കണ്ണൂര്‍: കൊറോണ ബാധിച്ച് ചികിത്സയിൽ ഉള്ളത് നിലവിൽ കണ്ണൂർ 54 പേരും കാസർഗോഡ് 15 പേരുമാണ്. രണ്ടു ജില്ലകളിലും ഇന്നലെ പോസറ്റീവ് കേസുകളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
റെഡ്സോൺ പട്ടികയിൽപെട്ടതിനാൽ രണ്ടു ജില്ലകളിലും നിയന്ത്രണങ്ങൾ തുടരും. കണ്ണൂരിൽ ആകെയുള്ള 112 കൊറോണ ബാധിതരില്‍ ഒരാള്‍ കൂടി ഇന്നലെ ആശുപത്രി വിട്ടു. അഞ്ചരക്കണ്ടി കൊവിഡ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന ചെറുവാഞ്ചേരി സ്വദേശി 24കാരനാണു രോഗം ഭേദമായി ആശുപത്രി വിട്ടത്.
ഇതോടെ ജില്ലയില്‍ രോഗമുക്തി നേടിയവരുടെ എണ്ണം 58 ആയി. നിലവില്‍ 54 പേരാണു പേരാണ് ആശുപത്രികളില്‍ ചികില്‍സയിലുള്ളത്. നിലവില്‍ 55 പേര് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജിലും 21 പേര് കണ്ണൂര്‍ ജില്ലാ ആശുപത്രിയിലും ആറു പേര് തലശേരി ജനറല്‍ ആശുപത്രിയിലും 32 പേര് അഞ്ചരക്കണ്ടി ജില്ലാ കോവിഡ് ചികിത്സാ കേന്ദ്രത്തിലും 2606 പേര് വീടുകളിലുമായി 2720 പേര് ജില്ലയില്‍ നിരീക്ഷണത്തിലുണ്ട്.
ഇതുവരെയായി ജില്ലയില്‍ നിന്നും 2851 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചതില്‍ 2,571 എണ്ണത്തിന്റെ ഫലം ലഭ്യമായി. 280 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. അതിനിടെ, വൈറസിന്റെ സമൂഹ വ്യാപന സാധ്യത അറിയുന്നതിനായുള്ള രണ്ടാംഘട്ട സാമ്പിള്‍ പരിശോധന ഇന്നലെയും തുടര്‍ന്നു.
ഇന്നലെ വിവിധ വിഭാഗങ്ങളില്‍ നിന്നുള്ള 30 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതോടെ തെരഞ്ഞെടുക്കപ്പെട്ട സാമൂഹ്യ വിഭാഗങ്ങളില്‍ നിന്നെടുത്ത സാമ്പിളുകളുടെ എണ്ണം 88 ആയി. വൈറസ് വ്യാപന സാധ്യതയുള്ള വിഭാഗങ്ങളില്പെട്ടവരെയാണു രണ്ടാം ഘട്ടത്തില്‍ സ്രവപരിശോധനയ്ക്കു വിധേയമാക്കുന്നത്.
കാസർഗോഡ് മെഡിക്കൽ കോളജിൽ നിന്ന് ഒരാൾ സുഖംപ്രാപിച്ചു. പുതിയതായി രണ്ടുപേരെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. നിലവിൽ 2,197 പേരാണ് നിരീക്ഷണത്തിലുള്ളത്. വീടുകളിൽ 2,165 പേരും ആശുപത്രികളിൽ 32 പേരുമാണുള്ളത്. 3,791 സാമ്പിളുകളാണ് (തുടർ സാമ്പിൾ ഉൾപ്പെടെ) ആകെ പരിശോധനയ്ക്ക് അയച്ചത്. 3,104 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റീവ് ആണ്.
370 സാമ്പിളുകളുടെ പരിശോധനാഫലം ലഭിക്കാനുണ്ട്. ജില്ലയിൽ ഇതുവരെ രോഗബാധ സ്ഥിരീകരിച്ച 160 പേരാണ് രോഗവിമുക്തരായിരിക്കുന്നത്. നിരീക്ഷണത്തിലുള്ള 256 പേർ നിരീക്ഷണകാലയളവ് പൂർത്തീകരിച്ചു.