ഇരിട്ടി: പഴശി ജലാശയത്തിന്റെ ഭാഗമായ പടിയൂർ പൂവം പുഴയിൽ ഇന്നലെ ഒഴുക്കിൽ പെട്ട് കാണാതായ വിദ്യാർഥിനികൾക്കായി തെരച്ചിൽ തുടരുന്നു.
ഇന്ന് രാവിലെ ഏഴോടെ ഇരിട്ടി ഫയർഫോഴ്സ് സ്റ്റേഷൻ ഇൻചാർജ് മഹറൂഫ് വാഴോത്തിന്റെ നേതൃത്വത്തിൽ ഇരിട്ടി, പേരാവൂർ, കണ്ണൂർ, തലശേരി സ്റ്റേഷനുകളിൽ നിന്നുള്ള മുപ്പത് സേനാംഗങ്ങളാണ് തെരച്ചിൽ ആരംഭിച്ചത്. ആദ്യഘട്ടത്തിൽ നാല് ഡിങ്കി സംഘങ്ങൾ പുഴയിൽ തെരച്ചിൽ ആരംഭിച്ചു.
കണ്ടെത്താനായില്ലെങ്കിൽ പത്തോടെ സ്കൂബാ അംഗങ്ങൾ തെരച്ചിൽ നടത്തും. പ്രതികൂലമായ കാലാവസ്ഥയും ശക്തമായ മഴയും പുഴയിലെ അടിയൊഴുക്കും തെരച്ചിലിന് വെല്ലുവിളിയാകുന്നുണ്ട്. സിവിൽ ഡിഫൻസ് വോളണ്ടിയർമാരും ഒരുമ റസ്ക്യു വള്ളിത്തോടിന്റെ അംഗങ്ങളും തെരച്ചിൽ നടത്തുന്നവരെ സഹായിക്കുന്നുണ്ട്.
ഇന്നലെ വൈകുന്നേരം അഞ്ചോടെയായിരുന്നു ഇരിക്കൂർ സിഗ്ബ കോളജിലെ ബിഎ സൈക്കോളജി അവസാന വർഷ വിദ്യാർഥിനികളായ എടയന്നൂർ തെരൂർ അഫ്സത്ത് മൻസിലിൽ മുഹമ്മദ് കുഞ്ഞി- അഫ് സത്ത് ദന്പതികളുടെ മകൾ ഷഹർബാന (28), ചക്കരക്കൽ നാലാംപീടികയിലെ ശ്രീലക്ഷ്മി ഹൗസിൽ പ്രദീഷ്- സൗമ്യ ദന്പതികളുടെ മകൾ സൂര്യ (21) എന്നിവർ ഒഴുക്കിൽപെട്ട് കാണാതായത്. സഹപാഠി പടിയൂർ പൂവത്തെ ജസീനയുടെ വീട്ടിൽ എത്തിയതായിരുന്നു ഇരുവരും.
പുഴക്കരയിലെ വിവിധയിടങ്ങളിൽനിന്നു മൊബൈലിൽ ചിത്രങ്ങളും വീഡിയോവും പകർത്തിയശേഷം പൂവത്തെ വാട്ടർ അഥോറിറ്റിയുടെ കൂറ്റൻ വാട്ടർടാങ്കിനു സമീപം രണ്ടുപേരും പുഴയിൽ ഇറങ്ങുകയായിരുന്നുവെന്ന് ദൃക്സാക്ഷികളായ മീൻപിടിത്തക്കാർ പറഞ്ഞു.
രണ്ടുപേരും ഒഴുക്കിൽപ്പെട്ട് മുങ്ങിത്താഴുന്നത് കണ്ട ഇവർ ഒരാളെ വലയിട്ട് രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും വെള്ളത്തിന്റെ കുത്തൊഴുക്കിൽ വലയിൽനിന്നു വിട്ടുപോകുകയായിരുന്നു.
ഇരിട്ടി അഗ്നിരക്ഷാസേനയിലെ സ്കൂബാ ഡൈവേഴ്സ് അംഗങ്ങൾ ഇന്നലെ രാത്രി 7.30 വരെ ഡിങ്കിയും മറ്റും ഉപയോഗിച്ച് തെരച്ചിൽ നടത്തിയെങ്കിലും ഇരുവരെയും കണ്ടെത്താനായിരുന്നില്ല.