കണ്ണൂർ: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ദേശീയ നേതാക്കളെ കണ്ണൂരിലെത്തിക്കാൻ മുന്നണികൾ. എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ കണ്ണൂരിൽ പ്രചാരണത്തിന് കൊണ്ടുവരുവാൻ യുഡിഎഫ് നീക്കം നടത്തുന്നുണ്ട്. ഡിസിസി ഇത്തരമൊരു ആവശ്യം എഐസിസി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.
പ്രിയങ്കഗാന്ധിക്ക് പുറമെ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും പഞ്ചാബ് മന്ത്രിയുമായ നവ ജ്യോത്സിംഗ് സിദ്ദു, നടി ഖുശ്ബു, ഗുലാംനബി ആസാദ്, ജഗദീഷ്, സലിംകുമാർ എന്നിവർ യുഡിഎഫ് സ്ഥാനാർഥി കെ.സുധാകരനു വേണ്ടി പ്രചാരണത്തിനെത്തും. പ്രചാരണത്തിന് പ്രിയങ്കാഗാന്ധി എത്തിയാൽ റോഡ്ഷോ അടക്കം കണ്ണൂരും കാസർഗോഡ് നടത്താനാണ് യുഡിഎഫ് തീരുമാനം.
എൽഡിഎഫ് കണ്ണൂർ ലോക്സഭാ മണ്ഡലം സ്ഥാനാർഥി പി.കെ. ശ്രീമതിക്കു വേണ്ടി സിപിഎം പോളിറ്റ് ബ്യൂറോ അംഗങ്ങളായ പ്രകാശ് കാരാട്ട്, വൃന്ദ കാരാട്ട്, മറിയം ധാവ്ള എന്നിവർ നേരത്തെ പ്രചാരണത്തിനെത്തിയിരുന്നു. ഇവർക്കു പുറമെ സിപിഎം ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരി, മുഖ്യമന്ത്രി പിണറായി വിജയന്, എസ്. രാമചന്ദ്രൻ പിള്ള തുടങ്ങിയ രാഷ്ട്രീയ നേതാക്കൾക്കു പുറമെ കനയ്യ കുമാർ, ശബ്നം ഹാഷ്മി തുടങ്ങിയവരും പ്രചാരണത്തിന് എത്തുന്നുണ്ട്.
എൻഡിഎക്കു വേണ്ടി നരേന്ദ്രമോദി, അമിത്ഷാ അടക്കമുള്ള ദേശീയ നേതാക്കൾ കേരളത്തിൽ പ്രചാരണത്തിനായി എത്തുന്നുണ്ട്. ഇവരെ കണ്ണൂരിലും കാസർഗോട്ടും പ്രചാരണത്തിനിറക്കാനാണ് ബിജെപി നീക്കം.