പി. ജയകൃഷ്ണൻ
കണ്ണൂര്‍: സർക്കാർ ഏറ്റെടുത്തതോടെ മലബാറിന്റെ ആരോഗ്യ മേഖലയ്ക്ക് മുതൽക്കൂട്ടാകുമെന്നു കരുതിയ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ജീവൻ നിലനിർത്താനായി പാടുപെടുന്നു. സർക്കാർ ഫണ്ട് ലഭിക്കാതായതോടെയാണ് മറ്റു വരുമാന സ്രോതസുകളടഞ്ഞ പരിയാരം ഗവ. മെഡിക്കൽ കോളജ് സംസ്ഥാന സർക്കാരിന്റെ കനിവു കാത്ത് വെന്റിലേറ്ററിൽ കഴിയുന്നത്. സര്‍ക്കാര്‍ ഏറ്റെടുത്തുവെങ്കിലും ഇന്നേവരെ ഒരു പൈസപോലും സര്‍ക്കാര്‍ ഫണ്ടില്‍നിന്ന് മെഡിക്കല്‍ കോളജിന് ലഭിച്ചിട്ടില്ല. കിഫ്ബി ഫണ്ടില്‍നിന്ന് 300 കോടി രൂപയുടെ വികസന രൂപരേഖ തയാറാക്കിയതു മാത്രമാണ് സര്‍ക്കാരിന്റെ ഇടപെടല്‍.
മുഖ്യമന്ത്രി, ബന്ധപ്പെട്ട വകുപ്പ് കൈയാളുന്ന ആരോഗ്യമന്ത്രി ഉൾപെടെ കണ്ണൂരുകാരായ അഞ്ചു മന്ത്രിമാർ സംസ്ഥാന ഭരണത്തിലുള്ളപ്പോഴാണ് എൽഡിഎഫ് സർക്കാർ കൊട്ടിഘോഷിച്ച് ഏറ്റെടുത്ത പരിയാരം മെഡിക്കൽ കോളജിന് ഈ ദുർഗതി. കണ്ണൂർ ജില്ലയ്ക്ക് സർക്കാർ തലത്തിൽ ഒരു മെഡിക്കൽ കോളജ് എന്ന ജനങ്ങളുടെ വർഷങ്ങളുടെ കാത്തിരിപ്പാണ് പരിയാരം സഹകരണ മെഡിക്കൽ കോളജ് സർക്കാർ ഏറ്റെടുത്തതോടെ പൂവണിഞ്ഞത്.
എന്നാൽ സർക്കാരിന്റെ കൈവശം കോളജ് എത്തിയതല്ലാതെ അതിന്റെ പ്രയോജനം ഇനിയും ജനത്തിന് കിട്ടിയിട്ടില്ല. സ്വകാര്യ ആശുപത്രികളോട് ഉന്നതങ്ങളിലെ ചിലർക്കുള്ള താൽപര്യവും പരിയാരത്തിന് തിരിച്ചടിയാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
പ്രതിമാസം വേണ്ടത് 15 കോടി
സര്‍ക്കാര്‍ ഏറ്റെടുത്തതിനു ശേഷം പരിയാരം മെഡിക്കല്‍ കോളജിന്റെ പ്രവര്‍ത്തനം പൂർണമായും താളം തെറ്റി. ജീവനക്കാരുടെ ശമ്പളമടക്കമുള്ള ആനുകൂല്യങ്ങള്‍ മുടങ്ങുന്നതും പതിവായി. കാരുണ്യയുടെ കുടിശിക ഇനത്തിൽ 20 കോടി അനുവദിച്ചതല്ലാതെ ചില ഉന്നത ഉദ്യോഗസ്ഥരുടെ പിടിവാശി കാരണം മറ്റു തുകകളൊന്നു ലഭിക്കാത്തതിനാൽ മെഡിക്കൽ കോളജിലെ ദൈന്യംദിന പ്രവർത്തനങ്ങൾ പോലും മുടങ്ങുകയാണ്. ആശുപത്രിയുടെ പേരിൽ ട്രഷറി അക്കൗണ്ടുപോലും ആരംഭിക്കാനായിട്ടില്ല.
സഹകരണ സ്ഥാപനമായിരുന്ന ഘട്ടത്തിൽ ഹോസ്പ്പിറ്റൽ ഫണ്ടിനത്തിൽ മാത്രം പത്തുകോടി രൂപ ആശുപത്രിക്ക് ലഭിച്ചിരുന്നു. മെഡിക്കൽ, നഴ്സിംഗ് വിദ്യാർഥികളുടെ ഫീസിനത്തിൽ മാത്രം ഏഴരക്കോടി രൂപയോളമാണ് പ്രതിമാസം ലഭിച്ചിരുന്നത്. ബാക്കി തുക ഫീസനത്തിലും മറ്റുമായി ലഭിച്ചിരുന്നു. ആ സ്ഥാനത്ത് ഇന്ന് ഒരു കോടി രൂപയുടെ വരുമാനം പോലും പ്രതിമാസം മെഡിക്കൽ കോളജിനില്ല.
