കണ്ണൂർ: കണ്ണൂരിലെ ജയിലുകളിൽ ബീഡിയും കഞ്ചാവും ഉൾപ്പെടെയുള്ള ലഹരിമരുന്നുകൾ എത്തിക്കുന്ന സംഘത്തിലെ രണ്ടുപേർ പിടിയിൽ.
തളിപ്പറന്പ് തൃച്ചംബരം സ്വദേശി എം.വി. അനീഷ്കുമാർ (40), ഞാറ്റുവയൽ സ്വദേശി എ.എം. മുഹമ്മദ് ഫാസിൽ (40) എന്നിവരാണ് അറസ്റ്റിലായത്.
ഇന്നലെ വൈകകിട്ട് ജില്ലാ ജയിലിൽ കഴിയുന്ന റംഷീദ് എന്നയാളെ കാണണമെന്ന് ആവശ്യപ്പെട്ട് ഇവർ ജയിൽ അധികൃതർക്ക് അപേക്ഷ കൊടുത്തിരുന്നു.
തുടർന്ന് ജയിലിന്റെ മതിലിനരികിൽ ഇവർ നിൽക്കുന്നതു കണ്ട് സംശയം തോന്നിയ അധികൃതർ നടത്തിയ പരിശോധനയിലാണ് 160 ബീഡികൾ ഇവരുടെ പക്കൽനിന്ന് കണ്ടെടുത്തത്.
ജയിൽ അധികൃതർ ടൗൺ പോലീസിൽ വിവരം അറിയിക്കുകയും ഇവരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിൽ റംഷീദ് എന്നു പേരുള്ള ഒരാൾ ജയിലിൽ ഇല്ലെന്നു മനസിലായി.
ജയിലിലെ തടവുകാർക്ക് ബീഡികളും കഞ്ചാവും എത്തിച്ചുകൊടുക്കുന്ന സംഘത്തിലുള്ളവരാണ് അറസ്റ്റിലായതെന്നാണു പോലീസ് പറയുന്നത്. ഇവരുടെ ഫോൺകോൾ ലിസ്റ്റുകൾ പരിശോധിച്ചുവരികയാണ്.