കണ്ണൂർ: കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (കിയാൽ) എംഡി സ്ഥാനത്തു നിന്നും പി. ബാലകിരണെ മാറ്റാൻ സാധ്യത. എംഡിയായി മുൻ എയർ ഇന്ത്യാ ചെയർമാനും മുൻ കിയാൽ എംഡിയുമായ വി. തുളസീദാസിനെ വീണ്ടും നിയമിക്കുമെന്നാണ് സൂചന.
കിയാലിൽ നടക്കുന്ന നിയമനങ്ങളുമായി ബന്ധപ്പെട്ട് സിപിഎം നേതൃത്വവുമായി പി. ബാലകിരണ്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടായതായി സൂചനയുണ്ട്. ഇതിനെ തുടർന്ന് എംഡി സ്ഥാനത്തു നിന്നും ബാലകിരണെ മാറ്റാൻ സിപിഎം നേതൃത്വം ആവശ്യപ്പെട്ടതായാണ് അറിയുന്നത്.അടുത്ത കാബിനറ്റിൽ തിരുമാനമുണ്ടാവുമെന്നറിയുന്നു.
കിയാൽ എംഡിയും ടൂറിസം ഡയക്ടറും മുൻ കണ്ണൂർ ജില്ലാ കളക്ടറുമായ പി. ബാലകിരൺ ഇപ്പോൾ ഔദ്യോഗിക ആവശ്യവുമായി വിദേശത്താണ്. 2017 ജൂണിൽ തുളസീദാസ് കിയാൽ എംഡി സ്ഥാനം രാജിവച്ചതിനെതുടർന്നാണ് ബാലകിരണിനെ സർക്കാർ ആസ്ഥാനത്തേക്ക് നിയോഗിച്ചത്.
തുളസീദാസ് എയർ ഇന്ത്യയുടെ ചെയർമാനായിരിക്കെ എയർ ഇന്ത്യയിൽ നടന്ന ചില ഇടപാടുകളിൽ സിബിഐ അന്വേഷണം ഉണ്ടായതിനെ തുടർന്നാണ് അദ്ദേഹം കിയാൽ എംഡി സ്ഥാനം രാജിവച്ചത്.