കണ്ണൂർ: മോൻസൻ മാവുങ്കലുമായി ബന്ധപ്പെട്ട പോക്സോ കേസിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ കെപിസിസി പ്രസിഡന്റ് കെ. സുധാകരന്റെ പേര് കൂടി ആരോപിച്ചതോടെ രാഷ്ട്രീയ കേരളത്തിൽ കൊന്പന്മാരുടെ പോര്.
സിപിഎം-കോൺഗ്രസ് രാഷ്ട്രീയ പോരാട്ടങ്ങളുടെ പടനിലമായ കണ്ണൂരിൽനിന്നുള്ള നേതാക്കളുടെ പോരാട്ടമായി വിഷയം മാറിക്കഴിഞ്ഞു.
പുരാവസ്തു തട്ടിപ്പു കേസിലെ മുഖ്യപ്രതി മോൻസനുമായി ബന്ധപ്പെട്ട പോക്സോ കേസ് അതിന്റെ വഴിക്ക് നടക്കുന്പോൾ സിപിഎം സംസ്ഥാന സെക്രട്ടറി കെപിസിസി പ്രസിഡന്റിനെതിരേ ഉന്നയിച്ച ആരോപണം രാഷ്ട്രീയതലത്തിൽപുതിയൊരു ചർച്ചയ്ക്കാണ് വഴിവച്ചിരിക്കുന്നത്.
പ്രായപൂർ ത്തിയാകാത്ത പെൺകുട്ടിയെ മോൻസൻ പീഡിപ്പിക്കുന്പോൾ സംഭവസ്ഥലത്ത് കെ. സുധാകരൻ ഉണ്ടായിരുന്നുവെന്ന് ഇര രഹസ്യമൊഴി നൽകിയെന്നായിരുന്നു എം.വി. ഗോവിന്ദൻ ആരോപിച്ചത്.
പോക്സോ കേസിൽ ക്രൈംബ്രാഞ്ച് കെ. സുധാകരനെ ചോദ്യം ചെയ്യുമെന്ന് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.
എന്നാൽ, സംഭവം വിവാദമായതോടെ ദേശാഭിമാനി പത്രത്തിൽ വന്ന വാർത്തയുടെ അടിസ്ഥാനത്തിലാണ് ഇത്തരം പരമാർശം നടത്തിയതെന്നു പറഞ്ഞ് ആരോപണം മയപ്പെടുത്താൻ ഗോവിന്ദൻ ശ്രമം നടത്തി.
പാർട്ടി പത്രത്തിൽ വന്ന വാർത്തയാണ് താൻ പറഞ്ഞതെന്ന് എം.വി. ഗോവിന്ദൻ വിശദീകരിച്ചതോടെ പാർട്ടി പത്രത്തെയും കൂടി സംസ്ഥാന സെക്രട്ടറി പ്രതിരോധത്തിലാക്കി.
അതിനിടെ പോക്സോ കേസിൽ കെ. സുധാകരനെ ചോദ്യം ചെയ്യുമെന്ന പരാമർശം ക്രൈംബ്രാഞ്ച് നിഷേധിച്ചതോടെ സിപിഎമ്മും സർക്കാരുമൊക്കെ വിഷമവൃത്ത ത്തിലുമായി. ചോദ്യം ചെയ്യാൻ വിളിപ്പിച്ചത് തട്ടിപ്പുക്കേസിലാണെന്നാണ് ക്രൈംബ്രാഞ്ച് വ്യക്തമാക്കിയത്.
എം.വി. ഗോവിന്ദന്റെ അടിസ്ഥാനരഹിതമായ ആരോപണത്തെ നിയമപരമായി നേരിടാനാണ് കെ. സുധാകരന്റെ തീരുമാനം. ഗോവിന്ദന്റെ ആരോപണം രാഷ്ട്രീയതലത്തിൽ ഉപയോഗിക്കാനും കോൺഗ്രസ് ശ്രമിക്കും.
മോൻസൻ മാവുങ്കലുമായി ബന്ധപ്പെട്ട സാന്പത്തികത്തട്ടിപ്പ് കേസിൽ പ്രതി ചേർക്കപ്പെട്ടതോടെ പ്രതിരോധത്തിലായ കെ. സുധാകരനു ഗോവിന്ദന്റെ പോക്സോ കേസ് ആരോപണം ആശ്വാസമായാണ് മാറിയിരിക്കുന്നത്.
സിപിഎമ്മാണു സുധാകരനെതിരേയുള്ള കേസുകൾക്കു പിന്നിലെന്ന കോൺഗ്രസിന്റെ ആക്ഷേപത്തിനു ശക്തി പകരാൻ ഇതിനായി. സിപിഎമ്മിനാകട്ടെ ആരോപണം കൈവിട്ടകളിയായും മാറി.
