കൂത്തുപറമ്പ്: ആവശ്യത്തിന് ജീവനക്കാരും വേണ്ടത്ര വാഹനങ്ങളും ഇല്ലാത്തതു കാരണം ജില്ലയിലെ എക്സൈസ് വകുപ്പിന്റെ പ്രവർത്തനം താളം തെറ്റുന്നു.മുമ്പൊരിക്കലും ഇല്ലാത്ത വിധം ലഹരി മാഫിയ വിദ്യാർഥികളെ കൂടി ലക്ഷ്യമിട്ട് പിടിമുറുക്കുമ്പോഴാണ് എക്സൈസ് വകുപ്പ് ഈ ദുരവസ്ഥ നേരിടുന്നത്.ഈ സാഹചര്യം മുതലെടുത്ത് ലഹരി മാഫിയക്കൊപ്പം മദ്യക്കടത്ത് സംഘങ്ങളും വിലസുകയുമാണ്.
എക്സൈസ് വകുപ്പിന്റെ കീഴിൽ ജില്ലയിൽ പന്ത്രണ്ട് റെയ്ഞ്ച് ഓഫീസുകളും നാല് സർക്കിൾ ഓഫീസുകളും മാഹി, കൂട്ടുപുഴ എന്നീ രണ്ട് ചെക്ക് പോസ്റ്റുകളുമാണുള്ളത്.ഇതിനൊപ്പം ജില്ലാ ഓഫീസ്, സ്പെഷൽ സ്ക്വാഡ് എന്നിവയിലുമായി 178 സിവിൽ എക്സൈസ് ഓഫീസർമാരും 62 പ്രിവന്റീവ് ഓഫീസർമാരുമാണ് ഉള്ളത്. ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ വിരമിച്ച് ഒരു മാസം പിന്നിടുമ്പോഴും പുതിയ ഉദ്യോഗസ്ഥനെ നിയമിച്ചിട്ടുമില്ല.
കണ്ണൂർ റെയ്ഞ്ച്, കണ്ണൂർ, ഇരിട്ടി സർക്കിൾ ഓഫീസുകളിലും സ്പെഷൽ സ്ക്വാഡിലും സർക്കിൾ ഓഫീസർമാരുടെ തസ്തികയും ഒഴിഞ്ഞുകിടക്കുകയാണ്. ഏറ്റവും കുറഞ്ഞത് 250 സിവിൽ എക്സൈസ് ഓഫീസർമാരും 75 പ്രിവന്റീവ് ഓഫീസർമാരും ഉണ്ടെങ്കിൽ മാത്രമേ ജില്ലയിൽ എക്സൈസ് വകുപ്പിന്റെ പ്രവർത്തനം വലിയ പരാതികൾക്കിടയാക്കാതെ മുന്നോട്ടു കൊണ്ടുപോകാനാവുകയുള്ളൂ എന്നാണ് വിലയിരുത്തപ്പെടുന്നത്.
ജില്ലയിൽ ആകെയുള്ള രണ്ട് ചെക്ക് പോസ്റ്റുകളിലും ഇരിട്ടി സർക്കിൾ, പിണറായി, തലശേരി, പാപ്പിനിശേരി എന്നീ റെയ്ഞ്ച് ഓഫീസുകളിലും നിലവിൽ വാഹനമില്ല. മാഹി ചെക്ക് പോസ്റ്റിലും ഇരിട്ടി സർക്കിൾ ഓഫീസിനും ഇതുവരെയായി ഒരു വാഹനവും അനുവദിച്ചിട്ടില്ല. അതേസമയം കൂട്ടുപുഴ ചെക്ക് പോസ്റ്റിലേയും പിണറായി, തലശേരി പാപ്പിനിശേരി റെയ്ഞ്ച് ഓഫീസുകളിലയും വാഹനം കട്ടപ്പുറത്താണ്.
പത്ത് വർഷത്തിലധികം പഴക്കമുള്ള അഞ്ച് വാഹനങ്ങൾ ഇപ്പോഴും ജില്ലയിലെ എക്സൈസ് വകുപ്പിനുണ്ട്. ഇവയ്ക്ക് പകരം പുതിയ വാഹനങ്ങൾ അനുവദിക്കണമെന്ന ആവശ്യവും പരിഗണിക്കപ്പെട്ടില്ല. മൂന്നു മുതൽ ആറുവരെ പോലീസ് സ്റ്റേഷനുകളുടെ പരിധിയുണ്ട് ഒരു എക്സൈസ് റേഞ്ച് ഓഫീസിന്. പല എക്സൈസ് റേഞ്ച് ഓഫീസുകളിലും 25 സിവിൽ എക്സൈസ് ഓഫീസർമാർ വേണ്ടയിടത്ത് കേവലം പത്തിനും പതിനഞ്ചിനും ഇടയിൽ മാത്രമാണ് ഉള്ളത്. 1968 ലെ സ്റ്റാഫ് പാറ്റേൺ പ്രകാരമാണ് ഇന്നും എക്സൈസ് വകുപ്പിന്റെ പ്രർത്തനം.
ഓരോ മാസവും 40 മുതൽ 50 വരെ മയക്കുമരുന്നുമായി ബന്ധപ്പെട്ടതും 200 മുതൽ 300 വരെ മറ്റ് കേസുകളും ജില്ലയിൽ എക്സൈസ് ഓഫീസുകളിൽ രജിസ്റ്റർ ചെയ്യുന്നുണ്ടെന്നാണ് കണക്ക്. മയക്ക് മരുന്ന് മാഫിയയെ നിയന്ത്രിക്കാനുള്ള പ്രവർത്തനങ്ങൾക്കാണ് എക്സൈസ് വകുപ്പ് മുഖ്യപ്രാധാന്യം നലകി യിരിക്കുന്നത്. എന്നാൽ ആവശ്യത്തിന് ജീവനക്കാരോ വാഹനങ്ങളോ ഇല്ലാത്തതു കാരണം പരാതികളും മറ്റും അന്വേഷിക്കാനോ വിമുക്തി പോലെയുള്ള ബോധവല്ക്കരണ പ്രവർത്തനങ്ങളെല്ലാം മുന്നോട്ടു കൊണ്ടുപോകാനാകാത്ത അവസ്ഥയിലാണ് ജില്ലയിലെ എക്സൈസ് വകുപ്പ്.