മട്ടന്നൂർ(കണ്ണൂർ): കണ്ണൂർ രാജ്യാന്തര വിമാനത്താവളം വഴി കടത്തുകയായിരുന്ന ലക്ഷങ്ങൾ വിലമതിക്കുന്ന സ്വർണം പിടികൂടി. പിണറായി സ്വദേശിയിൽ നിന്നാണ് രണ്ടു കിലോഗ്രാം സ്വർണം പിടികൂടിയത്. വിമാനത്താവളം പ്രവർത്തനം ആരംഭിച്ചു പതിനാറാം ദിവസമാണ് ആദ്യ സ്വർണക്കടത്ത് ഡിആർഐയും കസ്റ്റംസും ചേർന്നു പിടികൂടിയത്.
ഇന്നലെ വൈകുന്നേരം ആറിന് അബുദാബിയിൽ നിന്ന് എയർഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ കണ്ണൂർ വിമാനത്താവളത്തിലെത്തിയ യാത്രക്കാരനിൽ നിന്നാണ് സ്വർണം പിടികൂടിയത്. ഉണ്ണിയപ്പം ഉണ്ടാക്കാനുള്ള ഇലക്ട്രിക് അപ്പച്ചട്ടിയുടെ ഹീറ്റർ കോയിലിലും പ്ലേറ്റിലുമായി ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണ ബിസ്കറ്റുകളുണ്ടായിരുന്നത്.
പരിശോധനയിൽ സ്വർണം കണ്ടെത്തിയതോടെ യാത്രക്കാരനെ ഡിആർഐ കസ്റ്റഡിയിലെടുത്തു. തുടർന്നുള്ള ചോദ്യം ചെയ്യലിൽ അബുദാബിയിൽ നിന്ന് ഒരാൾ തന്നതാണെണും വിമാനത്താവളത്തിൽ നിന്നു പുറത്തിറങ്ങിയാൽ സ്വർണം വാങ്ങുമെന്നും പറഞ്ഞതായും പിടിയിലായ പിണറായി സ്വദേശി പറഞ്ഞതായാണ് വിവരം. കടത്തുകാരനെ കാത്തിരിക്കുകയായിരുന്നതെന്നു സംശയിക്കുന്ന ചിലരും കസ്റ്റഡിയിലുണ്ട്.
വിമാനത്താവളത്തിലുണ്ടായിരുന്ന കാറിൽ ഇവർ കടത്തുകാരനെ കാത്തിരിക്കുകയായിരുന്നുവെന്നാണ് വിവരം. ഉദ്ഘാടനം കഴിഞ്ഞു രണ്ടാഴ്ചയ്ക്കുള്ളിലാണ് കണ്ണൂർ വിമാനത്താവളത്തിൽ സ്വർണക്കടത്തിനു ശ്രമമുണ്ടായത്. പിടിയിലായവരെ ചോദ്യം ചെയ്തു വരികയാണ്.