കണ്ണൂർ: ജില്ലാ ആശുപത്രി മോർച്ചറിയിൽ അജ്ഞാതരായ രണ്ടു പേരുടെ മൃതദേഹങ്ങൾ ഏറ്റുവാങ്ങാൻ ആരുമെത്താത്ത പോലീസിനെ കുഴയ്ക്കുന്നു. കഴിഞ്ഞ 19ന് രാവിലെ ജില്ലാ ആശുപത്രി പരിസരത്ത് നിർത്തിയിട്ടിരിക്കുന്ന വാനിൽ ഏകദേശം 50 വയസ് തോന്നിക്കുന്നയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്.
തുടർന്ന് ആശുപത്രിയിലെ ഡ്യൂട്ടി പോലീസ് സിറ്റി സ്റ്റേഷനിലേക്ക് വിവരമറിയിക്കുകയായിരുന്നു. പോലീസ് എത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം മോർച്ചറിയിലേക്ക് മാറ്റുകയായിരുന്നു. ഇയാളെ അന്വേഷിച്ച് ആരും ഇതുവരെ പോലീസ് സ്റ്റേഷനുമായി ബന്ധപെട്ടില്ല.
കഴിഞ്ഞ 20ന് രാവിലെയാണ് ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്നയാൾ മരിച്ചത്. നസീർ (49) എന്നാണ് ആശുപത്രി രജിസ്റ്ററിൽ രേഖപ്പെടുത്തിയിരിക്കുന്നത്. വീട്ടുപേരോ സ്ഥലമോ അറിയാത്തതിൽ ആശുപത്രി അധികൃതരും കുഴയുകയാണ്. മൂന്നുദിവസം കൂടി കാത്തിരിക്കാൻ പോലീസ് തീരുമാനിച്ചിട്ടുണ്ട്. എന്നിട്ടും എത്തിയിട്ടില്ലെങ്കിൽ സംസ്കരിക്കാനാണ് പോലീസ് ആലോചിക്കുന്നത്.