കണ്ണൂർ: ജില്ലയിലെ ബാങ്കുകൾ നടപ്പു സാന്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ 5898 കോടി രൂപ വായ്പ വിതരണം ചെയ്തതായി കണ്ണൂർ ജില്ലാതല ബാങ്കിംഗ് അവലോകന സമിതി വിലയിരുത്തി. ഇതിൽ 2725 കോടി രൂപ കാർഷിക വായ്പ ഉൾപ്പെടെ 4033 കോടി രൂപയും മുൻഗണനാ വായ്പാ വിഭാഗത്തിലാണു വിതരണം ചെയ്തിട്ടുള്ളത്. സിൻഡിക്കേറ്റ് ബാങ്ക് കണ്ണൂർ റീജണൽ ഓഫീസ് കോൺഫറൻസ് ഹാളിൽ ചേർന്ന അവലോക യോഗത്തിൽ ജില്ലാ കളക്ടർ ടി.വി. സുഭാഷ് അധ്യക്ഷത വഹിച്ചു.
ജില്ലാ ലീഡ് ബാങ്ക് മാനേജർ ഫ്രോണീ ജോൺ പ്രസംഗിച്ചു. സിൻഡിക്കേറ്റ് ബാങ്ക് റീജണൽ ഓഫീസർ ഇന്ദുശ്രീ മുഖ്യപ്രഭാഷണം നടത്തി. റിസർവ് ബാങ്ക് ജില്ലാ ലീഡ് ഓഫീസർ പി.വി. മനോഹരൻ ജില്ലയിലെ ബാങ്കുകളുടെ പ്രവർത്തനം വിലയിരുത്തി. നബാർഡ് ജില്ലാ ഡെവലപ്മെന്റ് മാനേജർ കെ.വി. മനോജ്കുമാർ മുൻഗണനാ വിഭാഗത്തിൽപെട്ട വായ്പാവിതരണം വിലയിരുത്തി.
ഉപഭോക്താക്കളുമായി ബന്ധപ്പെടുന്പോൾ മാനുഷിക അവകാശങ്ങൾക്കും മൂല്യങ്ങൾക്കും പരിഗണന നൽകണമെന്ന് ജില്ലാ കളക്ടർ അധ്യക്ഷത വഹിച്ച് പറഞ്ഞു. വായ്പകളിലൂടെയും വിവിധ സർക്കാർ സ്കീമുകളിലൂടെയും നമ്മുടെ നാട്ടിൽ ആസ്തി വികസനത്തിനും ഊന്നൽ നൽകണമെന്നും അദ്ദേഹം സൂചിപ്പിച്ചു. ജില്ലയിലെ ബാങ്കുകളിൽ നിലവിലുള്ള ആകെ വായ്പ 12 ശതമാനം വാർഷിക വളർച്ച രേഖപ്പെടുത്തി 29536 കോടിരൂപയിലെത്തി. ബാങ്കുകളിലെ ആകെ നിക്ഷേപം 22 ശതമാനം വാർഷിക വളർച്ചയിൽ 45144 കോടി രൂപയിലെത്തി.
കണ്ണൂർ ജില്ലയിലെ വിവിധ ബാങ്കുകളിലെ പ്രവാസി നിക്ഷേപം 13429 കോടി രൂപയാണ്. ജില്ലയുടെ വായ്പാ നിക്ഷേപ അനുപാതം നിലവിൽ 65 ശതമാനമാണ്. മുദ്രാ യോജനയിൽ 58339 പേർക്കായി 501 കോടി നിലവിൽ വായ്പ നൽകിയിട്ടുണ്ടെന്നും ജില്ലാ ലീഡ് ബാങ്ക് മാനേജർ ഫ്രോണീ ജോൺ അറിയിച്ചു. യോഗത്തിൽ അടുത്ത സാന്പത്തിക വർഷത്തേക്കുള്ള നബാർഡ് പൊട്ടൻഷ്യൽ ലിങ്ക് ക്രെഡിറ്റ് പ്ലാൻ പ്രസിദ്ധപ്പെടുത്തി.
13734 കോടി രൂപയുടെ പദ്ധതിയാണ് അടുത്ത സാന്പത്തിക വർഷത്തിലേക്കായി നബാർഡ് ജില്ലയിൽ വിഭാവനം ചെയ്യുന്നത്. ജില്ലയിലെ എല്ലാ പ്രമുഖ ബാങ്കുകളുടെ പ്രതിനിധികളും വിവിധ സർക്കാർ വകുപ്പുകളുടെ ഉന്നത ഉദ്യോഗസ്ഥരും കൃഷി വിജ്ഞാൻ കേന്ദ്രം, റുഡ്സെറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ തുടങ്ങിയവരും പങ്കെടുത്തു. ലീഡ് ബാങ്ക് ഓഫീസർ ശ്രീനിവാസൻ യോഗത്തിൽ പ്രസംഗിച്ചു.