റെനീഷ് മാത്യു
ചെയ്ത കുറ്റകൃത്യത്തിന് ജാമ്യം ലഭിക്കുമെന്ന് ഉറപ്പില്ല. ജാമ്യത്തിനായി പല തവണ ശ്രമിച്ചെങ്കിലും ലഭിച്ചില്ല. പ്രതികളിലൊരാൾക്ക് ജാമ്യം ലഭിച്ചെങ്കിലും ജാമ്യം നില്ക്കുവാൻ ആരെയും കിട്ടിയില്ല. വീട്ടുകാരും സ്വന്തക്കാരുമെല്ലാം ഉപേക്ഷിച്ച മട്ടായിരുന്നു. പിന്നെ അവർ മൂവരും തടവറയ്ക്കുള്ളിൽ നിന്നും പുറത്തു കടക്കുവാൻ തീരുമാനിച്ചു. പണി പാളിയെങ്കിലും അവർ ഒരുക്കിയ തിരക്കഥ സിനിമാക്കഥയെ വെല്ലുന്ന ഒന്നായിരുന്നു.
ഡെന്നീസ് ജോസഫിന്റെ തിരക്കഥയിൽ മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി ജോഷി സംവിധാനം ചെയ്ത ന്യൂഡൽഹി എന്ന ചിത്രത്തിലെ ജയിൽചാട്ടത്തെ അവിസ്മരണീയമാക്കുന്ന ഒന്നായിരുന്നു കണ്ണൂർ ജില്ലാ ജയിലിൽ കഴിഞ്ഞ ഏപ്രിൽ 24ന് നടന്നത്.
ഇ ബ്ലോക്കിൽ നടന്നത്
കണ്ണൂർ ജില്ലാ ജയിലിലെ ഇ ബ്ലോക്കിലെ തടവുകാരായിരുന്നു മുഹമ്മദ് റഫീഖും അഷ്റഫ് ഷംസീറും അരുൺ കുമാറും. ഒരേ ബ്ലോക്കിൽ വന്ന് ദിവസങ്ങൾക്കുള്ളിൽ ചങ്ങാതിമാരായി. തങ്ങൾ ചെയ്ത കുറ്റകൃത്യത്തിന് ഉടനെയൊന്നും ജാമ്യം ലഭിക്കില്ലെന്ന് മൂവരും ചങ്ങാത്ത സംഭാഷണത്തിനിടെ തിരിച്ചറിഞ്ഞു. എങ്ങനെയെങ്കിലും പുറത്തു കടക്കണം എന്ന ചിന്തയായിരുന്നു മൂന്നംഗസംഘത്തിന്.
റഫീക്ക് കഴിഞ്ഞ അഞ്ചുമാസമായി ജയിലിലെ അടുക്കളയിൽ മേസ്ത്രി ആയിരുന്നു. റഫീക്കിന്റെ കൂടെ അരുൺ കുമാറിനെ ഏപ്രിൽ ഒന്നിനും ഷംസീറിനെ ഏപ്രിൽ 18നും അടുക്കളയിൽ സഹായിയായി കൂട്ടി. സെല്ലിലും അടുക്കളയിലുമായി വിഷുവിന് മുന്പ് തന്നെ ജയിൽ ചാടാനുള്ള പദ്ധതി ഇവർ ആസൂത്രണം ചെയ്തു തുടങ്ങുകയായിരുന്നു. റഫീക്കിന്റെ നേതൃത്വത്തിൽ ജയിൽചാട്ടത്തിനുള്ള പദ്ധതി രൂപീകരിച്ചു തുടങ്ങി. അടുക്കളയിലും ജയിൽ മുറിയിലും ഇവരുടെ ചർച്ച ജയിൽ ചാട്ടത്തെക്കുറിച്ച് മാത്രമായി മാറി.
ഗുളിക റെഡി
ജയിൽ അധികൃതരെ ഗുളിക കൊടുത്ത് മയക്കി കിടത്തി ജയിൽ ചാടാനായിരുന്നു പദ്ധതി. അടുക്കളയിൽ ജോലി ഉള്ളതുകൊണ്ട് ഇക്കാര്യം എളുപ്പത്തിൽ സാധിക്കുമെന്നും മൂവരും തിരിച്ചറിഞ്ഞു. മാനസികാസ്വാസ്ഥ്യം ഉള്ള തടവുകാർ ഉണ്ടായിരുന്നു ഇവരുടെ തൊട്ടടുത്ത സെല്ലിൽ. ഈ തടവുകാരോട് റഫീഖ് പെട്ടെന്ന് ചങ്ങാത്തത്തിലായി. ഇവർക്ക് ജയിൽ അധികൃതർ കൊടുക്കുന്ന മാനസിക വിഭ്രാന്തിക്കുള്ള ഗുളികകൾ റഫീക്ക് കൈവശപ്പെടുത്തി.
