പരിയാരം: കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ ഫെബ്രുവരി ഒന്നു മുതൽ വിവിധ വിഭാഗങ്ങളിൽ സൗജന്യചികിത്സ ആരംഭിക്കുന്ന വിവരം മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടതിന് മന്ത്രിയുടെ ഓഫീസ് മെഡിക്കൽ കോളജ് അധികൃതരോട് വിശദീകരണം തേടി.
25 ന് കാരുണ്യ ഫാർമസി ഉദ്ഘാടനം ചെയ്യാൻ എത്തുന്ന മന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ പ്രഖ്യാപിക്കാനിരുന്ന സൗജന്യ ചികിത്സാ പദ്ധതികൾ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടത് എങ്ങനെയെന്നാണ് മന്ത്രിയുടെ ഓഫീസ് വിശദീകരണം ചോദിച്ചിരിക്കുന്നത്.
കോഴിക്കോട് ഗവ. മെഡിക്കൽ കോളജിൽ നിലവിലുള്ള ചികിത്സാ ഫീസുകൾ തന്നെയായിരിക്കും അടുത്തമാസം ഒന്ന് മുതൽ കണ്ണൂർ ഗവ. മെഡിക്കൽ കോളജിലും ഈടാക്കുക. മറ്റ് സർക്കാർ ചികിത്സാ സൗകര്യങ്ങളും ലഭ്യമാകും. ആശുപത്രി വികസന സൊസൈറ്റിയുടെ പൂർണ തോതിലുള്ള പ്രവർത്തനങ്ങളും അന്നു മുതൽ തന്നെ ആരംഭിക്കാനായിരുന്നു തീരുമാനം.
ഏറ്റെടുത്ത് ഒരു വർഷം തികയാറായിട്ടും സൗജന്യ ചികിത്സയും മറ്റു സൗകര്യങ്ങളും ആരംഭിക്കാത്തത് കടുത്ത വിമർശനങ്ങൾക്കിടയാക്കിയിരുന്നു. ഈ വർഷം ഒക്ടോബറിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ അതിന് മുമ്പായി തന്നെ പൂർണതോതിൽ സർക്കാർ മെഡിക്കൽ കോളജായി മാറണമെന്ന് പാർട്ടി തലത്തിൽ ഉയർന്നുവന്ന നിർദ്ദേശം കൂടി പരിഗണിച്ചാണ് തീരുമാനം. നേരത്തെ രണ്ട് വർഷത്തിന് ശേഷം മാത്രമേ സർക്കാർ മെഡിക്കൽ കോളജിലെ ചികിത്സാ സൗജന്യങ്ങൾ ലഭിക്കുകയുള്ളൂവെന്ന് ആരോഗ്യ മന്ത്രി പ്രഖ്യാപിച്ചത്, പിന്നീട് തിരുത്തിയിരുന്നു.
എട്ട് മാസം മുമ്പ് പ്രഖ്യാപിക്കപ്പെട്ട കാരുണ്യ ഫാർമസിയുടെ ഉദ്ഘാടനം വിവിധ കാരണങ്ങളാൽ നീണ്ടുപോയത് വലിയ വിമർശനങ്ങൾക്ക് കാരണമായിരുന്നു. 25 ന് രാവിലെ 10ന് മെഡിക്കൽ കോളജിൽ നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ ടി.വി.രാജേഷ് എംഎൽഎ അധ്യക്ഷത വഹിക്കും.