കണ്ണൂർ: കേന്ദ്ര മന്ത്രിസഭയിൽ അംഗമാകുന്ന കണ്ണൂർ ജില്ലയിൽ നിന്നുള്ള നാലാമത്തെയാളാണ് വി.മുരളീധരൻ. കെ.കരുണാകരൻ, ഇ.അഹമ്മദ്, കെ.സി.വേണുഗോപാൽ എന്നിവരാണ് ഇതിനുമുന്പ് കേന്ദ്രമന്ത്രിസഭയിൽ അംഗങ്ങളായത്. പി.വി.നരസിംഹറാവു മന്ത്രിസഭയിൽ വ്യവസായ മന്ത്രിയായിരുന്നു കണ്ണൂർ ചിറക്കൽ സ്വദേശിയായ കെ.കരുണാകരൻ. രാജ്യസഭയിലൂടെയാണ് അദ്ദേഹം പാർലമെന്റംഗമായത്.
ഏറ്റവും കുടുതൽ കാലം കേന്ദ്രമന്ത്രിയായിരുന്ന മലയാളി കണ്ണൂർ സ്വദേശി ഇ.അഹമ്മദാണ്. ഡോ.മൻമോഹൻ സിംഗിന്റെ രണ്ടു മന്ത്രിസഭകളിലായി 3642 ദിവസമാണ് അദ്ദേഹം മന്ത്രിയായിരുന്നത്. കേന്ദ്രമന്ത്രിയാകുന്ന ആദ്യ മുസ്ലിം ലീഗ് നേതാവും അഹമ്മദ് തന്നെ. വിദേശകാര്യം, റെയിൽവേ സഹമന്ത്രി സ്ഥാനങ്ങളാണ് അദ്ദേഹം വഹിച്ചത്.
ഇക്കാലത്ത് പൊന്നാനി, മലപ്പുറം മണ്ഡലങ്ങളെയാണ് പ്രതിനിധീകരിച്ചത്. രണ്ടാം യുപിഎ സർക്കാരിലാണ് മാതമംഗലം കണ്ടോന്താർ സ്വദേശിയായ കെ.സി.വേണുഗോപാൽ സഹമന്ത്രിയായത്. ആലപ്പുഴയിൽ നിന്ന് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം ഊർജം, വ്യോമയാന വകുപ്പുകളുടെ ചുമതലവഹിച്ചു.
കണ്ണൂരിന്റെ ഒരു മരുമകനും കേന്ദ്രമന്ത്രിയായിട്ടുണ്ട്. ദേവഗൗഡ, ഐ.കെ.ഗുജ്റാൾ മന്ത്രിസഭകളിൽ അംഗമായിരുന്ന സി.എം.ഇബ്രാഹിം. കർണാടകയിൽ നിന്ന് രാജ്യസഭയിലെത്തിയ അദ്ദേഹത്തിന്റെ ഭാര്യവീട് കൂത്തുപറന്പ് നീർവേലിയിലാണ്.