പരിയാരം: പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജില്‍ നിന്നും മോഷ്ടിക്കപ്പെട്ട മെഡിക്കല്‍ ഉപകരണം തിരിച്ചെത്തി. മെഡിക്കല്‍ കോളജിലെ അവിഹിത ഇടപെടലുകളുടെ വാര്‍ത്തകള്‍ രാഷ്ട്രദീപികയിലൂടെ പുറത്തുവരുന്നതിനിടയിലാണ് ഇന്നലെ വൈകുന്നേരം ഉപകരണം കണ്ടുകിട്ടിയത്.
കഴിഞ്ഞ ജൂണ്‍ ഏഴിനാണ് ഏഴുലക്ഷത്തോളം രൂപ വിലയുള്ള ഉപകരണം മോഷണം പോയതായി കണ്ടെത്തിയത്. ആശുപത്രിയിലെ അനസ്തേഷ്യ റൂമില്‍ സൂക്ഷിച്ചിരുന്ന videolaryngoscopy എന്ന ഉപകരണമാണ് മോഷ്ടിക്കപ്പെട്ടതായി കണ്ടെത്തിയത്.
മെഡിക്കല്‍ കോളജിലെ ആറാം നിലയിലെ ഓപ്പറേഷന് തിയേറ്ററിലെ അലമാരയില്‍ സൂക്ഷിച്ചിരുന്നതാണ് ഈ ഉപകരണം. അലമാരയുടെ താക്കോല്‍ ഓപ്പറേഷന് തീയേറ്ററില്‍ ഉള്ള ഒരു ബോക്സിലാണ് സാധാരണയായി സൂക്ഷിക്കാറുള്ളത്. പിജി വിദ്യാര്‍ഥികള്‍ അടക്കമുള്ളവര്‍ ഇവിടെ സ്ഥിരമായി ഉണ്ടാകാറുണ്ട്.
ഇതിനിടയില്‍ ഉപകരണം എങ്ങനെ മോഷണം പോയെന്ന് വ്യക്തമായിരുന്നില്ല. സ്ഥലത്ത് സിസിടിവി ഇല്ല എന്നു മനസിലാക്കിയ ആളായിരുന്നു വിദഗ്ദമായി മോഷണം നടത്തിയതെന്നും വ്യക്തമായിരുന്നു. ഇക്കാരണത്താല്‍ പ്രതിയിലേക്ക് എത്താന്‍ പോലീസിന് ബുദ്ധിമുട്ടേറെയായിരുന്നു.
അന്വേഷണത്തിനായി പരിയാരം പോലീസ് പ്രത്യേക സംഘത്തെ തന്നെ നിയമിച്ചിരുന്നു. ലാപ്ടോപ്പിന്റെ അത്രമാത്രം വലിപ്പമുള്ള ഉപകരണം സാധാരണ കള്ളന് മോഷ്ടിക്കാന്‍ സാധിക്കില്ലെന്നായിരുന്നു പോലീസിന്റെ നിഗമനം. ഉപകരണത്തിന്റെ വിലയും ഉപയോഗവും മനസിലാക്കിയ ആരോ ആയിരിക്കാം മോഷ്ടാവെന്നും പോലീസ് വ്യക്തമാക്കിയിരുന്നു.
മെഡിക്കല്‍ കോളജിലെ പിജി വിദ്യാര്‍ഥിനിയുടെ ലാപ്ടോപ്പ് മോഷ്ടിച്ച പ്രതിയെ പരിയാരം പോലീസ് നിരീക്ഷണ കാമറ ദൃശ്യങ്ങളിലൂടെ പിടികൂടിയ സംഭവത്തിന് ശേഷമായിരുന്നു മെഡിക്കല്‍ ഉപകരണം മോഷ്ടിക്കപ്പെട്ടത്.
മര്‍മ്മത്തില്‍ കൊണ്ട വാര്‍ത്ത
ഇതിന്റയൊക്കെ അന്വേഷണം തുടരുന്നതിനിടയിലാണ് മെഡിക്കല്‍ കോളജിലെ അവിഹിത ഇടപാടുകളും ആശുപത്രി സൂപ്രണ്ടിനും മുകളിലൂടെയുള്ള ഇടപെടലുകളും രാഷ്ട്രദീപിക രണ്ടുദിവസങ്ങളിലായി വിശദമായ വാര്‍ത്തയാക്കിയത്. മെഡിക്കല്‍ കോളജിനകത്ത് എല്ലാവിധ അധികാര സ്വാതന്ത്ര്യങ്ങളോടുംകൂടി വിലസുന്ന “മാന്യദേഹ’ത്തേയും ഓണ്‍ലൈനിലൂടെ ഇയാള്‍ക്കുള്ള പിന്തുണനല്കുന്ന ചില കൂട്ടുകെട്ടുകളേയും തുറന്നുകാട്ടിയ വാര്‍ത്ത വൈറലായിരുന്നു.
വാര്‍ത്തയെതുടര്‍ന്ന് ഇവിടുത്തെ അവിഹിത ഇടപാടുകള്‍ക്കെതിരേയും ഗൂഢ സംഘത്തിനെതിരേയും ആശുപത്രിയെ അപകീര്ത്തിപെടുത്തുന്നതിനെതിരേയും ജീവനക്കാര്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
ഇതേവാര്ത്തയില് മെഡിക്കല്‍ കോളജിന്റെ മുക്കും മൂലയും അറിയാവുന്നയാളാണ് മറ്റാര്‍ക്കും സംശയത്തിനിടം കൊടുക്കാതെയുള്ള മോഷണത്തിന് പിന്നിലെന്ന് വ്യക്തമായ സൂചന നല്‍കിയതോടെ പോലീസിന്റെ അന്വേഷണവും ഈ വഴിക്ക് നീങ്ങി.
എല്ലാ കള്ളക്കളികളും പുറത്തായതോടെ പരിഭ്രാന്തിയിലായിരുന്ന ഇവിടുത്തെ നിഗൂഢസംഘം രണ്ടുദിവസങ്ങളിലായി രംഗത്ത് നിന്നും പിൻവലിഞ്ഞു നിൽക്കുകയായിരുന്നു. ഇതിനിടയിലാണ് ഇന്നലെ വൈകുന്നേരം മോഷണ മുതല്‍ ഷെല്‍ഫില്‍ പ്രത്യക്ഷപ്പെട്ടത്.
മോഷണമുതല്‍ തിരിച്ചെത്തിച്ചത് ഇവരുടെ ഏജന്റുമാർ വഴിയാണെന്നാണ് കരുതുന്നത്. ഇതേതുടര്‍ന്ന് പരിയാരം പോലീസ് കസ്റ്റഡിയിലെടുത്ത മെഷീന് ഫോറന്‍സിക്ക് പരിശോധനയ്ക്ക് വിധേയമാക്കും.
സംശയമുള്ളവരുടെ വിരലടയാള ശേഖരണവും ചോദ്യംചെയ്യലും നടത്തുന്നതിലൂടെ പ്രതിയെ ഉടന്‍ പിടികൂടുമെന്നും പരിയാരം സ്റ്റേഷന് ഇന്‍സ്പെക്ടര്‍ കെ.വി. ബാബു പറഞ്ഞു.
പ്രതികളെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ട്. നിരീക്ഷണ കാമറയില്ലാത്തത് ആറാംനിലയില്‍ മാത്രമാണെന്നും ഈ പോരായ്മ പരിഹരിക്കേണ്ടത് അത്യാവശ്യമാണെന്നും സിഐ ചൂണ്ടിക്കാണിച്ചു.
ജീവനക്കാര്‍ ജാഗ്രതയില്‍
മെഡിക്കല്‍ കോളജിലെ ഉന്നതന് ചമഞ്ഞുള്ള ഇടപെടലുകളും ഇവരുടെ താത്പര്യങ്ങള്‍ക്ക് വഴങ്ങാത്തവരെ മെരുക്കുന്നതിനായി പടച്ചു വിടുന്ന ഓണ്‍ലൈന്‍ വാര്‍ത്തകളും ഇതിലൂടെ സ്ഥാപനത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള നിഗൂഢ നീക്കങ്ങളും രാഷ്ട്രദീപികയിലൂടെ വെളിച്ചത്തു വന്നിരുന്നു.
ആശുപത്രിയധികൃതര്‍ക്കെതിരെ ദുരുദ്ദേശത്തോടെ പടച്ചുവിട്ട ഓണ്‍ലൈന്‍ കഥകള്‍ കെട്ടിച്ചമച്ചതാണെന്നും വാസ്തവമല്ലെന്നുമുള്ള വിശദീകരണത്തോടൊപ്പം ഇത്തരം വാര്‍ത്തകള്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും പലവട്ടം മുന്നറിയിപ്പ് നല്‍കേണ്ടിവന്ന അവസ്ഥയും വാര്‍ത്തയിലുണ്ടായിരുന്നു.
വാര്‍ത്ത പുറത്തുവന്നതോടെ മെഡിക്കല്‍ കോളജിനെ തകര്‍ക്കാനായി ചിലരില്‍നിന്നും അച്ചാരം വാങ്ങി പ്രവര്‍ത്തിക്കുന്ന ഉപചാപക സംഘത്തിനെതിരെ ശക്തമായ പ്രതിഷേധവും ആശുപത്രി ജീവനക്കാരില്നിന്നുയര്ന്നു. ഇതോടെ ഇത്തരക്കാര്‍ക്കെതിരെയുള്ള ജാഗ്രതയിലാണ് ജീവനക്കാര്‍ എന്ന നേട്ടവുമുണ്ടായി.
നടപടികള്‍ സ്വീകരിക്കും:എം.വിജിന് എംഎല്‍എ
രാഷ്ട്രദീപിക വാര്‍ത്തയെ പോസിറ്റീവായി കണ്ടുകൊണ്ട് നടപടികള്‍ സ്വീകരിക്കുമെന്ന് എം.വിജിന് എംഎല്‍എ. സര്‍ക്കാര്‍ സംവിധാനമെന്ന നിലയില്‍ സ്വഭാവികമായും ചില പ്രശ്നങ്ങളുണ്ടാകാമെന്നും എന്നാല്‍, ഇത്തരം കാര്യങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ സര്‍ക്കാര്‍ പിന്നാലെയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
സര്‍ക്കാരിന്റെ സ്ഥാപനങ്ങളെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ പല ഭാഗത്തുനിന്നുമുണ്ടാകാറുണ്ട്. ജനങ്ങളുടെയും ജീവനക്കാരുടേയും ആത്മാര്‍ഥമായ സഹകരണവും ജാഗ്രതയും ഇക്കാര്യങ്ങളില്‍ വേണം. മുഖ്യമന്ത്രിയുടെ പ്രതിനിധി, മന്ത്രിമാര്‍, ജനപ്രതിനിധികള്‍, ജില്ലാ കളക്ടര്‍, ആശുപത്രിയധികൃതര്‍ എന്നിവരുള്‍പ്പെട്ട സമിതി പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്ത് പരിഹാരം കണ്ടെത്തുമെന്നും അദ്ദേഹം പറഞ്ഞു.
പുതിയ പദ്ധതികളുടെ ഭാഗമായി രോഗികളുടെ കൂട്ടിരിപ്പുകാര്‍ക്കുള്ള വിശ്രമകേന്ദ്രമുള്പ്പെടെയുള്ള അവശ്യങ്ങള്‍ക്കായി ആറുകോടിയുടെ കെട്ടിടം പണി നടന്നു വരികയാണ്. 30 കോടിയുടെ കിഫ്ബി പദ്ധതിയും തുടങ്ങാന്‍ പോകുന്നു. റോഡ്, പാര്‍ക്കിംഗ്, ടോയ്ലറ്റ് എന്നീ വിപുലമായ സൗകര്യങ്ങളും കാലപ്പഴക്കം മൂലമുള്ള അറ്റകുറ്റ പണികളും ഇതിന്റെ ഭാഗമായി നടത്താനൊരുങ്ങുകയാണ്.
ജീവനക്കാരുടെ കുറവുകളും പ്രശ്നങ്ങളും പരിഹരിക്കാന്‍ നടപടിയാകുന്നുണ്ട്. ഡയാലിസിന്റെ പുതിയ മെഷീനുകള്‍ എത്തുകയായി. മെഡിക്കല്‍ കോളജിനെ മൊത്തത്തില്‍ മാറ്റിയെടുക്കുന്നതിനുള്ള പദ്ധതികളാണ് ഉടന്‍ നടപ്പാക്കാന്‍ പോകുന്നതെന്നും എംഎല്‍എ പറഞ്ഞു.