റെനീഷ് മാത്യു
ഏപ്രിൽ 24 ന് പുലർച്ചെ 4.50 ഓടെ റഫീക്കും ഷംസീറും അരുൺ കുമാറും അടുക്കളയിൽ ജോലിക്കായി എത്തി. ഇവരെ കൂടാതെ മൂന്നു തടവുകാരും ഉണ്ടായിരുന്നു അടുക്കളയിൽ. നാലു ഗുളിക പൊടിച്ച പൊടി റഫീക്ക് എടുത്തു. പൊടിക്കാത്ത ഒരു ഗുളിക ഷംസീർ പോക്കറ്റിലാക്കി.
അര ലിറ്റർ പാലിൽ 10 പേർക്കുളള ചായ എടുക്കലായിരുന്നു ഇവരുടെ ആദ്യത്തെ ജോലി. ഗുളികയുടെ രുചി ചായയിൽ അരുചി സൃഷ്ടിക്കാതിരിക്കുവാൻ ചായയിൽ ഇടാൻ അടുക്കളയിലുണ്ടായിരുന്ന ഏലക്കായ പൊടിച്ചു. ഏലക്കായും ഗുളികപൊടിയും തമ്മിൽ മിക്സാക്കി. ഡെപ്യൂട്ടി പ്രിസൺ ഓഫീസർ സുകുമാരൻ, അസി. പ്രിസൺ ഓഫീസർമാരായ യാക്കൂബ്, ബാബു, താത്കാലിക വാർഡൻ പവിത്രൻ എന്നിവരായിരുന്നു ഡ്യൂട്ടിയിലുണ്ടായിരുന്നത്.
അതിനാൽ ഏലക്കായും ഗുളിക പൊടിയും ചായയിൽ കലർത്തി ജയിൽ ജീവനകാർക്ക് റഫീക്ക് തന്നെയാണ് കൊണ്ടുപോയി കൊടുത്തത്. ഗുളിക കലർത്തിയ ചായ അടുക്കളയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന മൂന്ന് തടവുകാർക്കും കൊടുത്തു. രക്ഷപ്പെടാൻ സുരക്ഷിതമായ വഴിയൊരുക്കാനാണ് തടവുകാർക്കും ഗുളിക കലർത്തിയ ചായ കൊടുത്തത്. ചായ കുടിച്ച മിനിറ്റുകൾക്കുള്ളിൽ ഗുളിക തടവുകാരിലും ജയിൽ ജീവനക്കാരിലും പ്രവർത്തിച്ചു തുടങ്ങി. മയക്കം വന്നു തുടങ്ങിയതോടെ ഷംസീറും റഫീക്കും അരുൺ കുമാറും ജയിൽ ചാട്ടത്തിനുള്ള തയാറെടുപ്പുകൾ തുടങ്ങി.
മെയിൻ ഗേറ്റ് ലക്ഷ്യമാക്കി ഷംസീറും റഫീക്കും
5.45 ഓടെ ഷംസീറും റഫീക്കും മെയിൻ ഗേറ്റിനെ ലക്ഷ്യമാക്കി നീങ്ങി തുടങ്ങി. അരുൺ കുമാർ കുറച്ചു വൈകിയാണ് അടുക്കളയിൽ നിന്നും പുറത്തിറങ്ങിയത്. മെയിൻ ഗേറ്റ് തുറക്കാനുള്ള താക്കോലിനായി ചുറ്റും പരതിയെങ്കിലും കിട്ടിയില്ല.ഈ സമയം ആറു മണിക്ക് ഡ്യൂട്ടിക്ക് കയറേണ്ട അസി. പ്രിസൺ ഓഫീസർ സജിത്ത് എത്തിയപ്പോൾ റഫീക്കിനെയും ഷംസീറിനെയും മെയിൻ ഗേറ്റിൽ കണ്ടു.
എന്താണിവിടെ എന്ന ചോദ്യത്തിന് അടുക്കളയിൽ വെള്ളം വരുന്നില്ലെന്നും മെയിൻ ഗേറ്റിനു സമീപത്തുള്ള പൈപ്പിന്റെ വാൽവ് തിരിക്കാണ് ഇവിടെയെത്തിയത് എന്നായിരുന്നു മറുപടി. സജിത്തിനെ കണ്ടതോടെ ഇവർ അടുക്കളയിലേക്കു പോവുകയും ചെയ്തു. ജയിലിനുള്ളിൽ എന്തോ അസാധാരണമായ സംഭവങ്ങൾ നടക്കുന്നതായി സജിത്തിന് സംശയം ഉയർന്നു. ഉടൻ തന്നെ ജയിൽ ജീവനക്കാർക്ക് അലർട്ട് നല്കുകയും ചെയ്തു.