എം.വി. ഗോവിന്ദൻ സിപിഎമ്മിന്റെ ”അശ്ലീലസെക്രട്ടറി’യെന്നു കെ. സുധാകരൻ
കണ്ണൂർ: എം.വി. ഗോവിന്ദനെ സിപിഎമ്മിന്റെ “അശ്ലീല’ സെക്രട്ടറിയെന്ന് വിശേഷിപ്പിച്ച് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്റെ ഫെയ്സ് ബുക്ക് പോസ്റ്റ്. സിപിഎമ്മിന്റെ ‘അശ്ലീല’ സെക്രട്ടറിയോടാണ്..’ എന്ന് വിശേഷിപ്പിച്ച് തുടങ്ങുന്ന പോസ്റ്റിൽ തലച്ചോറിൽ അശ്ലീലം നിറച്ച വ്യക്തിയാണെന്ന് അധിക്ഷേപിക്കുന്നതിനൊപ്പം ആന്തൂറിലെ സാജന്റെ ആത്മഹത്യ സംബന്ധിച്ച് എം.വി. ഗോവിന്ദന്റെ ഭാര്യ ശ്യാമളയെയും കുറ്റപ്പെടുത്തുന്നു. കൂടാതെ എൽഡിഎഫ് കൺവീനറായ ഇ.പി. ജയരാജനും പാർട്ടി സെക്രട്ടറിയും തമ്മിൽ മികച്ച വിദൂഷകനാരാണെന്ന് തെളിയിക്കാനുള്ള മത്സരമാണ് നടത്തുന്നതെന്നും പറയുന്നു. പോസ്റ്റിന്റെ പൂർണരൂപം ചുവടെ.
““സിപിഎമ്മിന്റെ ‘അശ്ലീല’ സെക്രട്ടറിയോടാണ്..
ഇരിക്കുന്ന സ്ഥാനത്തിന്റെ മാന്യതയെങ്കിലും കാണിക്കണമെന്ന് താങ്കളോട് പറയണമെന്നുണ്ട്. പക്ഷേ ഒന്നോർത്താൽ ആ സ്ഥാനത്തിന്റെ നിലവാരം തന്നെയാണ് താങ്കൾ ഇപ്പോൾ കാണിക്കുന്നതും!
ആന്തൂരിലെ സാജനെ ‘കൊന്ന’ ശേഷം, അയാളുടെ ഭാര്യക്ക് അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ച ശ്യാമളയുടെ ഭർത്താവിനോട് ‘മാന്യത’ കാണിക്കണമെന്ന് പറയുന്നത് ഒരല്പം കടന്ന കൈയാണ്.
എന്നാലും…. ഞരമ്പ് രോഗികളായ കമ്യൂണിസ്റ്റ് അടിമകൾ മാത്രമല്ല, ‘മാന്യമായി’ ജീവിക്കുന്ന ബാക്കിയുള്ള ജനങ്ങളും താങ്കളെ കേൾക്കുന്നുണ്ടെന്ന് വെറുതെയെങ്കിലുമൊക്കെ ഓർക്കുക.തലച്ചോറിൽ അശ്ലീലം നിറച്ചൊരു ‘തനി’ ദേശാഭിമാനി ലേഖകനായി ഇത്ര പെട്ടെന്ന് താങ്കൾ അധഃപതിക്കുമെന്ന് ഞാൻ വിചാരിച്ചിരുന്നില്ല.
എന്താണ് ഗോവിന്ദൻ? ഇതാണോ രാഷ്ട്രീയം? അൽമെങ്കിലും സംസ്കാരത്തോടെ രാഷ്ട്രീയ ആരോപണങ്ങൾ ഉന്നയിക്കാൻ നിങ്ങൾക്കും സിപിഎമ്മിനും നാളിതുവരെയും കഴിയാതെ പോകുന്നത് എന്തുകൊണ്ടാണ്?
നാട്ടിലെ മുഴുവൻ മാധ്യമങ്ങളെയും വിരട്ടി, ജനങ്ങളുടെ മുന്നിലൊരു കോമാളി പരിവേഷത്തിൽ സ്വയം നിൽക്കുമ്പോൾ, ഇത്ര വേഗം അടുത്ത വിഡ്ഢിത്തവുമായി ഇറങ്ങണമായിരുന്നോ? വിദൂഷക വേഷത്തിൽ കൺവീനർ സ്ഥാനത്തിരിക്കുന്ന ആളോട് മത്സരിക്കാനാണോ പാർട്ടി സെക്രട്ടറിയായി താങ്കളെ നിയമിച്ചിരിക്കുന്നതെന്ന് കേരളം സംശയിക്കുന്നുണ്ട്.
പോലീസും കേസുമൊക്കെ കാണിച്ചു വിരട്ടിയാൽ ഉടൻ തന്നെ കേന്ദ്രത്തിലെ യജമാനന്റെ കാലിൽ വീഴുന്നൊരു പിണറായി വിജയനെ താങ്കൾക്ക് പരിചയമുണ്ടാകും. ആ തുലാസും കൊണ്ട് മറ്റുള്ളവരെ അളക്കാൻ വരരുത്, ഗോവിന്ദൻ’.