കണ്ണൂർ: സുപ്രീംകോടതി വിധിയെത്തുടർന്ന് പഠനം അനിശ്ചിതത്തിലായ കണ്ണൂർ മെഡിക്കൽ കോളജിലെ കുട്ടികളുടെ രക്ഷിതാക്കൾ സുപ്രീംകോടതിയെ സമീപിക്കാൻ ഒരുങ്ങുന്നു. കണ്ണൂർ മെഡിക്കൽ കോളജിലെ രണ്ടാംവർഷ എംബിബിഎസ് വിദ്യാർഥികളുടെ പഠനമാണ് സുപ്രീംകോടതി വിധിയോടെ മുടങ്ങിയത്.
കുട്ടികളെ ബലിയാടാക്കരുതെന്നും കൃത്യമായ രേഖകൾ ഹാജരാക്കി ആവശ്യമായ ഫീസടച്ചാണ് എംബിബിഎസ് പ്രവേശനം നേടിയതെന്ന് രക്ഷിതാക്കളുടെ അസോസിയേഷൻ സെക്രട്ടറി മോഹനൻ കോട്ടൂർ രാഷ്ട്രദീപികയോട് പറഞ്ഞു. മാനേജ്മെന്റ് യഥാസമയം ആവശ്യമായ രേഖകൾ സമർപ്പിച്ചില്ലെന്ന് പറഞ്ഞ് കുട്ടികളെ ബലിയാടാക്കുന്ന നടപടി ശരിയല്ല. പ്രവേശനം റദ്ദായ 118 കുട്ടികളുടെ രക്ഷിതാക്കൾ സുപ്രീം കോടതിയെ സമീപിക്കുമെന്ന് മോഹനൻ കോട്ടൂർ പറഞ്ഞു.
ഇതിനിടയിൽ സുപ്രീംകോടതി വിധി വീണ്ടും എതിരായാൽ വിദ്യാർഥികൾ പഠനം തുടരാനാവാതെ തിരിച്ചുപോരുന്പോൾ സ്ഥാപനത്തിൽ നൽകിയ ഫീസും മറ്റും തിരിച്ചുകിട്ടുമോ എന്ന് ആശങ്കയിലാണ്. പഠനം പൂർത്തിയാക്കാനായില്ലെങ്കിലും തിരിച്ചുപോരുന്പോൾ സർട്ടിഫിക്കറ്റിനൊപ്പം തങ്ങൾക്ക് നഷ്ടമായ പണമെങ്കിലും മാനേജ്മെന്റ് തരുമെന്ന പ്രതീക്ഷയിലാണ് വിദ്യാർഥികൾ. പണം തിരിച്ചുകിട്ടാൻ ഇനിയൊരു കോടതികയറ്റും അവർക്കാവില്ല.
കണ്ണൂർ മെഡിക്കൽ കോലജിൽ 2016 സെപ്റ്റംബറിലാണ് ക്ലാസ് തുടങ്ങിയത്. എല്ലാവരും ഒന്നാംവർഷത്തെ ഫീസായ പത്തുലക്ഷം രൂപയും സ്പെഷൽ ഫീസായ 1.65 ലക്ഷം രൂപയുമാണ് നൽകിയത്. ഇതിന് പുറമെ തലവരിപ്പണം എത്രയാണ് കൊടുത്തതെന്ന് പലരും പറയുന്നില്ല. ചിലർ അഞ്ചുകൊല്ലത്തെ ഫീസ് ഒന്നിച്ച് അന്പതുലക്ഷം കൊടുത്തതായി പറയുന്നു. പലരിൽനിന്നും പലരീതിയിലാണ് തലവരിപണം ക്യാപിറ്റേഷൻ ഫീ ഈടാക്കിയതെന്ന രക്ഷിതാക്കൾ പറയുന്നു.
അടച്ച ഫീസ് തിരിച്ചു ചോദിക്കുന്പോൾ മാനേജ്മെന്റിന് പറയാനുള്ളത് മറ്റൊന്നാണ്. അടച്ച ഫീസ് സാധാരണ തിരിച്ചുകൊടുക്കാറില്ല. ഒന്നരവർഷത്തോളം വിദ്യാർഥികൾ അവിടെ പഠിച്ചിട്ടുണ്ട്.ഹോസ്റ്റൽ ഫീസുൾപ്പെടെ അതിന്റെ മൊത്തം ചെലവും മാനേജ്മെന്റിനുണ്ട്. പിന്നെയെങ്ങനെ ഫീസ് തിരിച്ചു കൊടുക്കും എന്നാണ് അവരുടെ വാദം. മാനേജ്മെന്റുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രതികരണമൊന്നും ലഭിച്ചിട്ടില്ല.