സ്വന്തം ലേഖകൻ
കണ്ണൂർ: കണ്ണൂർ നഗരത്തിലെ തെരഞ്ഞെടുക്കപ്പെട്ട രണ്ട് ഭരണ കേന്ദ്രങ്ങൾ തമ്മിലുള്ള പോരിന് ശമനമില്ല.
ടെന്നീസ് ഗ്രൗണ്ടിന് സമീപത്തെ എസ്പിസിഎ ജില്ലാ പഞ്ചായത്ത് ഏറ്റെടുത്തതിനെച്ചൊല്ലി കണ്ണൂര്‍ കോര്‍പറേഷനും ജില്ലാ പഞ്ചായത്തും തമ്മില്‍ നടന്ന ആദ്യ ഏറ്റുമുട്ടലിന് തുടർച്ചയായി ഇന്നലെ പഴകിയ ഭക്ഷണം പിടിച്ചതുമായി ബന്ധപ്പെട്ടും ഇരുവിഭാഗവും കൊന്പുകോർത്തു.
ഒടുവിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയ്ക്കെതിരേ ഇന്നലെത്തെ സംഭവത്തിലും കണ്ണൂർ ടൗൺ പോലീസ് കേസെടുക്കാൻ നിർബന്ധിതമായിരിക്കുകയാണ്. കോർപറേഷൻ ഹെൽത്ത് സൂപ്പർ വൈസറാണ് പ്രസിഡന്റിനെതിരേ പരാതി നൽകിയത്.
നഗരത്തിലെ വിവിധ ഹോട്ടലുകളിൽ കോർപറേഷൻ ഹെൽത്ത് സൂപ്പർവൈസർ എ.കെ.ദാമോദരന്റെ നേതൃത്വത്തിൽ ഇന്നലെ പരിശോധന നടത്തിയിരുന്നു.
ഇതിന്റെ ഭാഗമായി ജില്ലാ പഞ്ചായത്ത് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കഫേശ്രീ ഹോട്ടലിലും ഹെൽത്ത് വിഭാഗം പരിശോധന നടത്തി. പഴകിയതും മനുഷ്യോപയോഗത്തിന് പറ്റാത്തതുമായ ഭക്ഷണ സാധനങ്ങൾ ഇവിടെ നിന്ന് പിടിച്ചെടുത്തു.
പ്രസ്തുത സാധനങ്ങൾ കോർപറേഷൻ വാഹനത്തിൽ കയറ്റുമ്പോൾ പി.പി. ദിവ്യയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരെ തടയുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവമുണ്ടായി.
ഇതിനെതിരേ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യക്ക് എതിരേ നടപടി ആവശ്യപ്പെട്ട് കോർപറേഷൻ അധികൃതർ പോലീസിൽ പരാതിയും നൽകി.
എന്നാൽ ഇന്നലെ രാത്രി വൈകിയും ഇവർക്കെതിരേ കേസെടുക്കാൻ പോലീസ് തയാറായില്ല. കേസെടുക്കാതിരിക്കാൻ പോലീസിനുമേൽ കടുത്ത സമ്മർദ്ധങ്ങൾ ഉണ്ടെന്നാണ് ലഭിക്കുന്ന സൂചന.
എങ്കിലും കേസെടുക്കുമെന്നാണ് പോലീസ് ഭാഷ്യം. നേരത്തെ ജില്ലാ പഞ്ചായത്ത് എസ്പിസിഎ ഒഫീസ് ഏറ്റെടുത്തതുമായി ബന്ധപ്പെട്ട പ്രശ്നം ഇപ്പോൾ നിയമ നടപടിയിലേക്ക് നീങ്ങുകയാണ്.
എസ്പിസിഎ സ്വതന്ത്ര സ്ഥാപനമാണെന്നും കോര്പറേഷന് പരിധിയിലുള്ള സ്ഥാപനം ജില്ലാ പഞ്ചായത്തിന് ഏറ്റെടുക്കാന്‍ കഴിയില്ലെന്നുമായിരുന്നു അന്ന് കോര്‍പറേഷന്റെ നിലപാട്.
മൃഗങ്ങളുടെ സംരക്ഷണത്തിനായി സൊസൈറ്റീസ് രജിസ്ട്രേഷന് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത് 1928 മുതല്‍ ജില്ലയില്‍ എസ്പിസിഎ പ്രവര്‍ത്തിക്കുന്നുണ്ട്.
മൃഗങ്ങളെ സംരക്ഷിക്കുന്നതിനായുള്ള സൊസൈറ്റിയില്‍ ഇവയ്ക്കു വേണ്ടത്ര പരിചരണം ലഭിക്കുന്നില്ലെന്ന പരാതികളെ തുടർന്നായിരുന്നു ജില്ലാ പഞ്ചായത്തിന്റെ ഏറ്റെടുക്കൽ.
എന്നാൽ കോർപറേഷൻ പരിധിയിലെ സ്ഥാപനം ജില്ലാ പഞ്ചായത്ത് ഏറ്റെടുത്തതാണ് ഇരു ഭരണ കേന്ദ്രങ്ങളും തമ്മിലുള്ള കിടമത്സരത്തിന് വഴിവച്ചത്.
പഴകിയ ഭക്ഷണം പിടിച്ചെടുത്തതോടെ അത് വീണ്ടും കൂടുതൽ സംഘർഷത്തിലേക്ക് വഴിമാറുകയാണ്. ഇരു മുന്നണികളാണ് ഇവിടെ ഭരണം നടത്തുന്നത് എന്നതാണ് പ്രശ്നം രൂക്ഷമാകാൻ പ്രധാന കാരണം.