ബംഗളൂരു: യശ്വന്തപുര- കണ്ണൂർ എക്സ്പ്രസ് ബാനസവാഡിയിൽ നിന്ന് തിരികെ യശ്വന്തപുരയിലേക്ക് മാറ്റാനുള്ള റെയിൽവേയുടെ തീരുമാനം മലയാളികളുടെ കൂട്ടായ്മയുടെ കൂടി വിജയമായി. ബാനസവാഡിയിലേക്ക് സ്റ്റേഷൻ മാറ്റിയതിനു പിന്നാലെ മലയാളി സംഘടനകളുടെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധപരിപാടികളാണ് നടത്തിയത്. പ്രത്യക്ഷസമരത്തിനൊപ്പം സാമൂഹ്യമാധ്യമങ്ങളിലും പ്രതിഷേധം ആളിക്കത്തിയിരുന്നു.
ഇതിനു പിന്നാലെ വിവിധ മലയാളി സംഘടനകളുടെ നേതൃത്വത്തിൽ റെയിൽവേയ്ക്കും കേന്ദ്രമന്ത്രി സദാനന്ദഗൗഡയ്ക്കും നിവേദനം നല്കുകയും ചെയ്തിരുന്നു. ഈ നിവേദനം കേന്ദ്ര റെയിൽവേ മന്ത്രി പീയൂഷ് ഗോയലിന് കൈമാറിയതോടെയാണ് ട്രെയിൻ മാറ്റാൻ നടപടിയുണ്ടായത്.
ഫെബ്രുവരി നാലിനാണ് യശ്വന്തപുര- കണ്ണൂർ എക്സ്പ്രസ് (16527- 28) യശ്വന്തപുരയ്ക്ക് പകരം ബാനസവാഡിയിലേക്ക് മാറ്റിയത്. ഇതോടെ കർമലാരാമിലും ബാനസവാഡിയിലും മാത്രമാണ് നഗരത്തിൽ ട്രെയിനിനു സ്റ്റോപ്പുള്ളത്.
മലബാർ മേഖലയിൽ നിന്നുമുള്ള മലയാളികളുടെ ഏക ആശ്രയമായ യശ്വന്തപുര കണ്ണൂർ എക്സ്പ്രസ് അസൗകര്യങ്ങളാൽ വീർപ്പുമുട്ടുന്ന ബാനസവാഡിയിലേക്ക് മാറ്റിയത് യാത്രാക്ലേശം ഇരട്ടിയാക്കി. യശ്വന്തപുരയിൽ നിന്നു മാറ്റിയതിനു ശേഷം യശ്വന്തപുര- ശിവമോഗ, യശ്വന്തപുര- മംഗളൂരു എക്സ്പ്രസുകൾ ഇവിടെനിന്ന് പുതുതായി ആരംഭിച്ചിരുന്നു.
ട്രെയിൻ മാറ്റിയതിനെ തുടർന്ന് യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടുകൾ കേന്ദ്രമന്ത്രിക്ക് ബോധ്യമായതോടെയാണ് തീരുമാനം പിൻവലിക്കാൻ നടപടിയായത്. ട്രെയിൻ യശ്വന്തപുരയിലേക്ക് തിരികെക്കൊണ്ടുവരാൻ തീരുമാനമായെങ്കിലും പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി കൂടി ആവശ്യമുണ്ട്. ഇതുമായി ബന്ധപ്പെട്ട ഫയൽ കർണാടക തെരഞ്ഞെടുപ്പ് കമ്മീഷൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് അയച്ചു.