കണ്ണൂർ: കണ്ണൂർ തീരത്ത് രൂപപ്പെട്ട ന്യൂനമർദം അതിതീവ്രമായതിനെ തുടർന്ന് ജില്ലയിൽ കനത്ത മഴയും കടൽക്ഷോഭവും ശക്തമായി. കണ്ണൂർ സിറ്റി, മൈതാനപ്പള്ളി, അഴീക്കൽ, പാലക്കോട്, തലശേരി ഗോപാൽപേട്ട, ചാലിൽ, ന്യൂമാഹി മേഖലകളിൽ കടൽക്ഷോഭം ശക്തമായതിനെ തുടർന്ന് ഇവിടെയുള്ളവരെ മാറ്റി പാർപ്പിച്ചു.
തീരമേഖലകളിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ദുരന്തനിവാരണ അഥോറിയും ഉന്നതോദ്യാഗസ്ഥരും തീരദേശ മേഖലയിൽ ക്യാന്പ്് ചെയ്തു വരികയാണ്. കടലിനോട് ചേർന്ന പ്രദേശങ്ങളിലെ വീടുകളിലുള്ളവരെ മാറ്റി താമസിപ്പിക്കുന്നത് തുടരുകയാണ്.
എന്നാൽ കോവിഡ് റിപ്പോർട്ട് ചെയ്ത മേഖലകളിലുള്ളവരെ ക്യാന്പുകളിലേക്ക് മാറ്റാൻ കഴിയാത്ത സാഹചര്യമുണ്ട്. പലയിടങ്ങളിലും കടൽഭിത്തി മറികടന്ന് കൂറ്റൻ തിരകൾ വീടുകളിലേക്ക് അടിച്ചു കയറുകയാണ്. ശക്തമായ കാറ്റുമുണ്ട്.കരയ്ക്ക് കയറ്റിയിട്ട ഫൈബർ ബോട്ടുകൾ തിരയിൽ അടിച്ചു തകർന്നിട്ടുണ്ട്.
ഇതുമായി ബന്ധപ്പെട്ട കണക്കുകൾ എടുത്തുവരികയാണ്. പാലക്കോട് മേഖലയിൽ മത്സ്യബന്ധന ഉപകരണങ്ങൾ കടലെടുത്തു. ഇവിടെ ഡ്രഡ്ജിംഗിനായ കൊണ്ടു വന്ന പൈപ്പുകൾ ഉൾപ്പെടെയുള്ള വസ്തുക്കൾ കടലെടുത്തു. വിനോദ സഞ്ചാര കേന്ദ്രമായ പയ്യാന്പലത്ത് കടലാക്രമണം ശക്തമാണ്. തിരകൾ കരയോട് ചേർന്ന നടപ്പാതയിലേക്ക് വരെ അടിച്ചു കയറുന്നുണ്ട്.
ദുരന്ത സാധ്യത മുന്നിൽ കണ്ട് താലൂക്ക്തല കണ്ട്രോൾ റൂമുകൾ തുറന്നു. തഹസിൽദാർമാരുടെ നേതൃത്വത്തിൽ ഓരോ വില്ലേജിലും ഡെപ്യൂട്ടി തഹസിൽമാർക്ക് ചുമതല നൽകി. പഞ്ചായത്തുകളുടെ സഹകരണത്തോടെയാണ് തയാറെടുപ്പുകൾ നടത്തുന്നത്. ജനങ്ങൾക്ക് നിർദ്ദേശങ്ങൾ നൽകുകയും വാഹന സൗകര്യം, ഫയർ ഫോഴ്സ്, മറ്റ് അടിയന്തര സൗകര്യങ്ങൾ എന്നിവ ഒരുക്കുകയും ചെയ്തിട്ടുണ്ട്.
കണ്ണൂർ താലൂക്കിലെ വിവിധ പഞ്ചായത്തുകളിൽ അടിയന്തര സാചര്യത്തിൽ ആളുകളെ മാറ്റി പാർപ്പിക്കുന്നതിനായി 84 കെട്ടിടങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ആവശ്യമായി വന്നാൽ ക്യാന്പുകൾ തുറക്കുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളും പൂർത്തിയാക്കിയിട്ടുണ്ട്. പയ്യന്നൂർ താലൂക്കിലെ 22 വില്ലേജുകളിലും മൂന്നിൽ കൂടുതൽ പുനരധിവാസ കേന്ദ്രങ്ങൾ കണ്ടെത്തിയിട്ടുണ്ട്.
ഇന്നലെ ആരംഭിച്ച മഴ മലയോര മേഖകളിലടക്കം ശമനമില്ലാതെ തുടരുന്നു. മഴ ശക്തമായതോടെ പുഴകളിലെ നീരൊഴൊക്ക് ശക്തമായിട്ടുണ്ട്. മലയോര മേഖലകളിൽ വൈദ്യുദി ബന്ധം തടസപ്പെട്ടിരിക്കുകയാണ്.ഏരുവേശി പഞ്ചായത്തിലെ ചുണ്ടക്കുന്നിൽ ഇടിമിന്നലേറ്റ് പശുക്കിടാവും കോഴിയും ചത്തു.
വീട്ടിലെ വയറിംഗിനും പശുത്തൊഴുത്തിനും ഭാഗികമായ നാശമുണ്ടായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് മധു തൊട്ടിയിലിന്റെ പുരയിടത്തിലാണ് സംഭവം. വീടിനുസമീപത്തെ രണ്ടു തേക്ക് മരങ്ങളും ഇടിമിന്നലേറ്റ് കരിഞ്ഞു.
കടലിൽ അകപ്പെട്ട മൂന്നുപേരെ കരയ്ക്കെത്തിച്ചു
തലശേരി: ഇക്കഴിഞ്ഞ് 11ന് തലശേരിയിൽ നിന്നും മത്സ്യബന്ധനത്തിന് പോയി തിരിച്ചെത്താതിരുന്ന മൂന്നു പേരെ കോസ്റ്റൽ പോലീസ് രക്ഷപ്പെടുത്തി കരയ്ക്കെത്തിച്ചു. തലായിയിൽ നിന്നും ബോട്ടിൽ മത്സ്യബന്ധനത്തിനു പോയ തിരുവനന്തപുരം സ്വദേശികളായ അരുണ്, മുരുകൻ, ശിവൻ എന്നിവരെയാണ് രക്ഷപ്പെടുത്തിയത്.
ഇവർ പോയ ഫൈബർ തോണിയിൽ വയർലസ് സംവിധാനമില്ലാത്തതിനാൽ ഇവരുമായി ബന്ധപ്പെടാൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് കോസ്റ്റ് ഗാർഡിൻറെ കൂടി സഹായത്തോടെ കോസ്റ്റൽ പോലീസ് കടലിൽ രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു.