പരിയാരം: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജിലെ രണ്ടാം നിലയിൽ രോഗികളെ ബുദ്ധിമുട്ടിലാക്കി നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി പൊളിച്ചുമാറ്റിയ ഇരുമ്പുകളാണ് പലയിടങ്ങളിലായി കൂട്ടിയിട്ടിരുക്കുന്നത്. നവീകരണത്തിന്റെ ഭാഗമായി മെഡിക്കല്‍ കോളജിന്റെ പല ഭാഗത്തുനിന്നും പൊളിച്ചെടുത്ത ഇരുമ്പ്, ഉരുക്ക്, കുപ്പിച്ചില്ല് തുടങ്ങിയവയാണ്.
പകലും രാത്രിയും എന്ന ഭേദമില്ലാതെ നിത്യേന നൂറുകണക്കിനാളുകൾ സൂക്ഷിച്ചുനടന്നുപോയില്ലെങ്കില് ശരീരത്തില്‍ തുരുമ്പെടുത്ത പഴയ ഇരുമ്പ് സാധനങ്ങള്‍ കുത്തിക്കയറും. സർജറി ഒപി, ഓർത്തോ വിഭാഗം ഒപി, ശിശുരോഗ വിഭാഗം ഒപി, പ്രതിരോധ ചികിത്സാ വിഭാഗം ഒപി തുടങ്ങിയവയിലേക്ക് പോകുന്ന വഴിയാണ് ഈ സാധനങ്ങൾ കൂട്ടിയിട്ടിരിക്കുന്നത്.
അതുകൊണ്ട് തന്നെ വീൽചെയറും സ്ട്രെക്ചറും കൊണ്ട് ഈ വഴി പോകാൻ ജീവനക്കാരും കൂട്ടിരിപ്പുകാരും ഏറെ ബുദ്ധിമുട്ടുന്നുണ്ട്. പകൽ പോലും വേണ്ടത്ര വെളിച്ചമില്ലാത്ത ഈ ഭാഗത്ത് രാത്രിയും വെളിച്ചം കുറവാണ്. മെഡിക്കല്‍ കോളജിന് പുറത്ത് കെട്ടി ടമാലിന്യങ്ങള് കൂട്ടിയിടുന്നത് വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയതോടെയാണ് ആരും കാണാതിരിക്കാന്‍ ആശുപത്രിയുടെ പല ഭാഗങ്ങളിലുമായി പഴയ കെട്ടിടാവശിഷ്ടങ്ങള്‍ കൂട്ടിയിട്ടിരിക്കുന്നത്.
മാലിന്യങ്ങള്‍ നീക്കം ചെയ്യേണ്ടത് കരാറുകാരന്റെ ഉത്തരവാദിത്വമാണെന്നും ഇക്കാര്യങ്ങള്‍ നിരവധി തവണ ശ്രദ്ധയില്‍പ്പെടുത്തിയതാണെന്നും മെഡിക്കല്‍ കോളജ് അധികൃതര്‍ പറയുന്നു. എന്നാല്‍ കഴിഞ്ഞ മൂന്നുവര്‍ഷമായി തുടരുന്ന നവീകരണ പ്രവൃത്തികള്‍ ഇഴഞ്ഞുനീങ്ങുകയും എസ്റ്റിമേറ്റ് പുതുക്കാതെ ഇനിയും പ്രവൃത്തി മുന്നോട്ടുകൊണ്ടുപോകാന്‍ സാധിക്കില്ലെന്ന് കരാറുകാരന് അറിയിച്ചതും ചേര്‍ത്തുവച്ചു നോക്കിയാല്‍ മെഡിക്കല്‍ കോളജ് ആശുപത്രിയുടെ പല ഭാഗങ്ങളും ആക്രി ഗോഡൗണുകളായി തുടരാനാണ് സാധ്യത കാണുന്നത്.
മരുന്നുകളും നിലത്തു തന്നെ
ഒരു ഭാഗത്ത് പൊളിച്ചുമാറ്റിയ നിർമാണ സാധനങ്ങളാണെങ്കിൽ മറ്റു ഭാഗത്ത് രോഗികൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നത് നടക്കുന്ന ഭാഗങ്ങളിൽ കൂട്ടിയിട്ട മരുന്നുകളാണ്. മെഡിക്കൽ കോളജിൽ ത്തിയിരിക്കുന്ന മരുന്നുകളും സൂക്ഷിക്കുന്നത് നടവഴിയിൽ തറയിൽ തന്നെയാണ്. സുരക്ഷിതമല്ല എന്ന് ഒറ്റ നോട്ടത്തിൽ തന്നെ തിരിച്ചറിയാൻ പറ്റും. എന്നിട്ടും ഇത്തരത്തിൽ തന്നെ ആയിരക്കണക്കിന് മരുന്നുകളാണ് ഇവിടെയുള്ളത്.
ഇതും മെഡിക്കൽ കോളജിൽ എത്തുന്നവരുടെ സഞ്ചാരത്തിന് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. സ്ട്രെക്ച്ചർ പോലുള്ളവയിൽ രോഗികളെ തള്ളിക്കൊണ്ടുപോകുമ്പോൾ മരുന്നുകളും ഇരുമ്പു സാധനങ്ങളും കൂട്ടിയിട്ട കാരണം എറെ ബുദ്ധിമുട്ടാണ് മെഡിക്കൽ കോളജ് ജീവനക്കാരും രോഗികളും കൂട്ടിരിപ്പുകാരും അനുഭവിക്കുന്നത്.