ആറു മണിക്ക് ഡ്യൂട്ടി കഴിയേണ്ടവർ മയങ്ങുന്നത് കണ്ടതാണ് സജിത്തിന് സംശയം ഉയർന്നത്. ഇതിനിടെ ഷംസീറും റഫീക്കും അരുണും ഗുളിക കലർത്തിയ ചായ കുടിക്കുകയും മയങ്ങി വീഴുകയും ചെയ്തു. സംശയം തോന്നാതിരിക്കാനാണ് ഇവർ ഇങ്ങനെ ചെയ്തത്.
സജിത്ത് നടത്തിയ പരിശോധനയിൽ ഡെപ്യൂട്ടി പ്രിസൺ ഓഫീസർ സുകുമാരൻ, അസി. പ്രിസൺ ഓഫീസർമാരായ യാക്കൂബ്, ബാബു, താത്കാലിക വാർഡൻ പവിത്രൻ എന്നിവർ മയങ്ങി കിടക്കുന്നതായി കണ്ടു. അടുക്കളയിൽ തടവുകാരും മയങ്ങി കിടക്കുന്നത് കണ്ട ജയിൽ ജീവനക്കാർ ഡോക്ടറെ വിവരം അറിയിക്കുകയായിരുന്നു. ഉടൻ ജയിൽ ഡോക്ടറെത്തി പരിശോധിച്ചപ്പോൾ ഭക്ഷ്യവിഷബാധയെന്നായിരുന്നു പ്രാഥമിക നിഗമനം. ഉടനെ ജീവനക്കാരെയും തടവുകാരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തെളിവായി സിസിടിവി
ജയിലിൽ ഉദ്യോഗസ്ഥർക്ക് മയക്കുഗുളിക നൽകി മയക്കി കിടത്തിയ ശേഷം തടവുചാടാൻ ശ്രമിച്ച സംഭവം അറിയുന്നത് സിസിടിവി ദൃശ്യങ്ങൾ വഴിയാണ്. ഭക്ഷ്യവിഷബാധയെന്നായിരുന്നു പ്രാഥമിക നിഗമനം എങ്കിലും സംശയം തോന്നിയ ജയിൽ സൂപ്രണ്ട് അശോകൻ അരിപ്പ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് സംഭവം വ്യക്തമായത്. സിസിടിവി ദൃശ്യങ്ങളിൽ റഫീക്കും ഷംസീറും അരുൺ കുമാറും ചേർന്ന് ഗുളിക പൊടി ചായയിൽ കലർത്തുന്നത് വ്യക്തമായി കാണാമായിരുന്നു.
റഫീക്ക് മടിക്കുത്തിൽ നിന്നും പൊടിയെടുത്ത് ചായയിൽ കലർത്തുന്നതും ഷംസീറും അരുൺ കുമാറുമായി സംസാരിക്കുന്നതും കാണാമായിരുന്നു. തുടർന്ന് ഇവരെ പിടികൂടുകയായിരുന്നു. ജയിൽ ചാടി ട്രെയിൻ മാർഗം മുംബൈയിലേക്ക് കടക്കാനായിരുന്നു ഇവരുടെ പരിപാടിയെന്ന് മൊഴി നല്കിയിട്ടുണ്ട്.
കണ്ണൂർ ടൗൺ പോലീസ് രജിസ്റ്റർ ചെയ്ത കേസിന്റെ അന്വേഷണം കണ്ണൂർ ടൗൺ എസ്ഐ പ്രജീഷ്, സീനിയർ സിവിൽ പോലീസ് ഓഫീസർ രശാന്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു. ജയിൽ ഉദ്യോഗസ്ഥരെ മയക്കി കിടത്തിയുള്ള ജയിൽ ചാട്ടത്തിനുള്ള പദ്ധതി പൊളിഞ്ഞെങ്കിലും അതീവ ജാഗ്രതാ നിർദേശം ആണ് ജയിൽ ഉദ്യോഗസ്ഥർക്ക് ആഭ്യന്തരവകുപ്പ് നല്കിയിരിക്കുന്നത്. കൂടാതെ ജയിലുകളിൽ സുരക്ഷ ശക്തമാക്കാനും തീരുമാനിച്ചിട്ടുണ്ട്.
(അവസാനിച്ചു)