റെനീഷ് മാത്യു
കണ്ണൂർ: ലോകസഭാ തെരഞ്ഞെടുപ്പിൽ വടകരയിലും വയനാട്ടിലും പുതുമുഖങ്ങളെ നിർത്താൻ കോൺഗ്രസ്. കെ.സുധാകരൻ കാസർഗോഡോ കണ്ണൂരിലോ മത്സരിക്കും. എ.പി. അബുള്ളക്കുട്ടി, കെ.സി. റോസക്കുട്ടി, റിജിൽ മാക്കുറ്റി, ടി. സിദിഖ്, ഷാനിമോൾ ഉസ്മാൻ, സജീവ് ജോസഫ് എന്നിവരുടെ പേരുകളും കണ്ണൂർ,കാസർഗോഡ്, വയനാട്,വടകര ലോകസഭാ മണ്ഡലങ്ങളിൽ പരിഗണിക്കുന്നുണ്ട്. കോഴിക്കോട് എം.കെ. രാഘവനോട് മത്സരിക്കാൻ നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്.
ലോകസഭാ തെരഞ്ഞെടുപ്പിനെക്കുറിച്ചുള്ള കാര്യങ്ങൾ ചർച്ച ചെയ്യാൻ കാസർഗോഡ് മുതൽ മലപ്പുറം വരെ മലബാറിലെ അഞ്ചു ജില്ലകൾ കേന്ദ്രീകരിച്ചുള്ള കോൺഗ്രസ് മേഖലാ ശില്പശാല ഉടൻ നടക്കും. സ്ഥാനാർഥിത്വം സംബന്ധിച്ച് ഇതിൽ നിർണായക തീരുമാനം ഉണ്ടാകും.മലബാർ മേഖലയിലെ അഞ്ചു ജില്ലകളിലെ ഏഴു ലോകസഭാ മണ്ഡലങ്ങളിൽ അഞ്ചും യുഡിഎഫിന്റെ കൈയിലാണ്. ഇതിൽ മലപ്പുറത്തെ രണ്ട് സീറ്റ് ലീഗിന്റേതാണ്.
കെ. സുധാകരനോട് കാസർഗോഡ് മത്സരിക്കാൻ കോൺഗ്രസ് നേതൃത്വം നിർദേശിച്ചെങ്കിലും മത്സരിക്കാൻ തയാറല്ലെന്ന മറുപടിയാണ് ലഭിച്ചിരിക്കുന്നത്. മത്സരിക്കുവാണെങ്കിൽ കണ്ണൂരിൽ മത്സരിക്കുമെന്നാണ് സുധാകരൻ ആവശ്യപ്പെട്ടിരിക്കുന്നത്. സുധാകരൻ കണ്ണൂരിൽ മത്സരിക്കുകയാണെങ്കിൽ എ.പി. അബ്ദുള്ളക്കുട്ടിയെ കാസർഗോഡ് മത്സരിപ്പിക്കാനും നീക്കം നടക്കുന്നുണ്ട്. കണ്ണൂർ, കാസർഗോഡ് ലോകസഭാ മണ്ഡലങ്ങളിൽ കെ.സുധാകരന്റെയും എ.പി. അബ്ദുള്ളക്കുട്ടിയുടെയും പേരുകളാണ് ഉയർന്നു കേൾക്കുന്നത്.
വടകരയിൽ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ തന്നെ മത്സരിക്കണമെന്നാണ് കോൺഗ്രസ് നേതൃത്വത്തിന്റെ ആവശ്യം. എന്നാൽ മത്സരിക്കാനില്ലെന്നാണ് മുല്ലപ്പള്ളി രാമചന്ദ്രൻ നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്. ശക്തനായ ഒരു സ്ഥാനാർഥിയെ വടകര മണ്ഡലത്തിൽ നിർത്തണമെന്നാണ് യുഡിഎഫിന്റെ ആവശ്യം.
യൂത്ത് കോൺഗ്രസ് കണ്ണൂർ ലോകസഭാ മണ്ഡലം പ്രസിഡന്റ് റിജിൽ മാക്കുറ്റിയുടെ പേരും വടകരയിലെ സ്ഥാനാർഥി പട്ടികയിൽ സജീവമാണ്. ലീഗും യൂത്ത് ലീഗും റിജിൽ മാക്കുറ്റി വടകരയിൽ മത്സരിപ്പിക്കാൻ കോൺഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെട്ടതായാണ് അറിയുന്നത്.
വയനാട് ലോകസഭാ മണ്ഡലത്തിൽ ടി.സിദിഖ്, ഷാനിമോൾ ഉസ്മാൻ, ആര്യാടൻ മുഹമ്മദ് എന്നിവരുടെ പേരുകൾക്കൊപ്പം സജീവ് ജോസഫ്, കെ.സി. റോസക്കുട്ടി എന്നിവരുടെ പേരുകളും കേൾക്കുന്നുണ്ട്.
കണ്ണൂരിൽ കെ.സുധാകരൻ കഴിഞ്ഞ തവണ 6566 വോട്ടുകൾക്കാണ് എൽഡിഎഫ് സ്ഥാനാർഥി പി.കെ. ശ്രീമതിയോട് പരാജയപ്പെട്ടത്. അതുപോലെ എൽഡിഎഫ് കോട്ടയായ കാസർഗോഡ് യുഡിഎഫിലെ ടി.സിദിഖ് 6921 വോട്ടിനാണ് പരാജയപ്പെട്ടത്. കണ്ണൂരും കാസർഗോഡും പിടിച്ചെടുക്കാനാണ് കോൺഗ്രസ് നീക്കം.
വടകര, കോഴിക്കോട്, വയനാട് മണ്ഡലങ്ങളിൽ ലോക് താന്ത്രിക് ജനതാദളിന്റെ മുന്നണി മാറ്റം കോൺഗ്രസിന്റെ വിജയത്തെ ഇത്തവണ ബാധിച്ചേക്കാം.ഇവിടങ്ങളിൽ എൽജെഡിക്ക് ശക്തിയുണ്ട്. അതിനാൽ ശക്തരായ സ്ഥാനാർഥികൾ ഈ മൂന്നു മണ്ഡലങ്ങളിൽ വേണമെന്നാണ് കെപിസിസി തീരുമാനം.