സൗഹൃദങ്ങളെ തെറ്റിദ്ധരിക്കുകയെന്നത് മനുഷ്യന്റെ സ്വഭാവമാണ്. പ്രത്യേകിച്ചും മലയാളികളുടെ. ഒരാണും പെണ്ണും ഒന്നു സംസാരിച്ചാലോ ഒന്നിച്ച് നടന്നാലോ തെറ്റായ ബന്ധമെന്നാണ് പലരുടെയും ചിന്ത. രണ്ടു പെണ്ണുങ്ങള് തമ്മിലുള്ള സൗഹൃദത്തിന് നല്കുന്നതാകട്ടെ മറ്റ് അര്‍ത്ഥങ്ങളും. ഇത്തരത്തില്‍ വീട്ടുകാരുടെയും നാട്ടുകാരുടെയും സംശയദൃഷ്ടിയോടെയുള്ള നോട്ടത്തില്‍ നിന്ന് രക്ഷപ്പെടാന്‍ മൂന്നു പെണ്‍കുട്ടികള്‍ നടത്തിയ ഒളിച്ചോട്ടമാണ് കണ്ണൂരില്‍ ഇപ്പോള്‍ ചര്‍ച്ചാവിഷയം.
പേരാവുര്‍ സ്വദേശിനികളാണ് മൂന്നുപേരും. ഒരാള്‍ പത്താംക്ലാസ് വിദ്യാര്‍ഥിനി. മറ്റു രണ്ടു പേരും പ്ലസ് വണ്‍ വിദ്യാര്‍ഥിനികളും. പേരാവൂരില്‍ നിന്നും കണ്ണൂര്‍ വഴി ഇവര്‍ നേരെ പോയത് പറശ്ശിനിക്കടവ് ശ്രീ മുത്തപ്പന് ക്ഷേത്രത്തിലേക്കാണ്. അവിടെ പ്രാര്‍ഥനയ്ക്കുശേഷം മൂന്നുപേരും യാത്രയ്ക്കുള്ള പദ്ധതി ആസൂത്രണം ചെയ്യുകയായിരുന്നു. ഇതിനിടെയാണ് പെണ്‍കുട്ടികളുടെ നീക്കത്തില്‍ സംശയം തോന്നിയ പിങ്ക് പട്രോള്‍ നീരീക്ഷണത്തില്‍ പെട്ടത്. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് നാടുവിടാനുള്ള പുറപ്പാടാണെന്ന് മനസിലാകുന്നത്.
കാര്യങ്ങള്‍ വിശദമായി ചോദിച്ചറിഞ്ഞപ്പോഴാണ് തങ്ങളെ ലെസ്ബിയന്മാരായാണ് നാട്ടുകാര്‍ കാണുന്നതെന്ന് പെണ്‍കുട്ടികള്‍ പോലീസിനോട് പറഞ്ഞത്. കളിയാക്കലും കുത്തുവാക്കുകളും അസഹനീയമായപ്പോഴാണത്രേ നാടുവിടാന്‍ തീരുമാനമെടുത്തത്. നല്ല രീതിയിലുള്ള സൗഹൃദമായിരുന്നു തങ്ങളുടേതെന്ന് ഇവര്‍ ആണയിടുന്നു. വഴി വിട്ടൊന്നും ഞങ്ങളുടെ ചിന്തയിലേയില്ല. സുഖവും വേദനകളും പരസ്പരം പങ്കുവെക്കാറുമുണ്ട്. എന്നിട്ടും ഞങ്ങളുടെ സൗഹൃദത്തെ വീട്ടുകാരും ബന്ധുക്കളും സംശയത്തോടെയാണ് കാണുന്നത്. അതിനാലാണ് വീടും നാടും വിട്ട് ഞങ്ങള്‍ എങ്ങോട്ടെങ്കിലും പോകാമെന്നു വെച്ചതെന്നും പെണ്‍കുട്ടികള്‍ പൊട്ടിക്കരഞ്ഞുകൊണ്ട് പറഞ്ഞു. കുട്ടികളെ ആശ്വസിപ്പിച്ച പിങ്ക് പോലീസുകാര്‍ കണ്ണൂരിലെ വനിതാ പോലീസ് സ്റ്റേഷനില്‍ കുട്ടികളെ എത്തിച്ചു. തുടര്‍ന്ന് പേരാവൂരിലുള്ള ബന്ധുക്കളെ വിളിച്ചു വരുത്തുകയും അവര്‍ക്കൊപ്പം കുട്ടികളെ പറഞ്ഞയയ്ക്കുകയും ചെയ്തു.