തലശേരി: “കന്യകയെ പരിചയപ്പെടുത്തിയാൽ ഏജന്റായ യുവതിക്ക് കമ്മീഷനായി പതിനായിരം രൂപ ലഭിക്കും. പെൺകുട്ടി വഴങ്ങിക്കഴിഞ്ഞാൽ കമ്മീഷൻ തുക കാൽ ലക്ഷമായി ഉയരും’… തലശേരിയിലെ അതിസന്പന്നർക്കു വേണ്ടി അതീവ രഹസ്യമായി പ്രവർത്തിക്കുന്ന സെക്സ് റാക്കറ്റിനെ കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് രാഷ്ട്രദീപിക നടത്തിയ അന്വേഷണത്തിൽ ലഭിച്ചത്.
പെൺകുട്ടിയെ പിടിക്കാൻ ശ്രമിച്ച സന്പന്നനെ ബിജെപി നേതാവ് അടിച്ചു വീഴ്ത്തി
തലശേരിയിൽ കഴിഞ്ഞദിവസം അരങ്ങേറിയ ഒരു സംഭവം കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയപ്പോഴാണ് രാഷ്ട്രദീപികക്ക് ഞെട്ടിക്കുന്ന വിവരങ്ങൾ ലഭിച്ചത്. സംഭവം ഇങ്ങനെ…
കഴിഞ്ഞദിവസം നഗരമധ്യത്തിലെ പ്രമുഖ കെട്ടിടത്തിലെ ഓഫീസിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. സെക്സ് റാക്കറ്റിന്റെ ഏജന്റിന്റെ കെണിയിൽപെട്ട് അതിസന്പന്നന്റെ ഓഫീസിൽ ജോലിക്കായി എത്തിയ പതിനെട്ടുകാരിയെ സന്പന്നൻ കടന്നുപിടിക്കാൻ ശ്രമിച്ചു. എതിർത്ത പെൺകുട്ടി വിവരം സഹോദരനെയും അച്ഛനെയും അറിയിച്ചു. മുൻ കൗൺസിൽ കൂടിയായ ബിജെപി നേതാവിന്റെ നേതൃത്വത്തിലെത്തിയ ബന്ധുക്കൾ സന്പന്നനെ അടിച്ചുവീഴ്ത്തി. അടികൊണ്ട് നിലത്തുവീണ സന്പന്നന്റെ നടുവുളുക്കി.
പ്രവാസ ലോകത്ത് നിന്നും വർഷങ്ങൾക്കു മുന്പ് കോടീശ്വരനായി നാട്ടിലെത്തുകയും നഗരത്തിൽ കെട്ടിട സമുച്ചയങ്ങൾ പണിതുയർത്തുകയും ചെയ്ത വ്യാപാരിക്കാണ് മൂന്നാംതവണയും കന്യക മോഹം കൂടി തടി കേടാക്കേണ്ടി വന്നത്. ഇയാളെ മുന്പ് ഇയാളുടെ സ്വന്തം വീട്ടിൽ വച്ച് തന്നെ സമാനമായ വിഷയത്തിൽ നാട്ടുകാർ കൈകാര്യം ചെയ്തിരുന്നു.
ഇയാൾ ഉൾപ്പെടെയുള്ള സന്പന്നർക്കു കന്യകകളെ തേടിപിടിച്ചുകൊണ്ടുവരാൻ പ്രത്യേക സംഘമാണ് ഇപ്പോൾ നഗരത്തിൽ പ്രവർത്തിച്ചുവരുന്നത്. നിർധന കുടുംബത്തിലെ പെൺകുട്ടികളെയാണ് ഇവർ കുടുക്കുന്നത്.പെൺകുട്ടികളുടെ വീട്ടിലെ സാഹചര്യം മനസിലാക്കി ജോലിക്കെന്ന വ്യാജേന സന്പന്നമാരുടെ ഓഫീസുകളിൽ എത്തിക്കലാണ് യുവതികളടങ്ങിയ സെക്സ് റാക്കറ്റിന്റെ ആദ്യ ദൗത്യം. പെൺകുട്ടികളെ മോഹന വാഗ്ദാനങ്ങൾ നൽകിയും മറ്റും വരുതിയിൽ എത്തിക്കേണ്ട ദൗത്യം ഓഫീസിലെ ചില സ്റ്റാഫുകളും ഏറ്റെടുക്കാറുണ്ടത്രെ.
പ്ലസ്ടു കഴിഞ്ഞുനിൽക്കുന്ന പെൺകുട്ടിയെയാണ് തന്ത്രത്തിൽ യുവതിയായ ഏജന്റ് സന്പന്നന്റെ ഓഫീസിലെത്തിച്ചത്. ആദ്യദിവസം പെൺകുട്ടിയുടെ കൈയിൽ മുത്തം കൊണ്ടുത്തുകൊണ്ടായിരുന്നു സന്പന്നന്റെ ഞരന്പ് രോഗത്തിന്റെ തുടക്കം. പിന്നീട് താൻ ബിസിനസ് ടൂറിന് പോകുന്പോൾ കൂടെ വരണമെന്നും പേഴ്സണൽ സ്റ്റാഫ് എന്ന നിലക്ക് തന്റെ കൂടെ സ്റ്റാർ ഹോട്ടലിലെ മുറിയിൽ കഴിയാമെന്നും ഇയാൾ പെൺകുട്ടിയോട് പറഞ്ഞു. ഇതിനിടയിൽ ഇയാളുടെ പെരുമാറ്റം അതിരു കടന്നതോടെ പെൺകുട്ടി സഹോദരനെയും അച്ഛനെയും വിവരമറിയിച്ചു.
