അമ്പായത്തോട്(കണ്ണൂർ): കൊട്ടിയൂർ അമ്പായത്തോട്ടിൽ ആയുധധാരികളായ മാവോയിസ്റ്റ് സംഘമെത്തി പ്രകടനം നടത്തി. ഇന്ന് രാവിലെ ആറോടെ ആയുധധാരികളായ നാലംഗ സംഘമാണ് എത്തിയത്. ഒരു സ്ത്രീയും മൂന്ന് പുരുഷൻമാരും അടങ്ങുന്ന സംഘമാണ് എത്തിയത്. ലഘുലേഖകൾ വിതരണം ചെയ്യുകയും പോസ്റ്ററുകൾ പതിപ്പിക്കുകയും ചെയ്തു. പുലർച്ചെ ആറോടെ എത്തിയ സംഘം ആറരയോടെയാണ് മടങ്ങിയത്.
കൊട്ടിയൂർ വന്യജീവി സങ്കേതത്തിലെ വഴിയിലൂടെയാണ് സംഘം ടൗണിൽ എത്തിയത്. തിരിച്ച് ആ വഴി പോകുകയും ചെയ്തു.മൂന്നു പേരുടെ കൈകളിൽ തോക്കുകൾ ഉണ്ടായിരുന്നു. കോട്ടയത്ത് നിന്നെത്തിയ അന്ന ബസിലും അമ്പായത്തോട് നിന്ന് പുറപ്പെടുന്ന ഡെൽന ബസിലെയും ജീവനക്കാർക്ക് ലഘുലേഖകൾ വിതരണം ചെയ്തു.
തങ്ങൾ മാവോയിസ്റ്റുകാരാണെന്ന് പരിചയപെടുത്തുകയും ചെയ്തു. ജനുവരി 31ന് നടത്തുന്ന ഭാരത് ബന്ത് വിജയിപ്പിക്കുക. അട്ടപ്പാടിയിലെ ചിന്തിയ രക്തത്തിന് പകരം വീട്ടുക, ഓപ്പറേഷൻ സമാധാൻ ജനങ്ങൾക്കെതിരായ യുദ്ധം പരാജയപ്പെടുത്തുക തുടങ്ങിയ കാര്യങ്ങളാണ് പോസ്റ്ററിലും ലഘുലേഖയിലും ഉണ്ടായിരുന്നത്.
മുഖ്യമന്ത്രി പിണറായി വിജയനെതിരേയും പ്രധാനമന്ത്രി നരേന്ദ്രമോഡിക്കെതിരേയും പോസ്റ്ററിൽ പരാമർശമുണ്ട്. കഴിഞ്ഞ വർഷം ഡിസംബറിലും അമ്പായത്തോട് ടൗണിൽ മാവോയിസ്റ്റുകൾ പ്രകടനം നടത്തിയിരുന്നു. കേളകം പോലീസും തണ്ടർബോൾട്ടും പ്രദേശത്ത് തെരച്ചിൽ നടത്തി വരികയാണ്.