പരിയാരം: മെഡിക്കൽ വിദ്യാഭ്യാസ ഡയരക്ടറുടെ അനുമതിയില്ലാതെ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് കാമ്പസിനകത്ത് നീതി മെഡിക്കൽ സ്റ്റോർ പ്രവർത്തനം തുടങ്ങി. കടന്നപ്പള്ളി – പാണപ്പുഴ സർവീസ് സഹകരണ ബാങ്കാണ് ഇന്ന് രാവിലെ മുതൽ നീതി മെഡിക്കൽ സ്റ്റോർ പ്രവർത്തനം ആരംഭിച്ചത്. മുൻ സി പി എം ഭരണ സമിതി മെഡിക്കൽ സ്റ്റോർ ആരംഭിക്കാൻ അനുമതി നൽകിയിരുവെന്നും അതു പ്രകാരമാണ് നീതി മെഡിക്കൽ സ്റ്റോർ പ്രവർത്തനം തുടങ്ങിയതെന്ന് ബാങ്ക് പ്രസിഡന്റും കോൺഗ്രസ് എസ് നേതാവുമായ ടി.രാജൻ പറഞ്ഞു.
എന്നാൽ മെഡിക്കൽ കോളജ് സർക്കാർ ഏറ്റെടുത്തതോടെ ഫലത്തിൽ മുൻ ഭരണ സമിതിയുടെ തീരുമാനം മരവിപ്പിക്കപ്പെട്ടിരുന്നു. ഇപ്പോൾ മെഡിക്കൽ കോളജും കാമ്പസും പൂർണമായി മെഡിക്കൽ വിദ്യാഭ്യാസ ഡയരക്ടറുടെ അധീനതയിലാണ്. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറാകട്ടെ ഇതുവരെ അനുമതി നൽകിയിട്ടുമില്ല. നാല് തവണ കടന്നപ്പള്ളി – പാണപ്പുഴ സർവീസ് സഹകരണ ബാങ്ക് നീതി മെഡിക്കൽ സ്റ്റോർ തുടങ്ങാൻ അനുമതി തേടി അപേക്ഷ സമർപ്പിച്ചിരുന്നുവെങ്കിലും നിരാകരിക്കപ്പെടുകയായിരുന്നു.
ഒഴിഞ്ഞുകിടന്നിരുന്ന പഴയ ടീസ്റ്റാൾ സി പി എം ഉന്നതരുടെ മൗനാനുവാദത്തോടെ മെഡിക്കൽ സ്റ്റോറാക്കി മാറ്റുകയായിരുന്നുവെന്നാണ് ആരോപണം. ടീസ്റ്റാൽ മെഡിക്കൽ സ്റ്റോറാക്കി മാറ്റുന്നതിനുള്ള നിർമാണ ജോലികളും മരുന്ന സംഭരണവും അതീവ രഹസ്യമാക്കിയായിരുന്നു ചെയ്തു പോന്നത്.
ഇന്നു രാവിലെ നീതി സ്റ്റോർ പ്രവർത്തനം ആരംഭിച്ചപ്പോഴാണ് ഇക്കാര്യം പുറത്തറിയുന്നത്. നീതി മെഡിക്കൽ സ്റ്റോർ നിയമവിരുദ്ധമായാണ് പ്രവർത്തിക്കുന്നതെന്നും നടപടികൾ സ്വീകരിക്കുമെന്നും മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ.എൻ.റോയ് പറഞ്ഞു.