നിശാന്ത് ഘോഷ്
കണ്ണൂർ: ലക്ഷദ്വീപിലെ അഡ്മിനിസ്ട്രേറ്റർ ഭരണ പരിഷ്കാരം സംബന്ധിച്ച വിവാദങ്ങൾ കത്തിപ്പടരുന്പോൾ ഇതെല്ലാം നിശബ്ദമായി നോക്കിക്കാണുന്ന ദ്വീപ് സമൂഹത്തിന്റെ പഴയ അധികാരികളുടെ ഒരു പിന്മുറ ഇപ്പോഴും കണ്ണൂരിലുണ്ട്.
കേരളത്തിലെ ഏക മുസ്ലിം രാജവംശമായ അറയ്ക്കൽ രാജവംശത്തിന്റെ പിൻതലമുറക്കാരാണിവർ.
രാജഭരണകാലത്തും ബ്രിട്ടീഷ് ഭരണകാലത്തും ഏറെക്കാലവും കണ്ണൂർ തീരം മുതൽ ലക്ഷദ്വീപ് വരെയുള്ള കടലിന്റെ ഉടമസ്ഥാവകാശം ഈ രാജകുടുംബത്തിനായിരുന്നു.
1500 മുതൽ 1905 വരെ ദ്വീപുകളുടെ ഉടമസ്ഥാവകാശം ഇവർക്കായിരുന്നുവെന്ന് ചരിത്രരേഖകൾ പറയുന്നു. എന്നാൽ ഇതിന് മുന്പ് തന്നെ ദ്വീപിന്റെ അധികാരം അറയ്ക്കലിനുണ്ടായിരുന്നുവെന്നാണ് പറയപ്പെടുന്നത്.
കടൽ വ്യാപാരമായിരുന്നു അറയ്ക്കൽ രാജവംശത്തിന്റെ പ്രധാന വരുമാന സ്രോതസ്. ലക്ഷദ്വീപിനു പുറമെ ഇപ്പോഴത്തെ വിദേശ രാജ്യമായ മാലി ദ്വീപും അറയ്ക്കലിന്റെ അധീനതയിലായിരുന്നു.
അറയ്ക്കൽ രാജാവായിരുന്ന ആലി മൂസ 1183-84 വർഷത്തിൽ മാലിദ്വീപ് കീഴടക്കിയതായി ബ്രിട്ടീഷ് സിവിൽ സർവീസ് ഉദ്യോഗസ്ഥനായ വില്യം ലോഗൻ തന്റെ മലബാർ മാന്വൽ എന്ന ഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
കേരളത്തിൽ ശക്തമായ നാവികപ്പടയുള്ള ഏകരാജവംശ കൂടിയായിരുന്നു അറയ്ക്കൽ. ഈജിപ്ത്, ആഫ്രിക്ക, അറേബ്യ തുടങ്ങിയ രാജ്യങ്ങളുമായി അറയ്ക്കലിന് വ്യാപാര ബന്ധമുണ്ടായിരുന്നു.
ദീർഘ കടൽ യാത്രകളിൽ അറയ്ക്കൽ രാജകുടുംബങ്ങളുടെയും അറയ്ക്കലുമായി ബന്ധമുണ്ടായിരുന്ന വിദേശ വ്യാപാരികളുടെയും ഉരുക്കളിലെ നാവികർക്കുള്ള വിശ്രമ കേന്ദ്രമായിരുന്നു ലക്ഷദ്വീപ്.
കടൽവ്യാപാരവും നാവികബലവും ഉണ്ടായിരുന്നതിനാൽ അറയ്ക്കൽ രാജാക്കൻമാർക്ക് “ആഴിരാജാക്കൾ’ എന്നും വിളിപ്പേരുണ്ടായിരുന്നു.
മാലദ്വീപും ലക്ഷദ്വീപും കോലത്തിരിയിൽനിന്നും അറയ്ക്കൽ രാജാക്കന്മാർ വിലയ്ക്കു വാങ്ങിയതാണെന്ന ചില പരാമർശങ്ങളുണ്ടെങ്കിലും ചരിത്രകാരൻമാർ ഇത് നിഷേധിക്കുന്നു.
നാവിക മേധാവിത്വം ഉണ്ടായിരുന്നവർക്കു മാത്രമേ അറബിക്കടലിൽ കിടക്കുന്ന ഈ ദ്വീപുകൾ നിയന്ത്രിക്കാൻ കഴിയുമായിരുന്നുള്ളുവെന്നാണ് ചരിത്രകാരൻമാരുടെ പക്ഷം.
അറയ്ക്കലിന്റെ രാജമുദ്ര തന്നെ അക്കാലത്തെ മറ്റു നാട്ടുരാജ്യങ്ങളിൽ നിന്നും വ്യത്യസ്തത പുലർത്തുന്ന തരത്തിൽ കടൽയാനത്തിന്റെ ചിത്രത്തോടു കൂടിയതായിരുന്നുവെന്നതും ഇവരുടെ കടലാധിപത്യത്തിന്റെ തെളിവാണ്.
പഴയ കാലത്ത് ഹിന്ദുക്കൾക്ക് കടൽയാത്ര നിഷിദ്ധമായതിനാൽ ഇവർ നാവിക സേനയ്ക്ക് പ്രാധാന്യം നൽകിയിരുന്നില്ല.
