കണ്ണൂർ: ഒരു ഫോൺ കോളിലൂടെ രേഖകളൊന്നും ഹാജരാക്കാതെ തന്നെ പാചകവാതകത്തിന്റെ പുതിയ കണക്ഷനുംറീഫില്ലും ചെയ്തു കൊടുക്കുന്ന പദ്ധതി ജില്ലയിലും. അഴീക്കോട്, പൂതപ്പാറ, ഗൃഹ ജ്യോതി ഗ്യാസ് ഏജൻസിയിൽ പദ്ധതിക്ക് തുടക്കമായി. ആദ്യ ഘട്ടമായി അഴീക്കോട് ചിറക്കൽ, വളപട്ടണം എന്നീ ഗ്രാമ പഞ്ചായത്തു പ്രദേശങ്ങളിലും കണ്ണൂർ കോർപറേഷൻ ഏരിയയിലും ഇതു ലഭ്യമാകും.
ഓരോ ഗ്രാമപഞ്ചായത്തിലും പ്രമോട്ടർമാർ വഴി വിതരണ സംവിധാനം പൂർണമാകുന്നതോടെ ജില്ലയിൽ മുഴുവൻ ഈ സേവനം ലഭ്യമാകുമെന്ന് വളപട്ടണം ഹൈവേ ഫ്യൂവൽസിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ കോഴിക്കോട് ഇൻഡേൻ ഏരിയ മാനേജർ എസ്.എസ്.ആർ. കൃഷ്ണമൂർത്തി പറഞ്ഞു.
ഇന്ത്യൻ ഓയിൽ കോർപറേഷന്റെ എല്ലാ പെട്രോൾ പന്പുകളിലും താമസമില്ലാതെ സിലിണ്ടറുകൾ ലഭ്യമാകും. ജില്ലയിലെ പെട്രോൾപന്പിലൂടെ ഗ്യാസ് സിലിണ്ടർ വിതരണം ചെയ്യുന്ന പരിപാടിയുടെ ഉദ്ഘാടനം വളപട്ടണം ഹൈവേ ഫ്യൂവൽസിൽ റീട്ടെയിൽ സെയിൽസ് മാനേജർ പി.വി. അജിത്ത് ഉദ്ഘാടനം ചെയ്തു.
അഞ്ചു കിലോ സിലിണ്ടർ കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ വിതരണത്തിനായുള്ള മൊബൈൽ യൂണിറ്റ് കോഴിക്കോട് സീനിയർ സെയിൽസ് മാനേജർ ആർ. മലർ വിഴി ഉദ്ഘാടനം ചെയ്തു. എൽപിജിയിൽ പ്രവർത്തിക്കുന്ന ഇസ്തിരിപ്പെട്ടിയുടെ വിതരണോദ്ഘാടനം ആൾ ഇന്ത്യ ഇൻഡേൻ ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ ഭാരവാഹികളായ എ.എം. ഹരി നാരായണൻ, എം. ജയകൃഷ്ണൻ എന്നിവർ നിർവഹിച്ചു.
മൊബൈൽ വിതരണ യൂണിറ്റ് കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ എല്ലാ പഞ്ചായത്തുകളും സന്ദർശിക്കും. നിലവിൽ ഗ്യാസ് കണകഷനുള്ള വീടുകളിലും അഡീഷണൽ അടുപ്പിനായി രേഖകളില്ലാതെ ഗ്യാസ് സിലിണ്ടറുകൾ ലഭ്യമാകും.
ഓരോ ഗ്രാമപഞ്ചായത്തിലും സിലിണ്ടർ വിതരണത്തിനുള്ള പ്രൊമോട്ടർമാരുടെ ജോലി ഒഴിവുമുണ്ടെന്ന് ഗൃഹ ജ്യോതി ഇൻഡേൻ ഗ്യാസ്പ്രൊപ്പൈറ്റർ പി.പി. ജോണ്സണ് അറിയിച്ചു. ചടങ്ങിൽ കണ്ണൂർ എൽപിജി സെയിൽസ് മാനേജർ, ബി. ചിത്, ഹൈവേ ഫ്യൂവൽസ്, പ്രൊപ്രൈറ്റർ ശശീന്ദ്രൻ എന്നിവർ പ്രസംഗിച്ചു. വിശദവിവരങ്ങൾക്കും ഗ്യാസ് കണക്ഷനും ഫോൺ: 0497274 1178.