കണ്ണൂർ: ചില വീടുകളുടെ ഗെയിറ്റിനു മുന്നിൽ ഇത്തരമൊരു ബോർഡ് കാണാം. വീട്ടിലെ പട്ടി കടിച്ചാൽ ഉത്തരവാദിത്വമില്ലെന്ന് പറയാതെ പറയുന്ന രീതിയാണിത്. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ഇത്തരമൊരു ബോർഡില്ലെങ്കിലും ഇവരും പറയാതെ പറയുന്നത് ഇതു തന്നെ.
റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ് ഫോമിലും പാർക്കിംഗ് ഏരിയകളിലും തെരുവ് നായകൾ വിലസുകയാണ്. പാർക്കിംഗ് ഏരിയയിൽ വാഹനങ്ങൾക്കടിയിലും മറ്റുമായി കിടക്കുന്ന നായക്കൂട്ടത്തെ ശ്രദ്ധിക്കാതെ നടന്നാൽ കടി കിട്ടുമെന്ന കാര്യത്തിൽ സംശയമില്ല.
പാർക്കിംഗ് ഏരിയകളിൽ നിർത്തിയിട്ട വാഹനത്തിൽ കയറാനെത്തുന്ന പലരും ഭാഗ്യം കൊണ്ടു മാത്രമാണ് കടിയേൽക്കാതെ രക്ഷപ്പെടുന്നത്.
സംഘടിതശക്തിയായെത്തുന്ന തെരുവ് നായകളിൽ നിന്നും രക്ഷപ്പെട്ട് വാഹനം പാർക്കിംഗ് ഏരിയയിൽ ഉപേക്ഷിച്ച് ജീവനും കൊണ്ടോടിയവരും നിരവധിയാണ്. തെരുവ് നായ ശല്യത്തിന് പരിഹാരം കാണണമെന്ന് റെയിൽവേ അധികൃതരോട് യാത്രക്കാർ ആവശ്യപ്പെടുന്നുണ്ടെങ്കിലും നടപടി ഉണ്ടാവുന്നില്ല.
കോർപറേഷനാണ് ഇക്കാര്യത്തിൽ ഇടപെടേണ്ടതെന്നാണ് റെയിൽവേയുടെ വിശദീകരണം. അതേ സമയം കോർപറേഷനാകട്ടെ തെരുവ് നായശല്യത്തിന് പരിഹാരം കാണുമെന്ന് അടിക്കടി പ്രഖ്യാപനം നടത്തുന്നതല്ലാതെ നടപടികൾ ഒന്നും തന്നെ സ്വീകരിക്കുന്നുമില്ല.
തെരുവ് നായശല്യം നിയന്ത്രിക്കാൻ ആനിമൽ ബർത്ത് കൺട്രോൾ (എബിസി) പദ്ധതിയുൾപ്പെടെയുള്ളവ കോർപറേഷൻ ആകുന്നതിനു മുന്പുള്ള കണ്ണൂർ നഗരസഭ പ്രവർത്തികമാക്കിയെന്ന് അവകാശപ്പെട്ടിട്ടുണ്ടെങ്കിലും പദ്ധതി കടലാസിൽ മാത്രമാണ്. തെരുവ് നായശല്യത്തിന്റെ പരിഹാരം കാണാൻ ആരോടാണ് പരാതിപ്പെടേണ്ടതെന്നാണ് ഇപ്പോൾ റെയിൽവേ സ്റ്റേഷനിലെത്തുന്നവർ ചോദിക്കുന്നത്.