അത്തരമൊരവസ്ഥയിൽ ലക്ഷദ്വീപും മാലിയും കോലത്തിരിയുടെ അധീനതിയിലായിരുന്നുവെന്ന് പറയുന്നതിൽ പ്രസക്തിയില്ല.
മിനിക്കോയിയെയും ലക്ഷദ്വീപിനെയും വേർതിരിക്കുന്ന കടലിടുക്ക് അറയ്ക്കൽ രാജകുടുംബവുമായി ഭരണ ബന്ധമുള്ള വ്യക്തിയുടെ പേരിനോടു ചേർത്ത് മമ്മാലി ചാനൽ എന്നാണ് പോർച്ചുഗീസ് രേഖകളിൽ വിശേഷിപ്പിച്ചിരിക്കുന്നത്.
ലക്ഷദ്വീപുകളുടെ ഭരണ നിർവഹണത്തിനായി അറയ്ക്കൽ രാജവംശം നിയോഗിച്ചവരെ മമ്മാലികളെന്നായിരുന്നു വിളിച്ചിരുന്നത്. ഈ പേരിൽ നിന്നാണ് മമ്മാലിച്ചാനൽ എന്ന പേരു വന്നതെന്നും പറയുന്നു.
ഇക്കാരണങ്ങളാൽ തന്നെ അറയ്ക്കൽ രാജവംശം കണ്ടെത്തി ആധിപത്യം സ്ഥാപിച്ച പ്രദേശമാണ് ലക്ഷദ്വീപെന്ന് വ്യക്തമാണെന്ന് ചരിത്രകാരൻമാർ പറയുന്നു.
കടലിലെ തങ്ങളുടെ ആധിപത്യത്തിന് അറയ്ക്കൽ തടസമാകുന്നെന്ന് കണ്ട പോർച്ചുഗീസുകാർ 1553-ൽ ദ്വീപ് പിടിച്ചെടുത്തെങ്കിലും പിന്നീട് അറയ്ക്കൽ തിരിച്ചുപിടിച്ചു.
കടലിലെ ആധിപത്യത്തിനായി അറയ്ക്കലുമായി പോർച്ചുഗീസുകാർ നിരന്തര പോരാട്ടം നടത്തേണ്ടി വന്നതിന്റെ വിവരങ്ങളും പോർച്ചുഗീസ് രേഖകളിൽ പറയുന്നുണ്ട്.
മൈസൂരിലെ ഹൈദരലിയുമായും മകൻ ടിപ്പു സുൽത്താനുമായി സൗഹൃദത്തിലായിരുന്നു അറയ്ക്കൽ. ടിപ്പു സുൽത്താന്റെ ബ്രിട്ടീഷുകാർക്കെതിരേയുള്ള യുദ്ധത്തിൽ സുൽത്താനൊപ്പമായിരുന്നു അറയ്ക്കൽ.
എന്നാൽ മൂന്നാം മൈസൂർ യുദ്ധത്തിന്റെ തുടക്കത്തിൽ തന്നെ ബ്രിട്ടീഷുകാർ കണ്ണൂർ കീഴടക്കിയതോടെ അറയ്ക്കലും ബ്രിട്ടീഷ് ഭരണത്തിനു കീഴിലായി.
അന്നത്തെ അറയ്ക്കൽ ബീവിയുമായി ബ്രിട്ടീഷുകാർ ഉണ്ടാക്കിയ കരാറനുസരിച്ച് മിനിക്കോയി, അമിൻദിവി ഉൾപ്പെടെയുള്ള ദ്വീപുകൾ ബ്രിട്ടീഷുകാർക്ക് വിട്ടുനൽകേണ്ടി വന്നു.
ദ്വീപുകൾ വിട്ടുനൽകിയതിന് അതിന്റെ ഉടമസ്ഥയെന്ന നിലയ്ക്ക് അന്നത്തെ അറയ്ക്കൽ ബീവിക്ക് ബ്രിട്ടീഷുകാർ മാലിഖാന എന്ന പേരിൽ വാർഷിക പെൻഷൻ അനുവദിക്കുകയും ചെയ്തു.
അതാത് കാലത്തെ രാജവംശത്തിലെ ഭരണാധികാരികൾക്കാണ് തുക അനുവദിച്ചിരുന്നത്. ബ്രിട്ടീഷ് ഭരണത്തിനു ശേഷം കേന്ദ്രസർക്കാരാണ് ഈ പെൻഷൻ നൽകുന്നത്.
മൂന്നു വർഷം മുന്പ് വരെ പ്രതിവർഷം 23,000 രൂപയായിരുന്നു മാലിഖാന. എന്നാൽ ഇത് പിന്നീട് വെട്ടിച്ചുരുക്കി. മാലിഖാന പൂർവസ്ഥിതിയിൽ പുനഃസ്ഥാപിക്കണമെന്ന് കാണിച്ച് അന്നത്തെ അറയ്ക്കൽ ബീവി സർക്കാരിനോടാവശ്യപ്പെട്ടിരുന്നെങ്കിലും നടപടികൾ ഉണ്ടായില്ലെന്ന് രാജകുംടുംബാംഗങ്ങൾ പറഞ്ഞു.