കണ്ണൂർ: സാമൂഹ്യ നീതി വകുപ്പിന്റെ ഓഫീസിൽ വിവിധ ആവശ്യങ്ങൾക്കായി എത്തുന്നവർ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ കാണണമെങ്കിൽ വിയർക്കണം. ഓഫീസിനകത്ത് കയറിയാൽ നിന്നു തിരിയാൻ പോലും ഇടമില്ല. ഇരിക്കാൻ കസേരയില്ല. നിന്നു വേണം ഉദ്യോഗസ്ഥരോടു കാര്യങ്ങൾ ബോധിപ്പിക്കാൻ. സാമൂഹ്യക്ഷേമ ഓഫീസിൽ ആവശ്യങ്ങളുമായി എത്തുന്നവരാകട്ടെ സമൂഹത്തിൽ താങ്ങും തണലും ലഭിക്കേണ്ടവരാണ്.
വിധവകൾക്കും വയോധികർക്കും ക്ഷേമാനുകൂല്യങ്ങൾ, ഭിന്നശേഷിക്കാർക്കുള്ള ഉപകരണങ്ങൾ, ട്രാൻജെൻഡറുകൾക്കുള്ള ധനസഹായം എന്നിവയാണ് പ്രധാനമായും സാമൂഹ്യ നീതി വകുപ്പിൽ നിന്നും ലഭ്യമാകുന്ന സേവനങ്ങൾ. വിവിധ ആവശ്യങ്ങൾക്കായി ദിനംപ്രതി നൂറോളം പേർ ഇവിടെ എത്തുന്നുണ്ട്.
സാമൂഹ്യ നീതി ഓഫീസിനകത്ത് തന്നെ വനിതകൾക്കും കുട്ടികൾക്കുമുള്ള ഓഫീസും പ്രവർത്തിക്കുന്നുണ്ട്. ജീവനക്കാർക്ക് പ്രത്യേക കാബിനുകളായി തരംതിരിച്ചിട്ടുണ്ടെങ്കിലും കഷ്ടിച്ച് ഒരു ജീവനക്കാരന് മാത്രമേ ഇരിക്കാൻ സാധിക്കുകയുള്ളൂ. ആവശ്യങ്ങളുമായി എത്തുന്നവർ കാബിന്റെ മുന്നിൽ നിന്നു വേണം കാര്യങ്ങൾ ഉദ്യോഗസ്ഥരോട് സംസാരിക്കാൻ. ഇരുപതോളം ജീവനക്കാർ ജോലിചെയ്യുന്നുണ്ട്.
സ്ഥലപരിമിതി കാരണം ഇവിടെ ഫയലുകൾ തട്ടിൻപുറത്തും ഓഫീസ് മൂലയിലും കൂട്ടിയിട്ടിരിക്കുന്നു. കൂടാതെ അംഗപരിമിതർക്കുള്ള വീൽചെയർ, ഊന്നുവടികൾ എന്നിവ കാബിനകത്തു കൂട്ടിയിട്ടനിലയിലാണ്. മാത്രമല്ല ഈ ഓഫീസുകളിൽ എത്തിചേരുവാൻ ഒരു പ്രവേശനവഴി മാത്രമാണുള്ളത്.
തൊട്ടടുത്തായി പ്രവർത്തിക്കുന്ന താലൂക്ക് സപ്ലൈഓഫീസിൽ റേഷൻ കാർഡ് സംബന്ധമായി എത്തുന്നവർ വരിനിൽക്കുന്നത് സാമൂഹ്യ നീതി വകുപ്പിന്റെ ഓഫീസിനു മുന്നിലെ റാബിലാണ്. ഓഫീസിന്റെ സ്ഥലപരിമിതിയെ കുറിച്ച് ഉദ്യോഗസ്ഥർ തന്നെ നിരവധി തവണ പരാതിപെട്ടെങ്കിലും അധികൃതരുടെ ഭാഗത്തുനിന്നും യാതൊരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല.
വനിതാ ജീവനക്കാർ “ശങ്കയകറ്റാൻ’ റിസ്ക് എടുക്കണം
പത്തിലധികം വനിതാ ജീവനക്കാരുണ്ട് സാമൂഹ്യ നീതി വകുപ്പിൽ കണ്ണൂരിലെ ഓഫീസിൽ. എന്നാൽ ജീവനക്കാർക്ക് ഉപയോഗിക്കാൻ ഇവിടെ ഒരു ടോയ്ലറ്റുപോലുമില്ല. തൊട്ടടുത്തുപ്രവർത്തിക്കുന്ന താലൂക്ക് സപ്ലൈ ഓഫീസിൽ ചെന്നു വേണം കാര്യം സാധിക്കാൻ. മാത്രമല്ല ഭക്ഷണം കഴിച്ചാൽ കൈകഴുകാൻ പോലും സൗകര്യമില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി വനിതാ ജീവനക്കാർ നിരവധി തവണ പരാതിപ്പെട്ടെങ്കിലും അധികൃതരുടെ ഭാഗത്തുനിന്നും യാതൊരു നടപടിയും ഉണ്ടായിട്ടില്ല.