ഇരിട്ടി: അയ്യൻകുന്ന് പഞ്ചായത്തിലെ കരിക്കോട്ടക്കരി ടൗണിന് സമീപത്ത് വനംവകുപ്പിന്റെ വാഹനത്തിനുനേരേ കാട്ടാന ആക്രമണം. ഇരിട്ടി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സി. സുനിൽകുമാറും സംഘവും സഞ്ചരിച്ചിരുന്ന വാഹനത്തിനുനേരേ ഇന്ന് പുലർച്ചെ 6.30 തോടെയായിരുന്നു ആനയുടെ ആക്രമണം. എടപ്പുഴ റോഡിൽ വെന്തചാപ്പയിലെ ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനയെ തുരത്താനായി എത്തിയപ്പോഴാണ് ആക്രമണം നടന്നത്.
പുലര്‍ച്ചെ 5.15 ഓടെ കരിക്കോട്ടക്കരി പോലീസ് സ്റ്റേഷനു സമീപം ആറളം-അയ്യൻകുന്ന് പഞ്ചായത്തുകളെ വേർതിരിക്കുന്ന പത്താഴപ്പുര പാലത്തിനു സമീപത്താണ് നാട്ടുകാരനായ പി.എസ്. തങ്കച്ചൻ കാട്ടാനയെ കണ്ടത്. ഉടൻ വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു.
പുലർച്ചെ 6.30 തോടെ വെന്തചാപ്പയിൽ എത്തിയ ആന പുഴയിലെ ചപ്പാത്തിൽ ഇറങ്ങി നിലയുറപ്പിച്ചു. വനം വകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് ആനയെ കാട്ടിലേക്ക് തുരത്താൻ ശ്രമിക്കുന്നതിനിടെ കരിക്കോട്ടക്കരി എടപ്പുഴ റോഡിൽ നിർത്തിയിട്ട വനം വകുപ്പ് വാഹനത്തിനുനേരേ തിരിയുകയായിരുന്നു.
നാട്ടുകാരും വനം വകുപ്പ് ഉദ്യോഗസ്ഥരും പോലീസും ചേർന്ന് ഒച്ച വച്ചതോടെ സമീപത്തെ ജോയി എന്ന ആളുടെ വീടിന് പുറകിലെ കുന്നിലേക്ക് ആന കയറി. ആനയെ തുരത്താനായി വനം ഉദ്യോഗസ്ഥർ പടക്കം പൊട്ടിച്ചതോടെ പല സ്ഥലങ്ങളിലേക്കും മാറിമാറി സഞ്ചരിച്ച് ടൗണിലെ കോൺവന്റിന് സമീപത്ത് ഏറെനേരം നിലയുറപ്പിച്ചു.
ഇവിടെ നിന്നും ആനയെ തുരത്താൻ ശ്രമിച്ചതോടെ വീണ്ടും വെന്തചാപ്പ ഭാഗത്തെ ജനവാസ മേഖലയിൽതന്നെ നിലയുറപ്പിച്ചിരിക്കുകയാണ് ആന.കാട്ടാന കടന്നുവന്ന കൃഷിയിടത്തിലെല്ലാം വ്യാപകമായി കൃഷി നശിപ്പിച്ചു. എണ്ണക്കുടം പൂവത്തിങ്കൽ ജോയി, മഞ്ഞപ്പള്ളി ജോബി, പണ്ടാരപള്ളിയിൽ ജോർജ്, അറക്കൽ റോബർട്ട് എന്നിവരുടെ കൃഷിയിടത്തിലാണ് കാട്ടന നാശം വിതച്ചത്.
കശുമാവിൻ തൈകൾ അടക്കം പിഴുതെറിഞ്ഞ നിലയിലാണ്. രാവിലെ റബർ ടാപ്പിംഗ് ഉൾപ്പെടെ പൂർത്തിയാക്കിയ കർഷകർ പാലെടുക്കാൻ കഴിയാതെ ആശങ്കയിലാണ്. ആന ഇറങ്ങിയതോടെ കരിക്കോട്ടക്കരി ഇടവകയുടെ കുരിശുപള്ളിയായ മലയാളം കാട് കുരിശുപള്ളിയിൽ നടത്താനിരുന്ന വിശുദ്ധ കുർബാന മാറ്റിവച്ചു. ഇന്നലെ രാത്രി കീഴ്പള്ളി വട്ടപ്പറമ്പ് മേഖലയില്‍ കാട്ടാനയെത്തിയിരുന്നു.
എസ്എസ്എൽസി പരീക്ഷ നടക്കുന്ന ദിവസമായത് കൊണ്ട് കരിക്കോട്ടക്കരി മേഖലയിൽ കാട്ടാന എത്തിയത് വിദ്യാർഥികളെയും രക്ഷിതാക്കളെയും ഏറെ ആശങ്കയിലാക്കി. കരിക്കോട്ടക്കരി എടപ്പുഴ റോഡിലെ ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തിയതോടെ സ്കൂളിലേക്ക് എത്തേണ്ട വിദ്യാർഥികൾ മറ്റ് വഴികളിലൂടെ ചുറ്റി തിരിഞ്ഞാണ് സ്കൂളിൽ എത്തിയത്. പലരെയും രക്ഷിതാക്കൾതന്നെ സ്കൂളിൽ കൊണ്ടു വിട്ടു.
ആറളം പഞ്ചായത്ത് പ്രസിഡന്റ് കെ.പി. രാജേഷ്, അയ്യൻകുന്ന് പഞ്ചായത്ത് പ്രസിഡന്റ് കുര്യാച്ചൻ പൈമ്പളിക്കുന്നേൽ, വൈൽഡ് ലൈഫ് വാർഡൻ ജി. പ്രസാദ്, കൊട്ടിയൂർ റേഞ്ചർ പി. പ്രസാദ് എന്നിവരും കരിക്കോട്ടക്കരി പോലീസും സ്ഥലത്തുണ്ട്. കരിക്കോട്ടക്കരി എടപ്പുഴ റോഡിൽ ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്. പ്രദേശത്തെ ജനങ്ങളോട് ജാഗ്രത പാലിക്കാനും വീട് വിട്ട് പുറത്തിറങ്ങരുതെന്നും അധികൃതർ ആവശ്യപ്പെട്ടു.