കണ്ണൂർ: പരോൾ കാലാവധി കഴിഞ്ഞിട്ടും ജയിലിൽ തിരിച്ചെത്താതിരുന്ന പ്രതിയെ പിടികൂടി ജയിലിൽ എത്തിച്ചപ്പോൾ പനി. കൂത്തുപറന്പിലെ ആർഎസ്എസ് പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി അണ്ണേരി വിപിനാണ് പനി ബാധിച്ചത്.
ഇതേത്തുടർന്നു പ്രതിയെ ജയിലിലെ ഐസൊലേഷൻ സെല്ലിലേക്ക് മാറ്റി. പരോളിലിറങ്ങി മുങ്ങിയ വിപിൻ ഒളിവിൽ കഴിഞ്ഞത് മഹാരാഷ്ട്രയിലായിരുന്നു. പനിയായി നാട്ടിലെത്തിയ ഇയാളെ വെള്ളിയാഴ്ച പോലീസ് പിടികൂടുകയായിരുന്നു.
പനി ബാധിച്ചയാൾ ആദ്യം കഴിഞ്ഞത് മറ്റു തടവുകാർക്ക് ഒപ്പമായിരുന്നു. സഹതടവുകാർ ബഹളം വച്ചതോടെ ഐസൊലേഷൻ സെല്ലിലേക്ക് മാറ്റിയെന്നാണ് വിവരം.
2007ൽ മൂര്യാട്ടുവെച്ച് ബിജെപി. പ്രവർത്തകൻ പ്രമോദിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് വിപിൻ. ജനുവരി 30-ന് പരോളിലിറങ്ങിയ വിപിൻ കാലാവധി കഴിഞ്ഞ് മാർച്ച് 16-ന് വൈകുന്നേരം 5.30-ന് സെൻട്രൽ ജയിലിൽ തിരിച്ചെത്തേണ്ടതായിരുന്നു.
16-ന് ഉച്ചയ്ക്ക് ജയിലിലേക്കാണെന്നു പറഞ്ഞ് വീട്ടിൽ നിന്ന് ഇയാൾ ജയിലിൽ എത്തിയിരുന്നില്ല. ഇയാളെ കാണാനില്ലെന്ന് ഭാര്യ കൂത്തുപറന്പ് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. പരാതിയിൽ കൂത്തുപറന്പ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.