വൈപ്പിൻ: ഓച്ചന്തുരുത്ത് സംസ്ഥാനപാതയ്ക്കരുകിൽ റിട്ടയേർഡ് അധ്യാപകനായ തച്ചേരിൽ ജോഷിയുടെ വീട്ടിൽ നിന്നും 30 പവന്റെ സ്വർണാഭരണങ്ങളും 80000 രൂപയും കവർന്ന സംഭവത്തിൽ മോഷ്ടാവ് പോലീസിന്റെ പിടിയിൽ. മട്ടാഞ്ചേരി സ്വദേശി ഹനീഫ(46) യാണ് കസ്റ്റഡിയിലായത്. ഇയാളെ കഴിഞ്ഞ രാത്രി അരൂക്കുറ്റിയിൽ നിന്നു ഞാറക്കൽ പോലീസാണ് പിടികൂടിയത്. കൂടെ മറ്റൊരാൾ കൂടിയുണ്ടെന്നാണ് സൂചന.
സൈക്കിളിൽ ചുറ്റിക്കറങ്ങി മോഷണം നടത്തുകയാണ് ഇയാളുടെ പതിവത്രേ. മോഷണം നടന്ന വീടിനു സമീപത്ത് നിന്നുള്ള സിസിടിവിയിൽ പതിഞ്ഞ ചിത്രമാണ് മോഷ്ടാവിനെ കണ്ടെത്താൻ സഹായകമായത്. ഞാറക്കൽ പോലീസിന്റെ ഉറക്കം കെടുത്തിയ ഈ കേസിൽ മോഷ്ടാവ് വൈപ്പിൻകരക്ക് പുറത്തുള്ളയാളാണെന്ന് നേരത്തെ തന്നെ വ്യക്തമായിരുന്നു.
കൃത്യം നടത്തി ഇയാൾ സൈക്കിളിൽ തെക്ക് ഭാഗത്തേക്കാണ് സഞ്ചരിച്ചിരിച്ചത്. ഫോർട്ട് കൊച്ചി വഴി പോയ മോഷ്ടാവ് സൈക്കിളിൽ തന്നെ അരൂർ, ചേർത്തല ഭാഗത്തൂടെ കടന്ന് പോകുന്ന ദൃശ്യങ്ങളും പോലീസിന് ലഭിച്ചിരുന്നു. ഒടുവിലാണ് മോഷ്ടാവിനെ തിരിച്ചറിഞ്ഞതും അരൂക്കുറ്റിയിൽ നിന്നും പിടികൂടിയതും. കൂടുതൽ വിവരങ്ങൾ പോലീസ് പുറത്ത് വിട്ടിട്ടില്ല.
28നു രാവിലെയായിരുന്നു മോഷണം. ഗൃഹനാഥനും ഭാര്യയും കൂടി മാല്യങ്കരയിൽ ഒരു ബന്ധുവിന്റെ വീട്ടിൽ മരണാവശ്യത്തിനു പോയി തിരിച്ചു വരുന്പോഴാണ് വീടും അലമാരയും കുത്തിത്തുറന്ന് മോഷണം നടത്തിയതായി കണ്ടെത്തിയത്. ആലുവ റൂറൽ എസ്പി രാഹുൽ ആർ. നായർ, ഡിവൈഎസ്പി ജയരാജ് എന്നിവരുടെ നേതൃത്വത്തിൽ ഞാറയ്ക്കൽ സിഐ എം.കെ. മുരളി, എസ്ഐമാരായ പി.കെ. മോഹിത്, സംഗീത് ജോബ് എന്നിവരാണ് അന്വേഷണം നടത്തിയത്.