കണ്ണൂർ: രോഗവുമായി ജില്ലാ ആശുപത്രിയിൽ എത്തിയാൽ ഡോക്ടറെ രണ്ട് തവണ കാണിച്ച് മടങ്ങാം. കാരണം, വർഷങ്ങൾക്ക് മുന്പ് നടന്ന ആശുപത്രി നവീകരണത്തിന്റെ ഭാഗമായുള്ള കന്പികൾ കൊണ്ട് പരിക്ക് പറ്റുന്നത് നിത്യ സംഭവമായി മാറിയിരിക്കുകയാണ്.
പഴയ കാഷ്വാലിറ്റിയിലേക്ക് പ്രവേശിക്കുന്നിടത്ത്, കാന്റീനു സമീപം തുടങ്ങി നിരവധി സ്ഥലങ്ങളിലാണ് കമ്പികൾ അപകട ഭീഷണിയായി മാറുന്നത്.
കാന്റീന് സമീപത്ത് ഒരു കുഴിക്ക് മുകളിലായി ദ്രവിച്ച മരകഷ്ണങ്ങൾക്ക് ചുറ്റുമാണ് കമ്പികൾ നിൽക്കുന്നത്. ആംബുലൻസുകളും രോഗികളെ കയറ്റാനായി നിരവധി വാഹനങ്ങളാണ് ഇതുവഴി വരുന്നത്.
വാഹനങ്ങൾ വന്നാൽ വിവിധ ആവശ്യങ്ങൾക്കായി കാൽനടയായി പോകുന്നവർക്ക് നടക്കാൻ പോലും പറ്റാത്ത സ്ഥിതിയാണ്. ഒരു വശത്ത് മറ്റ് നവീകരണ പ്രവൃത്തികൾ നടക്കുന്നുണ്ട്. അതുകൊണ്ട് തന്നെ പലരും വാഹനം വരുമ്പോൾ അരികിലേക്ക് മാറി നിൽക്കുമ്പോൾ ഈ കമ്പികൾ കാലിൽ കൊണ്ട് മുറിവുകൾ സംഭവിക്കുന്നുണ്ട്.
പഴയ കാഷ്യാലിറ്റിയുടെ പ്രവേശന കവാടത്തിൽ കന്പികളിൽ കൊണ്ട് അപകടം പറ്റാതിരിക്കാൻ പ്ലാസ്റ്റിക് കുപ്പികൾ വച്ചിട്ടുണ്ട്. അപകടം പറ്റിയാൽ ആശുപത്രിയായത് കൊണ്ട് നേരെ കാഷ്യാലിറ്റിയിൽ പോയി മരുന്ന് വാങ്ങുമെന്ന് ഇവിടെ വരുന്നവർ പറയുന്നു.