കണ്ണൂർ മെഡിക്കൽ കോളജിലെ സാമ്പത്തിക ഇടപാടുകളെ കുറിച്ച് അന്വേഷണം വരുന്നു. പ്രവേശനത്തേക്കുറിച്ച് ആവശ്യമെങ്കിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിടുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. വിദ്യാർഥികളുടെ പ്രവേശനവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും പ്രവേശന മേൽനോട്ട സമിതി ഹാജരാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
2016-17 അധ്യയന വർഷം പ്രവേശനം നേടിയ വിദ്യാർഥികളിൽ നിന്നു വൻ തുക തലവരിപ്പണം വാങ്ങിയിട്ടുണ്ട്. ഇക്കാര്യം സാമ്പത്തിക ക്രമക്കേട് തന്നെയാണ്. രേഖകൾ പരിശോധിച്ച ശേഷം സിബിഐ അന്വേഷണത്തിന് ഉത്തരവിടുന്ന കാര്യം ആലോചിക്കുമെന്നും കോടതി വ്യക്തമാക്കി.
വിദ്യാർഥികളിൽ നിന്ന് ബാങ്ക് വഴി ഈടാക്കിയ ഫീസ് ഇരട്ടിയായി മടക്കി നൽകിയെന്ന് കോളജ് അധികൃതർ കോടതിയെ അറിയിച്ചു. എന്നാൽ കുട്ടികളിൽ നിന്ന് വാങ്ങിയ മുഴുവൻ തുകയുടെ ഇരട്ടിയാണ് നൽകേണ്ടതെന്ന് കോടതി ആവര്‍ത്തിച്ചു. കേസ് അടുത്ത ബുധനാഴ്ചത്തേക്ക് മാറ്റിവെച്ചു.
തൊടുപുഴ അൽ അസര്‍, പാലക്കാട് പികെ ദാസ്, വയനാട് ഡിഎം, വര്‍ക്കല എസ്ആര്‍ എന്നീ കോളജളുകളിലെ പ്രവേശന നടപടികൾ സംബന്ധിച്ച കേസും സുപ്രീം കോടതി ബുധനാഴ്ചത്തേക്ക് മാറ്റിയിട്ടുണ്ട്. ഈ കോളജുകളിൽ മെഡിക്കൽ പ്രവേശനത്തിന് സ്റ്റേ ഏർപ്പെടുത്തിയിരുന്നു.