ക്ലോസെ പൈൻ, ക്യൂട്ടി പിൻ തുടങ്ങിയ ആറു ഗുളികളാണ് റഫീഖ് കൈവശപ്പെടുത്തിയത്. ഇതിൽ അഞ്ചെണ്ണം ക്ലോസെ പൈൻ ആയിരുന്നു. ഗുളിക കഴിക്കുന്പോഴുണ്ടാകുന്ന ദോഷം എന്തെന്ന് മനസിലാക്കുവാൻ ആദ്യം ഷംസീറും റഫീക്കും ഒരു ഗുളികയുടെ പകുതി കഴിച്ച് പരീക്ഷിച്ചു. ക്ലോസെ പൈൻ ആയിരുന്നു ഇവർ കഴിച്ചത്. അരുൺ കുമാറിനെ ഇവരെ നിരീക്ഷിക്കാൻ വേണ്ടി നിയമിക്കുകയും ചെയ്തു. ഏപ്രിൽ 20 നായിരുന്നു ഗുളിക കഴിച്ച് പരീക്ഷിച്ച ദിവസം.
ജയിലിലെ ജോലി കഴിഞ്ഞ് വൈകുന്നേരം 5.15 ഓടെയാണ് ഷംസീറും റഫീക്കും ഗുളിക കഴിച്ചത്. ഒരു ഗുളികയുടെ പകുതി വീതമാണ് കഴിച്ചത്. ഗുളിക കഴിച്ച് ഉടൻ തന്നെ ഇവർക്ക് മയക്കം അനുഭവപ്പെട്ടു. രാത്രി ഒൻപതു മണിവരെ ഇവർ ഉറങ്ങി. പരീക്ഷണത്തിലൂടെ വിജയം ഉറപ്പിച്ച ഇവർ ജയിൽ ചാട്ടത്തിനുള്ള പദ്ധതി ആവിഷ്കരിക്കുവാൻ തുടങ്ങി. ഷംസീറിന്റെ നേതൃത്വത്തിൽ നാലു ഗുളികൾ ആരും കാണാതെ പൊടിച്ചു കൈയിൽ സൂക്ഷിച്ചു. ഏപ്രിൽ 24 നു വേണ്ടി മൂവരും കാത്തിരുന്നു.
തിരക്കഥാകൃത്തുക്കൾ…
മുഹമ്മദ് റഫീക്ക്
കാഞ്ഞങ്ങാട് ചാലുങ്കൽ സ്വദേശി. വയസ് 35. രണ്ട് കവർച്ചാക്കേസിലെ പ്രതി. 2003 ൽ കുണ്ടംകുഴിയിലെ ഒരു വീട്ടിൽ നിന്നും 17 പവൻ സ്വർണവും 35,000 രൂപയും കവർന്നു. കൂടാതെ ജോലി ചെയ്തിരുന്ന ബസിൽ നിന്നും 50,000 രൂപ മോഷ്ടിച്ച സംഭവത്തിലും പ്രതിയാണ്. 2003 ൽ തന്നെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നെങ്കിലും 2017ൽ ജാമ്യത്തിലിറങ്ങി വിദേശത്തേക്ക് മുങ്ങി. ഇയാളെ പിന്നീട് അറസ്റ്റ് ചെയ്തു. 2018 ജൂൺ 28 നാണ് ഇയാൾ കണ്ണൂർ ജില്ലാ ജയിലിൽ എത്തിയത്.
അരുൺ കുമാർ
ചീമേനി സ്വദേശി. വയസ് 26. 2018 ൽ നടന്ന ചീമേനിയിലെ ജാനകി ടീച്ചർ വധക്കേസിലെ ഒന്നാം പ്രതി. ജാനകിയെ കൊലപ്പെടുത്തിയ ശേഷം വിദേശത്തേക്ക് കടന്ന അരുൺ കുമാറിനെ വിദേശത്തു നിന്നും നാട്ടിൽ എത്തിച്ച് കരിപ്പൂരിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. 2018 മാർച്ച് 12 നാണ് ജയിലിൽ എത്തിയത്.
അഷറഫ് ഷംസീർ
മാനന്തവാടി തലപ്പാടി സ്വദേശിയായ അഷറഫ് ഷംസീർ കവർച്ചാ കേസിലേയും കഞ്ചാവു കടത്തു കേസിലേയും പ്രതിയാണ്. 2018 സെപ്റ്റംബർ രണ്ടിനാണ് ജയിലിൽ എത്തിയത്.