകളില്‍ മൃതദേഹത്തിലെ പരിക്കുകള്‍ പരിമിതമായിരിക്കുമെന്നും എന്നാല്‍ വടക്കേ മലബാറിലെ കൊലപാതക കേസുകളില്‍ പരിക്കുകളുടെ എണ്ണം എണ്ണിയാലൊടുങ്ങാത്തതാണെന്നുമാണ് തെക്കന്‍ ജില്ലയില്‍ നിന്നുള്ള ഒരു പ്രോസിക്യൂട്ടര്‍ പറഞ്ഞത്. കണ്ണൂര്‍ ജില്ലയില്‍ പ്രോസിക്യൂട്ടറായാല് പിന്നെ രാജ്യത്തെ ഏത് സംസ്ഥാനത്തെ കൊലപാതക കേസും കേസും കൈകാര്യം ചെയ്യാമെന്ന കമന്റും മറ്റ് ജില്ലകളില്‍ നിന്നുള്ള പ്രോസിക്യൂട്ടര്‍മാരില്‍ നിന്നുമണ്ടായതായി ജില്ലാ കോടതിയിലെ ഒരു പ്രോസിക്യൂട്ടര്‍ രാഷ്ട്ര ദീപികയോട് പറഞ്ഞു.
ഏറെ നാളുകളായ രാഷ്ട്രീയ കൊലപാതക കേസുകള്‍ വിചാരണക്ക് എടുക്കാത്തത് നിയമ വൃത്തങ്ങളില്‍ ചര്‍ച്ചയായിരുന്നു. ഈ വിഷയം രാഷ്ട്രദീപിക ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു. തുടര്‍ന്ന് സംസ്ഥാന സര്‍ക്കാരും ഹൈക്കോടതിയും ഇടപെടുകയും ന്യായാധിപന്മാരില്ലാതിരുന്ന കോടതികളില്‍ ന്യായാധിപന്മാരെ നിയമിക്കുകയും ചെയ്തതോടെയാണ് കൂടുതല്‍ കേസുകള്‍ പരിഗണനക്കെത്തിയത്. ഇപ്പോള്‍ അതിവേഗ കോടതികള്‍ ഉള്‍പ്പെടെ അഞ്ച് സെഷന്‍സ് കോടതികളിലും ന്യായാധിപന്മാര് സേവനമനുഷ്ടിക്കുന്നുണ്ട്. പ്രധാനപ്പെട്ട മൂന്ന് കോടതികളില്‍ സ്ഥിരമായിട്ട് ന്യായാധിപന്മാരില്ലാതിരുന്നത് നേരത്തെ കേസുകളെടുക്കുന്നതിന് തടസമായിരുന്നു.
പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ മാടപ്പീടികയിലെ ഷാജി വധം, അഡ്വ. വല്‍സരാജകുറുപ്പ് വധം എന്നീ കേസുകളുടെ വിചാരണയാണ് നടക്കുന്നത്. അതിവേഗ കോടതി ഒന്നില്‍ കൂത്തുപറമ്പ് പാനുണ്ടയിലെ സത്യന് വധം, തലശേരിയിലെ രഞ്ജിത്ത് വധം, പൊന്ന്യത്തെ പവിത്രന് വധം എന്നീ കേസുകളും അതിവേഗ കോടതി മൂന്നില്‍ പേരാവൂരിലെ ദിലീപന് വധം, വടക്കുമ്പാട്ടെ നിഖില്‍ വധം, ഇല്ലത്ത് താഴയിലെ സുരേന്ദ്രന് വധം എന്നീ കേസുകളും അതിവേഗ കോടതി നാലില്‍ കുന്നോത്ത്പറമ്പിലെ അജയന് വധം, പാനൂരിലെ ചന്ദ്രന് വധം, കൊളശേരിയിലെ സുധീര്‍ വധം, പ്രമോദ് വധം, മാമന് വാസു വധം, എന്നീ കേസുകളാണ് പരിഗണിക്കുന്നത്.