കണ്ണൂർ: ദിവസങ്ങൾ മാത്രമാണ് പരിചയമെങ്കിലും റിമാൻഡ് പ്രതികളായ ആറളത്തെ മണിക്കുട്ടനും കാസർഗോഡ് സ്വദേശി റംസാനും തടവു ചാട്ടം ആസൂത്രണം ചെയ്തത് ഒരു പകൽ നീണ്ട ആലോചനയിൽ. പെട്ടെന്ന് അവരുടെ ബന്ധം വളരുകയായിരുന്നു. ഇവർക്ക് ഒരേലക്ഷ്യമായിരുന്നു. എത്രയും പെട്ടന്ന് തടവുചാടുകയെന്നത്.
ഇന്നലെ പകൽ നിരീക്ഷണ കേന്ദ്രത്തിൽ നിന്നും എങ്ങനെ പുറത്തു കടക്കണം എന്ന ചിന്തയിലായിരുന്നു ഈ രണ്ടുപേരും. കോവിഡ് നിരീക്ഷണ കേന്ദ്രമായതുകൊണ്ട് റിമാൻഡ് തടവുകാർക്ക് നല്ല സ്വാതന്ത്ര്യവുമുണ്ടായിരുന്നു.ഇത് മുതലെടുത്താണ് ഇന്നലെ രാത്രി ഇരുവരും ഒന്നിച്ച് കുളിക്കാനായി ബാത്ത് റൂമിൽ കയറുകയും വെന്റിലേറ്ററിന്റെ കമ്പി ഇളക്കി രക്ഷപെടുയും ചെയ്തത്.
ഇരുവരും ഒന്നിച്ച് ഇരുട്ടിലേക്ക് ഓടി മറഞ്ഞെങ്കിലും പോലീസിന്റെ വലയിൽ കുടുങ്ങാതിരിക്കാൻ രണ്ട് ദിശകളിലേക്കാണ് തിരിഞ്ഞത്. എന്നാൽ മുഴപ്പലങ്ങാട് വച്ച് പോക്സോ കേസിൽ പ്രതിയായ മണിക്കുട്ടനെ എടക്കാട് സിഐ പി.കെ. മണി, എസ് ഐ ഷാജു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടി.റെയിൽവേ ട്രാക്കിന് സമീപം പതുങ്ങിയിരിക്കുകയായിരുന്നു.
അതേ സമയം ഒന്നിച്ച് തടവുചാടിയ മോഷണകേസിൽ റിമാൻഡിലായ റംസാനെ പിടികൂടാനായില്ല. ഇയാൾ കാസർഗോഡ് ഭാഗത്തേക്ക് പോയിട്ടുണ്ടാകുമെന്ന് പിടിയിലായ പ്രതിയിൽ നിന്നും പോലീസ് മനസിലാക്കിയിട്ടുണ്ട്. ലോറി മോഷണക്കേസിൽ അറസ്റ്റിലായ റംസാന് നിരവധി ലോറി ഡ്രൈവർമാരുമായി ബന്ധമുണ്ടെന്ന് പോലീസ് സംശയിക്കുന്നു.
ഈ ബന്ധം ഉപയോഗിച്ച് അന്തർ സംസ്ഥാന സർവീസ് നടത്തുന്ന ചരക്കു ലോറിയൽ കയറി രക്ഷപ്പട്ടിട്ടുണ്ടാകുമെന്നാണ് കരുതുന്നത്. ഇയാൾക്കായി പോലീസ് തിരച്ചൽ ഊർജിതമാക്കിയിട്ടുണ്ട്. കണ്ണൂർ പോളിടെക്നിക്കിലെ കോ വിഡ് നിരീക്ഷണ കേന്ദ്രത്തിൽ 15 തടവുകരാണ് നിരീക്ഷണത്തിലുള്ളത്.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വിവിധ കേസുകളിൽ റിമാൻഡ് ചെയ്യുന്ന പ്രതികളെ നിരീക്ഷണത്തിലാക്കിയ ശേഷമേ ജയിലുകളിലേക്ക് മാറ്റുകയുള്ളൂ. ഇതു കാരണം നിരീക്ഷണ കേന്ദ്രത്തിൽ ആവശ്യത്തിന് സുരക്ഷയൊരുക്കാൻ പോലീസിനാവുന്നില്ല. ഇന്നലെ നാലുപേരെ കോവിഡ് പരിശോധന ഫലം നെഗറ്റീവ് ആയതിനെ തുടർന്ന് ജയിലിലേക്ക് മാറ്റി.