ഞൊടിയിൽ പെൺകുട്ടിയുടെ അച്ഛന്റെ സുഹൃത്ത് കൂടിയായ ബിജെപി നേതാവിന്റെ നേതൃത്വത്തിൽ ആളുകൾ ഓഫീസിലെത്തി. സന്പന്നനെ ബിജെപി നേതാവ് ഫോണിൽ വിളിച്ചുവരുത്തുകയായിരുന്നു. ഞങ്ങൾ വീട്ടിലേക്ക് വരണോ അതോ താൻ ഓഫീസിലേക്ക് വരുമോ എന്ന ചോദ്യത്തിന് വീട്ടിൽ ഒരു പരിപാടി നടക്കുകയാണെന്നും ഇങ്ങോട്ട് വരരുതെന്നും ഉടൻ ഓഫീസിലെത്താമെന്നുമായിരുന്നു സന്പന്നന്റെ മറുപടി.
ഓഫീസിലെത്തിയ സന്പന്നന്റെ മുഖത്ത് ആദ്യ അടി വീണു. പിന്നെ ചവിട്ടി വീഴ്ത്തി. ഇതോടെ കരഞ്ഞു കാലുപിടിച്ച സന്പന്നനെ വന്നവർ താക്കീത് ചെയ്തു വിട്ടയച്ചു. മുത്തച്ഛന്റെ പ്രായമുള്ളയാൾ കൈകകളിൽ മുത്തിയപ്പോൾ ആസ്വാഭാവികത ഒന്നും തോന്നിയില്ലെന്നും എന്നാൽ അതിരു കടന്നപ്പോഴാണ് താൻ വിവരം സഹോദരനെ അറിയിച്ചതെന്നും പെൺകുട്ടി വിവരമറിഞ്ഞ എത്തിയവരോട് പറഞ്ഞു.
സംഭവത്തിൽ പരാതി കൊടുക്കാനാണ് ആദ്യം ആലോചിച്ചത്. എന്നാൽ പെൺകുട്ടിയുടെ ഭാവി ഓർത്തും രക്ഷിതാക്കളുടെ സങ്കടം കൊണ്ടുമാണ് പരാതി നൽകുന്നതിൽനിന്നു പിന്മാറിയതെന്നും ബിജെപി നേതാവ് രാഷ്ട്രദീപികയോട് പറഞ്ഞു.
പെൺവിഷയത്തിൽ അടി വാങ്ങുന്നത് മൂന്നാം തവണ
സമാനമായ രീതിയിൽ മുന്പും മൂന്നുതവണ ഇയാൾ നാട്ടുകാരുടെ അടിവാങ്ങിയിട്ടുണ്ടെന്നു ദേശവാസികൾ പറഞ്ഞു. മുന്പ് ഇയാളുടെ ഏജന്റായി പ്രവർത്തിച്ച ഡ്രൈവിംഗ് സ്കൂൾ പരിശീലകയായ യുവതി തന്ത്രപരമായി എത്തിച്ച പതിനെട്ടുകാരിയെ ഇയാൾ വളക്കാൻ ശ്രമിച്ചപ്പോഴാണ് മുന്പ് നാട്ടുകാർ കൈ വച്ചത്. വിവാഹം നിശ്ചയിച്ച യുവതിയെയായിരുന്നു അന്ന് ഇയാൾ കൈകാര്യം ചെയ്യാൻ ശ്രമിച്ചത്.
പെൺകുട്ടികളെ ഡ്രൈവിംഗ് പരിശീലിപ്പിക്കുന്നതിനിടയിൽ സന്പന്നന്റെ ബംഗ്ലാവിനു മുന്നിൽ വാഹനമെത്തുന്പോൾ പരിശീലകക്ക് ടോയ്ലെറ്റിൽ പോകാൻ തോന്നും. ഇതോടെ കാർ ബംഗ്ലാവിനുള്ളിലേക്ക് കയറും. കാറിലുള്ള പെൺകുട്ടികളെ പരിശീലക തന്ത്രപരമായി ബംഗ്ലാവ് കാണിച്ചുകൊടുക്കും. ഇതിനിടയിൽ സന്പന്നൻ രംഗത്തുവരികയും പെൺകുട്ടികളെ പരിചയപ്പെടുകയുമാണ് പതിവ്. പിന്നീട് പെൺകുട്ടികളെ വലയിൽ വീഴ്ത്തുകയുമാണ് ഇയാളുടെ ആദ്യകാലത്തെ പതിവ്. പിന്നീടാണ് തന്റെ വിഹാരകേന്ദ്രം ഓഫീസാക്കി മാറ്റിയത്.