തളിപ്പറമ്പ്: തളിപ്പറമ്പ് മെയിന്‍ റോഡിൽ കച്ചവടം റോഡിൽ നടത്തുന്ന തെരുവു കച്ചവടകാർക്കെതിരേ കർശന നടപടിയുമായി പോലീസ്. വാഹന ഗതാഗതം പോലും തടസപ്പെടുത്തിയാണ് തളിപ്പറന്പിലെ കച്ചവടം.തളിപ്പറമ്പ് നഗരത്തിലെ സുപ്രധാനമായ മെയിന്‍ റോഡില്‍ എല്ലാ വര്‍ഷവും പൊതുമരാമത്തുവകുപ്പ് അറ്റകുറ്റപ്പണികള്‍ നടത്താറുണ്ട്, ഈ വര്‍ഷം രണ്ട് മാസം മുമ്പാണ് രണ്ടരകോടി രൂപ ചെലവില്‍ മെക്കാഡം ടാറിംഗ് നടത്തിയത്.
എന്നാല്‍ ഇത് തെരുവ് കച്ചവടക്കാര്‍ക്ക് മാത്രം സംവരണം ചെയ്തിരിക്കയാണ്. ആരെന്ത് നിയമം കൊണ്ടുവന്നാലും തങ്ങള്‍ക്കത് വെറും പുല്ലാണെന്ന നിലപാടിലാണ് ഇവർ. തളിപ്പറമ്പിലെ വ്യാപാരി-വ്യവസായി സംഘടനകള്‍ അനധികൃത തെരുവ് കച്ചവടം ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മുട്ടാത്ത വാതിലുകളൊന്നുമില്ല.
തളിപ്പറമ്പില്‍ കഴിഞ്ഞ ദിവസം പ്രവര്‍ത്തനം തുടങ്ങിയ ട്രാഫിക് യൂണിറ്റിന്റെ നേതൃത്വത്തിൽ റോഡിൽ കച്ചവടം ചെയ്യുന്നവരെ ഒഴിപ്പിക്കാനുള്ള നടപടികൾ തുടങ്ങി കഴിഞ്ഞു. ട്രാഫിക് എസ്ഐ കെ.വി.മുരളി, എഎസ്ഐ എം.രഘുനാഥ് എന്നിവരുടെ നേതൃത്വത്തില്‍ ഇന്നലെ തെരുവ് കച്ചവടക്കാരെ നേരില്‍ കണ്ട് ഗതാഗതത്തിനും കാല്‍നടക്കും ബാധിക്കുന്ന വിധത്തില്‍ കച്ചവടം നടത്തരുതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തെരുവ് കച്ചവടക്കാര്‍ സ്വയം നിയന്ത്രണം പാലിച്ചില്ലെങ്കില്‍ കര്‍ശനമായ നടപടികള്‍ തന്നെ സ്വീകരിക്കുമെന്ന് പോലീസ് പറഞ്ഞു.
കർശന നടപടി വേണമെന്ന് വ്യാപാരി നേതാക്കൾ
തളിപ്പറമ്പ്: തെരുവുകച്ചവടക്കാരുടെ അനധികൃത കച്ചവടത്തിനെതിരേ വ്യാപാരി വ്യവസായി ഏകോപന സമിതി തളിപ്പറമ്പ് യൂണിറ്റ് പ്രസിഡന്റ് കെ.എസ്.റിയാസ്, സെക്രട്ടറി വി. താജുദ്ദീൻ എന്നിവരുടെ നേതൃത്വത്തിൽ നഗരസഭാ അധികൃതർക്ക് പരാതി നല്‍കിയിരുന്നു. ഇവരുടെ ഇടപെടലിനെ തുടർന്നാണ് ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം തളിപ്പറമ്പിൽ ട്രാഫിക് യൂണിറ്റ് അനുവദിക്കപ്പെട്ടത്.