ശന്പളത്തിനുമാത്രം എട്ടുകോടി
100 എംബിബിഎസ് സീറ്റുകളും 37 പിജി സീറ്റുകളുമുള്ള കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ 1938 ജീവനക്കാരാണ് ഉള്ളത്. ഇവർക്ക് ശന്പളം നല്കാൻ മാത്രം പ്രതിമാസം എട്ടുകോടിയോളം രൂപ വേണം. ഒരു കോടി രൂപ പോലും പ്രതിമാസ വരുമാനമില്ലത്തെ മെഡിക്കൽ കോളജിൽ ജീവനക്കാർക്ക് ശന്പളം നല്കാൻ നിലവിൽ സർക്കാർ ഫണ്ടല്ലാതെ മറ്റു മാർഗമില്ല.
കാരുണ്യ പദ്ധതിയില്‍ പരിയാരം മെഡിക്കല്‍ കോളജിന് സര്‍ക്കാരില്‍ നിന്നും 50 കോടി രൂപ കുടിശികയായി ലഭിക്കാനുണ്ട്. കാരുണ്യ പദ്ധതിയില്‍ കുടിശിക ലഭിക്കേണ്ടിയിരുന്ന പണം ഇടയ്ക്കിടെ ലഭിക്കുന്നതുകൊണ്ടുമാത്രമാണ് ജീവനക്കാരുടെ ശമ്പളം മുടങ്ങാത്തത്. മരുന്നും ഉപകരണങ്ങളും വാങ്ങിയ വകയിൽ വിവിധ കന്പനികൾക്ക് കുടിശിക ഉള്ളതിനാൽ ഓഗസ്റ്റിനു ശേഷം പുതുതായി ഒന്നിനും ഓർഡർ നല്‍കാനും സാധിച്ചില്ല.
മരുന്നുകളും അത്യാവശ്യ ഉപകരണങ്ങളും ലഭിക്കാതായത് ആശുപത്രിയുടെ ദൈന്യംദിന പ്രവർത്തനങ്ങളേയും സാരമായി ബാധിച്ചു.ഇതിനിടെ കണ്ണൂർ ഗവ.മെഡിക്കൽ കോളജിലെ പല ഉന്നതരും ഡ്യൂട്ടിസമയത്ത് മുങ്ങുന്നതായി വിജിലൻസിൽ പരാതി എത്തിയതും വിവാദമായി.
ചരിത്രം മറക്കരുത്
ഇന്ത്യയിലെ ഏറ്റവും മികച്ച സൂപ്പർ സ്പെഷാലിറ്റി മെഡിക്കൽ സ്ഥാപനങ്ങളിൽ ഒന്നായിരുന്നു പരിയാരം മെഡിക്കൽ കോളേജും ആശുപത്രിയും. മെഡിക്കൽ കോളജ്, മെഡിക്കൽ കോളജ് ആശുപത്രി, ഡെന്റൽ കോളജ്, ഫാർമസി കോളജ്, കോളജ് ഓഫ് നഴ്സിം ഗ്, സ്കൂൾ ഓഫ് നഴ്സിംഗ്, ഫാർമസി കോളജ്, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാരമെഡിക്കൽ സയൻസസ്, ഹൃദയാലയ, മെഡിക്കൽ കോളജ് പബ്ലിക് സ്കൂൾ തുടങ്ങിയ സ്ഥാപനങ്ങളാണ് പരിയാരം മെഡിക്കൽ കോളജ് കാന്പസിലുള്ളത്.
1000 പേരെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യമാണ് ഈ മെഡിക്കൽ കോളജിനുള്ളത്. പ്രതിദിനം 1200 ഓളം പേർ ഒപി യിലും 120ഓളം പേർ അത്യാഹിത വിഭാഗത്തിലും ചികിത്സ തേടിയെത്തിയിരുന്നു. 400 മുതൽ 500 വരെ പേരെയാണ് ദിവസവും അഡ്മിറ്റ് ചെയ്യുന്നത്. 20 സ്പെഷാലിറ്റി വിഭാഗങ്ങളും എട്ട് സൂപ്പർ സ്പെഷാലിറ്റി വിഭാഗങ്ങളുമാണിവിടെയുള്ളത്.
നൂതനമായ ബയോമെഡിക്കൽ ഉപകരണങ്ങളും സങ്കീർമായ ശസ്ത്രക്രിയകൾ പോലും ചെയ്യാൻ കഴിയുന്ന 18 അത്യാധുനിക ഓപ്പറേഷൻ തിയേറ്ററുകളും ഇവിടെയുണ്ട്. ആധുനിക മാലിന്യ സംസ്കരണ പ്ലാന്റും ജലശുദ്ധീകരണ പ്ലാന്റുമുണ്ട്. പരിയാരം മെഡിക്കൽ കോളജ് സർക്കാരിന്റെ നിയന്ത്രണത്തിലായതോടെ കൂടുതൽ രോഗികൾ എത്തുന്നുണ്ടെങ്കിലും ഡോക്ടർമാരുടെയും ചികിത്സാ സംവിധാനത്തിന്റേയും കുറവ് രോഗികളെ പിന്നോട്ടടിപ്പിക്കുന്നു. ഇനിയെങ്കിലും നമ്മുടെ ഭരണ -രാഷ്ട്രീയ നേതൃത്വം ഉണർന്നു പ്രവർത്തിച്ചില്ലെങ്കിൽ സർക്കാർ മെഡിക്കൽ കോളജ് എന്ന സ്വപ്നം തുടക്കത്തിലെ കൊഴിഞ്ഞുപോകും.