കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ ജയിൽ ഉദ്യോഗസ്ഥരെ ശിക്ഷാ തടവുകാരൻ മർദിച്ചു. തടവുകാരനായ കോഴിക്കോട് അരീക്കോട് സ്വദേശി ഇൻസുദ്ദീൻ(29) ആണ് അസിസ്റ്റന്റ് പ്രിസൺ ഓഫീസർ ശ്രീജിത്ത്, പ്രവീശൻ എന്നിവരെ മർദിച്ചത്. ഇന്നലെ രാത്രി ഏഴിനു വാക്കുതർക്കത്തെ തുടർന്ന് പ്രതി മർദിക്കുകയായിരുന്നു.
ജീവനക്കാർ ഓടിയെത്തിയപ്പോഴേക്കും ഇൻസുദ്ദീൻ അടുത്തുള്ള മരത്തിൽ കയറുകയും ആത്മഹത്യ ഭീഷണി മുഴക്കുകയും ചെയ്തു. ജീവനക്കാർ ഇടപെട്ടാണ് ഇൻസുദ്ദീനെ പിന്നീടു താഴെയിറക്കിയത്.
മാറാട്, അരീക്കോട് പ്രദേശങ്ങളിലെ നിരവധി കളവുകേസുകളിലെ പ്രതിയാണ് ഇൻസുദ്ദീൻ. അസി. പ്രസൺ ഓഫീസർ ശ്രീജിത്തിന്റെ പരാതിയിൽ കണ്ണൂർ ടൗൺ പോലീസ് കേസെടുത്തു.