സ്വന്തം ലേഖകൻ
കണ്ണൂർ: കണ്ണൂർ നിയോജക മണ്ഡലത്തിൽ മത്സരിക്കാൻ യുഡിഎഫ് സ്ഥാനാർഥിയായി കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ എത്തിയേക്കും.മുല്ലപ്പള്ളിയെ കണ്ണൂരിൽ മത്സരിക്കാൻ നേതൃത്വത്തോട് നിർദേശിച്ചിരിക്കുന്നത് കെ.സുധാകരനാണെന്ന് സൂചന.
മുല്ലപ്പള്ളിയെ കണ്ണൂരിൽ നിർത്തി ജയിപ്പിച്ചാൽ പകരം മുല്ലപ്പള്ളിയുടെ പിന്തുണയോടെ കെ.സുധാകരൻ കെപിസിസി അധ്യക്ഷ പദവിയിലെത്തിയേക്കും. മുല്ലപ്പള്ളി രാമചന്ദ്രൻ കെപിസിസി അധ്യക്ഷനായതു മുതൽ തദേശതെരഞ്ഞെടുപ്പ് വരെ കെപിസിസി അധ്യക്ഷനെ നിശിതമായി വിമർശിച്ചു വന്നയാളാണ് കെ.സുധാകരൻ.
പലപ്പോഴും മുല്ലപ്പള്ളിയും സുധാകരന് മറുപടി കൊടുത്തിരുന്നു. എന്നാൽ, കെ.സുധാകരനും മുല്ലപ്പള്ളിയും തമ്മിലുള്ള പ്രശ്നങ്ങൾ ഒത്തു തീർന്നു. മുല്ലപ്പള്ളിയെ കണ്ണൂരിൽ മത്സരിക്കാൻ കെ.സുധാകരൻ പരസ്യമായി ക്ഷണിക്കുകയും ചെയ്തിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയനെതിരേ കെ.സുധാകരൻ നടത്തിയ പരാമർശത്തിൽ ചില കോൺഗ്രസ് നേതാക്കൾ വിമർശിച്ചപ്പോഴും സുധാകരന് ആദ്യം പിന്തുണയുമായെത്തിയതും മുല്ലപ്പള്ളി രാമചന്ദ്രനാണ്. മുഖ്യമന്ത്രിയെ വിമർശിച്ചതിൽ ജാതീയമായി ഒന്നുമില്ലെന്നും അത് കണ്ണൂർ രാഷ്ട്രീയത്തിന്റെ ശൈലിയാണെന്നും പറഞ്ഞ മുല്ലപ്പള്ളി രാമചന്ദ്രൻ കോൺഗ്രസിന്റെ ശക്തനായ പടയാളിയാണ് സുധാകരനെന്നും വിശേഷിപ്പിച്ചിരുന്നു.
നിലവിൽ ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി, യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജിൽ മാക്കുറ്റി, അമൃത രാമകൃഷ്ണൻ എന്നിവരുടെ പേരുകളാണ് കണ്ണൂർ മണ്ഡലത്തിലെ പ്രഥമ പരിഗണനയിൽ ഉള്ളത്. മുല്ലപ്പള്ളി കണ്ണൂരിൽ മത്സരിക്കുന്നതിനോട് കോൺഗ്രസിൽ ഒരു വിഭാഗത്തിന് ശക്തമായ എതിർപ്പുണ്ട്.