പരിയാരം: മെഡിക്കല്‍ കോളജില്‍ നിന്നും മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ച് ഇറങ്ങിയോടി വാഹനമിടിച്ച് പരിക്കേറ്റ ബിഹാര്‍ സ്വദേശി മരിച്ചു. പീതാംബര്‍ ഘനശ്യം ബഹ്റ(49) എന്നയാളാണ് ഇന്നലെ രാത്രി പത്തോടെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജില്‍ മരിച്ചത്.
ഞായറാഴ്ച്ച വൈകുന്നേരമാണ് അലക്യംപാലത്തിനു സമീപം അക്രമാസക്തനായി കണ്ട ഇയാളെ നാട്ടുകാര്‍ വിവരമറിയിച്ചത് പ്രകാരം എത്തിയ പരിയാരം പോലീസ് കണ്ണൂര്‍ ഗവ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ അല്‍പ്പസമയത്തിനകം തന്നെ ഇയാള്‍ ആശുപത്രിയില്‍ നിന്നും ഇറങ്ങി ഓടുകയായിരുന്നു.
തുടര്‍ന്ന് പോലിസ് നടത്തിയ തിരച്ചിലില്‍ പീതാംബറിനെ കണ്ടെത്തിയെങ്കിലും കുറുമാത്തൂരില്‍ ഒരു സുഹൃത്ത് താമസിക്കുന്നുണ്ടെന്നും അവിടെയെത്താനുളള വണ്ടിക്കൂലി തന്നാല്‍ മതിയെന്നും പറഞ്ഞതിനെ തുടര്‍ന്ന് പോലിസ് ഇയാള്‍ക്ക് പണം നല്കി വിട്ടയച്ചു.
ബസില്‍ കയറാതെ തളിപ്പറമ്പ് ഭാഗത്തേക്ക് നടന്നു പോയ പീതാംബറിനെ ഇന്നലെ പുലര്‍ച്ചെയാണ് ദേശീയപാതയില്‍ ഏമ്പേറ്റില്‍ വാഹനമിടിച്ച് പരിക്കേറ്റ നിലയില്‍ നാട്ടുകാര്‍ കണ്ടെത്തിയത്.
അപകടത്തില്‍ ആന്തരിക രക്തസ്രാവമുണ്ടായി അതീവ ഗുരുതരാവസ്ഥയിലുളള പീതാംബറിനെ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ വെന്റിലേറ്ററില്‍ പവേശിപ്പിച്ചിരിക്കുകയായിരുന്നു.
പീതാംബര്‍ പൊളിറ്റിക്കല്‍ സയന്‍സില്‍ ഉന്നത ബിരുദം നേടിയ ആളാണെന്നും രാജ്യത്തിന്റെ പലഭാഗങ്ങളിലും ജോലിചെയ്തതായും ഉളള രേഖകള്‍ ബാഗില്‍ നിന്നും ലഭിച്ചതായി പോലിസ് പറഞ്ഞു. ബാഗില്‍ നിന്ന് ലഭിച്ച മേല്‍വിലാസത്തില്‍ പോലീസ് ബന്ധപ്പെട്ടുവെങ്കിലും വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.
മഹാരാഷ്ട്ര സ്വദേശിയാണെന്നാണ് നേരത്തെ ലഭിച്ച വിവരമെങ്കിലും പോലീസിന്റെ അന്വേഷണത്തില്‍ ബിഹാര്‍ സ്വദേശിയാണെന്ന് വ്യക്തമായിട്ടുണ്ട്.
ഇയാളുടെ ഭാര്യാസഹോദരനെ പോലീസ് തളിപ്പറമ്പില്‍ കണ്ടെത്തിയിട്ടുണ്ട്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് പോലീസ്.