കണ്ണൂര്‍: കോവിഡ് -19 ഭീതിയുടെ പശ്ചാത്തലത്തിൽ കണ്ണൂർ ജില്ല ഹോട്ട് സ്പോട്ടിൽ ഉൾപ്പെട്ടതിനെ തുടർന്ന് വാഹന പരിശോധനാസംവിധാനം അഴിച്ചു പണിത് കണ്ണൂർ പോലീസ്.
നിലവിൽ ദേശീയ പാതയിൽ ഉണ്ടായിരുന്ന പരിശോധന പൂർണമായും ഒഴിവാക്കി. പകരം ദേശീയ പാതയിലേക്ക് പ്രവേശിക്കുന്ന ഇരുവശത്തേയും പ്രധാന റോഡുകളിലാണ് ഇന്നു മുതൽ പോലീസ് പരിശോധന.
ദേശീയപാതയുമായി ബന്ധപ്പെടുന്ന മറ്റ് അപ്രധാന റോഡുകളെല്ലാം പോലീസ് അടയ്ക്കും. ഇതോടെ ദേശീയപാതയിലെ നിലവിലുള്ള ഗതാഗതക്കുരുക്ക് പൂർണമായും ഒഴിവാക്കാനാകും.
താഴെ ചൊവ്വ – കാപ്പാട് റോഡ്, ചേംബർ ഹാൾ, കാൽ ടെക്സ്, കെ എസ് ടി പി റോഡ് എന്നിവിടങ്ങളിലായിരിക്കും ഇന്നു മുതൽ പരിശോധന. ദീർഘ ദൂര യാത്രക്കാരെ നീരീക്ഷിക്കാൻ പ്രത്യേക പോലീസ് സംവിധാനമൊരുക്കും.
ദേശീയ പാതയിലെ പോലീസ് പരിശോധന പൂർണമായും ഒഴിവാക്കി ദേശീയ പാതയിൽ വാഹനം കയറുന്നതിന് മുമ്പ് പരിശോധന നടത്തുന്ന വിധത്തിലാണ് പുതിയ ക്രമീകരണം. നിലവിൽ തെഴുക്കിലെ പീടിക, താണ തുടങ്ങിയ സ്ഥലങ്ങളിലുള്ള പോലീസ് പരിശോധന ഒഴിവാകും.
അത്യാവശ്യത്തിനുള്ള വാഹനങ്ങൾ മാത്രമേ ഇതുവഴി കടത്തിവിടുകയുള്ളൂവെന്ന് പോലീസ് പറഞ്ഞു. തലശേരി, കണ്ണൂർ പോലീസ് ഡിവിഷനു കീഴിലാണ് ഇന്നു മുതൽ വാഹന പരിശോധന സംവിധാനത്തിൽ മാറ്റം വരുത്തുന്നത്.
വീടിന് പുറത്തിറങ്ങുന്നവരുടെ എണ്ണം വര്‍ധിച്ചതോടെയാണ് വീണ്ടും കണ്ണൂര്‍ പോലീസ് നടപടികൾ കടുപ്പിച്ചത്. ജില്ലാ പോലീസ് മേധാവി യതീഷ് ചന്ദ്രയുടെ നേതൃത്വത്തില്‍ കണ്ണൂര്‍ നഗരത്തില്‍ വാഹന പരിശോധന കര്‍ശനമാക്കിയിരിക്കുകയാണ്.
വിശദമായ ചോദ്യം ചെയ്യലിന് ശേഷം മാത്രമാണ് പോലീസ് പലരേയും യാത്ര തുടരാന്‍ അനുവദിക്കുക. തിരിച്ചറിയല്‍ കാര്‍ഡ് അടക്കം കൈയില്‍ കരുതാത്തവർക്ക് യാത്ര ബുദ്ധിമുട്ടാകും.