കണ്ണൂർ: ജ്വല്ലറിയിൽ നിന്ന് 7.5 കോടിയിലേറെ രൂപ തട്ടിയെടുത്തു മുങ്ങിയ സംഭവത്തിൽ ഒളിവിൽ പോയ ചീഫ് അക്കൗണ്ടിന്റെ മൊബൈൽ ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു.
കൃഷ്ണ ജ്വൽസ് മാനേജിംഗ് പാർട്ണർ സി.വി. രവീന്ദ്രനാഥിന്റെ പരാതിയിൽ ചീഫ് അക്കൗണ്ടന്റായിരുന്ന ചിറക്കൽ കടലായി സ്വദേശി കെ. സിന്ധുവിനെതിരേയാണ് പോലീസ് കേസെടുത്തത്.
2004 മുതൽ ജ്വല്ലറയിൽ ജോലി ചെയ്തു വന്ന സിന്ധു ജ്വല്ലറിയുടെ അക്കൗണ്ടിൽ നിന്നും 7,55,30,644 രൂപ തട്ടിയെടുത്തെന്നാണ് പരാതി. പോലീസ് അന്വേഷിച്ച് വീട്ടിലെത്തിയപ്പോൾ വീട് അടച്ചിട്ട നിലയിലായിരുന്നു.
സിന്ധു പണം നിക്ഷേപിച്ചത് സ്വന്തം അക്കൗണ്ടിലും ബന്ധുക്കളുടെ അക്കൗണ്ടുകളിലുമാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. സഹോദരനുമായുള്ള ജോയിന്റ് അക്കൗണ്ടിലും പണം നിക്ഷേപിച്ചിട്ടുണ്ട്.
ജ്വല്ലറി ജീവനക്കാരിൽ നിന്നും പോലീസ് മൊഴിയെടുക്കും. കൃത്രിമ രേഖകൾ ഉണ്ടാക്കിയാണ് പണം തട്ടിയതെന്നും കണ്ടെത്തിയിട്ടുണ്ട്.
അതിനിടെ കേസ് ക്രൈംബ്രാഞ്ചിന് കൈമാറണമെന്നാവശ്യപ്പെട്ട് സിറ്റി പോലീസ് കമ്മീഷണർക്ക് അന്വേഷണ ഉദ്യോഗസ്ഥനായ എസിപി കത്ത് നൽകിയിട്ടുണ്ട്.
ഒരു കോടി മുതൽ അഞ്ചു കോടിവരെയുള്ള സാന്പത്തിക കുറ്റകൃത്യങ്ങൾ ജില്ലാ ക്രൈംബ്രാഞ്ചും അഞ്ചു കോടിക്കു മുകളിലുള്ള കേസുകൾ സംസ്ഥാന ക്രൈംബ്രാഞ്ചുമാണ് അന്വേഷിക്കേണ്ടത് എന്ന ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറണമെന്ന് കാണിച്ച് എസിപി കത്ത് നൽകിയത്.