സ്വന്തം ലേഖകൻ
കണ്ണൂർ: നിയമസഭാ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മണ്ഡലങ്ങളുടെ പരിധികളിൽ തഹസിൽദാർ, ഡെപ്യൂട്ടി തഹസിൽദാർ, റിട്ടേണിംഗ് ഓഫീസർ തസ്തികകളിലേക്ക് ഭരണാനുകൂല സംഘടനയിൽപ്പെട്ട ജീവനക്കാരെ നിയമിച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവ് വിവാദത്തിലേക്ക്.
പുതിയ വോട്ടർമാരെ ചേർക്കുക, തള്ളുക തുടങ്ങിയ വോട്ടേഴ്സ് ലിസ്റ്റുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൈകാര്യം ചെയ്യാൻ ഉത്തരവാദപ്പെട്ട റിട്ടേണിംഗ് ഓഫീസർ, തഹസിൽദാർ, ഇലക്ഷൻ ഡപ്യൂട്ടി തഹസിൽദാർ, ഇലക്ഷൻ ഡപ്യൂട്ടി കളക്ടർ എന്നിവരെ മാറ്റി നിയമിച്ചുകൊണ്ടാണ് സർക്കാർ ഉത്തരവായത്.
വോട്ടേഴ്സ് ലിസ്റ്റിൽ തിരിമറി നടത്തിയും മറ്റും തെരഞ്ഞെടുപ്പ് ഫലം തങ്ങൾക്കനുകൂലമാക്കി മാറ്റുന്നതിനുവേണ്ടി ഇടതുപക്ഷ സർക്കാർ നടത്തിയ നീക്കമാണ് ഇതെന്ന് പ്രതിപക്ഷ സംഘടന നേതാക്കൾ ആരോപിച്ചു.
നിലവിൽ പ്രസ്തുത തസ്തികയിലിരിക്കുന്ന തങ്ങൾക്കു വേണ്ടപ്പെട്ടവരെ നിലനിർത്തുകയും മറ്റുള്ളവരെ മാറ്റി ഇടതുപക്ഷ അനുകൂലികളെ പുതുതായി നിയമിച്ചുവെന്നുമാണ് ആരോപണം. കണ്ണൂർ താലൂക്ക് തഹസിൽദാർ വി.എം.സജീവനെ മഞ്ചേശ്വരം താലൂക്ക് തഹസിൽദാരായാണ് മാറ്റിയിരിക്കുന്നത്. ഇതുപോലെയാണ് മറ്റു നിയമനങ്ങളും നടത്തിയതെന്നാണ് ആരോപണം.
തിരുവനന്തപുരം താലൂക്ക് തഹസിൽദാർ ജി.കെ. സുരേഷ് കുമാർ പുനലൂർ താലൂക്ക് തഹസിൽദാരായും കോന്നി താലൂക്ക് തഹസിൽദാർ സി.ആർ. സോമനാഥൻ നായരെ കോന്നി താലൂക്ക് തഹസിൽദാർ (എൽആർ) ആയും ചേർത്തല താലൂക്ക് തഹസിൽദാർ ആർ. ഉഷയെ എറണാകുളം ജിസിഡിഎയിൽ സ്പെഷൽ തഹസിൽദാർ (എൽആർ) ആയും കണയന്നൂർ താലൂക്ക് തഹസിൽദാർ ബീന പി. ആനന്ദിനെ കോതമംഗലം താലൂക്ക് തഹസിൽദാരായും പുനലൂർ താലൂക്ക് തഹസിൽദാർ ജി. നിർമൽകുമാറിനെ തിരുവനന്തപുരം താലൂക്ക് തഹസിൽദാരായും തിരുവനന്തപുരം ലാൻഡ് ബോർഡ് സീനിയർ സൂപ്രണ്ട് എൻ. ബാലസുബ്രഹ്മണ്യനെ കോന്നി താലൂക്ക് തഹസിൽദാരായും മല്ലപ്പള്ളി താലൂക്ക് തഹസിൽദാർ (എൽആർ) റോയ് തോമസിനെ ചേർത്തല താലൂക്ക് തഹസിൽദാരായും കോതമംഗലം താലൂക്ക് തഹസിൽദാർ എം.ഡി. ലാലുവിനെ കണയന്നൂർ താലൂക്ക് തഹസിൽദാരായും കോന്നി താലൂക്ക് തഹസിൽദാർ (എൽആർ) റോഷ്ന ഹൈദ്രോസിനെ മല്ലപ്പള്ളി താലൂക്ക് തഹസിൽദാർ (എൽആർ) ആയും മാറ്റി.
കൊല്ലം കളക്ടറേറ്റിലെ അജിത് ജോയിയെ തിരുവനന്തപുരം താലൂക്ക് ഇലക്ഷൻ ഡെപ്യൂട്ടി തഹസിൽദാരായും തിരുവനന്തപുരത്തെ കെ.ജി. മോഹൻരാജിനെ കൊല്ലത്തേക്കും ആലപ്പുഴയിലെ പി.എ. സജീവ് കുമാറിനെ കണയന്നൂർ താലൂക്ക് ഇലക്ഷൻ ഡെപ്യൂട്ടി തഹസിൽദാരായും എറണാകുളത്തെ മധുസൂദനൻ നന്പൂതിരിയെ ചേർത്തല താലൂക്ക് ഇലക്ഷൻ ഡെപ്യൂട്ടി തഹസിൽദാരായും കണ്ണൂരിലെ കെ.കെ. ശശിയെ മഞ്ചേശ്വരം താലൂക്ക് ഇലക്ഷൻ ഡെപ്യൂട്ടി തഹസിൽദാരായും പത്തനംതിട്ടയിലെ സി. ഗംഗാധരൻ തന്പിയെ കോന്നി താലൂക്ക് ഇലക്ഷൻ ഡെപ്യൂട്ടി തഹസിൽദാരായും നിയമിച്ചിട്ടുണ്ട്.
നേരത്തെ എ.പി. അബ്ദുള്ളക്കുട്ടി കണ്ണൂർ ലോക്സഭാ മണ്ഡലത്തിൽ ഇടതുപക്ഷ സ്ഥാനാർഥിയായി മത്സരിച്ച ഘട്ടത്തിൽ വോട്ടേഴ്സ് ലിസ്റ്റുമായി നിരവധി വിവാദങ്ങൾ ഉയർന്നിരുന്നു. ലോക്സഭാ പരിധിക്ക് പുറത്തുള്ളവർ മണ്ഡലത്തിലെ വോട്ടർപട്ടികയിൽ ഉൾപ്പെട്ടതും കടയുടെയും മുറിയുടെയും വിലാസത്തിൽ നിരവധിപേർ വോട്ടേഴ്സ് ലിസ്റ്റിൽ കടന്നുകൂടിയതും പിന്നീട് വിവാദമായിരുന്നു. ഇതിനെതിരെ നിയമനടപടികൾ ഉൾപ്പെടെ ആരംഭിച്ചതോടെ അന്ന് ഈ ഡ്യൂട്ടിയിൽ ഏർപ്പെട്ടിരുന്ന ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ഇൻക്രിമെന്റ് വരെ കിട്ടാത്ത സാഹചര്യമുണ്ടായിരുന്നു.