കണ്ണൂര്‍: ഇരിട്ടി മുനിസിപ്പല്‍ ചെയര്‍മാനും സിപിഎം ഏരിയാ കമ്മിറ്റിയംഗവുമായി പി.പി. അശോകന് പാര്‍ട്ടിയെ അറിയിക്കാതെ ആര്‍എസ്എസ് നേതാവ് വത്സന് തില്ലങ്കേരിയുടെ നേതൃത്വത്തിലുള്ള പ്രഗതി കോളജിനെ വഴിവിട്ട് സഹായിച്ചെന്ന ആരോപണം സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി അന്വേഷിക്കും. ഇതിനായി ഉപസമിതി രൂപീകരിക്കും.
സിപിഎം ജില്ലാ സെക്രട്ടേറിയറ്റിന്റേതാണ് തീരുമാനം. അതേ സമയം ഇന്നലെ ചേര്‍ന്ന സെക്രട്ടേറിയറ്റ് ഇക്കാര്യം പ്രധാന വിഷയമായി ചര്‍ച്ച ചെയ്തിട്ടില്ല. ഇക്കാര്യം മാത്രം ചര്‍ച്ച ചെയ്യാനും ഉപസമിതി രൂപീകരിക്കാനും അടുത്ത ദിവസം പ്രത്യേക യോഗം ചേര്‍ന്നേക്കും. ഉപസമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കും.
അതിനിടെ ജില്ലാ സെക്രട്ടേറിയറ്റിന് മുമ്പ് നടന്ന ഇരിട്ടി ഏരിയാ കമ്മിറ്റിയോഗത്തില്‍ മുനിസിപ്പല്‍ ചെയര്‍മാന്റെ വഴിവിട്ട സഹായം സംബന്ധിച്ച് ചര്‍ച്ച ചെയ്യണമെന്ന് നിര്‍ദേശം ഉയര്‍ന്നിരുന്നു.
ജില്ലാ കമ്മിറ്റി ഇതു സംബന്ധിച്ച കാര്യങ്ങള്‍ ആലോചിച്ച് ചര്‍ച്ച ചെയ്യുമെന്നും ഏരിയാ കമ്മിറ്റി യോഗത്തില്‍ ചര്‍ച്ച വേണ്ടെന്നും ജില്ലാ സെക്രട്ടറി എം.വി. ജയരാജന് അറിയിച്ചു. എന്നിട്ടും കമ്മിറ്റിയിലെ ഒരംഗം ഈ വിഷയം എടുത്തിടുകയും ചെയര്‍മാനെ ന്യായികരിക്കുന്ന രീതിയില്‍ പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്തു.
യോഗത്തിലുള്ള ഭൂരിപക്ഷം പേരും മൗനം പാലിക്കുകയായിരുന്നു. അതേ സമയം ഏരിയാ കമ്മിറ്റി യോഗത്തില്‍ ചര്‍ച്ച ചെയ്യേണ്ടതില്ലെന്നു പറഞ്ഞ വിഷയം ചര്‍ച്ചയിലേക്ക് വലിച്ചിട്ട വ്യക്തി ഏകപക്ഷീയമായ ചെയര്‍മാനെ ന്യായികരിക്കുന്ന വിധത്തില്‍ നടത്തിയ പരാമര്‍ശത്തിന്റെ ഉദ്ദേശ ശുദ്ധിയിലും പാര്‍ട്ടി ജില്ലാകമ്മിറ്റിയിലെ ചിലര്‍ സംശയം പ്രകടിപ്പിക്കുന്നുണ്ട്.
പ്രഗതി കോളജിന് എംപി ഫണ്ടില്‍ നിന്നും ശുചി മുറി നിര്‍മിച്ചു നല്കാന് മുനിസിപ്പല്‍ ചെയര്മാന് ഒത്താശ ചെയ്തുവെന്നു കാണിച്ച് പാര്‍ട്ടി കീഴ്ഘടകം തന്നെയാണ് മേല്‍ക്കമ്മിറ്റിക്ക് പരാതി നല്‍കിയത്. സ്വകാര്യ സ്ഥാപനത്തിന് എംപി ഫണ്ടില്‍ നിന്നും തുക അനുവദിക്കാന്‍ വകുപ്പില്ല.
ഇതു മറികടക്കാന്‍ പ്രഗതി കോളജിനോടു ചേര്‍ന്ന രണ്ട് സെന്റ് സ്ഥലം ഇരിട്ടി മുനിസിപാലിറ്റിക്ക് എഴുതി നല്‍കുകയും അവിടെ മുനിസിപ്പാലിറ്റി സുരേഷ് ഗോപി എംപിയുടെ എംപി ഫണ്ട് ഉപയോഗിച്ച് ശുചി മുറി നിര്‍മിച്ചു നല്‍കാനുമായിരുന്നു നീക്കം.
മുനിസിപാലിറ്റിയുടെ സ്ഥലത്തുള്ള കംഫര്‍ട്ട് സ്റ്റേഷന് എന്ന നിലയില്‍ ശുചീകരണവും അറ്റകുറ്റപണിയും മുനിസിപാലിറ്റി നടത്തുകയും ചെയ്യും. എന്നാല്‍ രേഖകളില്‍ മുനിസിപാലിറ്റിയുടെ കംഫര്‍ട്ട് സ്റ്റേഷന് എന്ന നിലയിലായിരിക്കുമെങ്കിലും ഉപയോഗം പൊതുജനങ്ങള്‍ക്ക് ലഭ്യമാവില്ലെന്നും പാര്‍ട്ടിയിലെ ചിലര്‍ പാര്‍ട്ടിക്കമ്മിറ്റികളില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
മുനിസിപ്പല്‍ കൗണ്‍സില്‍ യോഗത്തില്‍ വിഷയം അജണ്ടയായി വന്നെങ്കിലും എതിര്‍പ്പിനെ തുടര്‍ന്ന് മാറ്റി വെക്കുകയായിരുന്നു. ഇതിനിടെ കോവിഡന്റെ പശ്ചാത്തലത്തില്‍ രണ്ടു വര്‍ഷത്തേക്ക് എംപി ഫണ്ട് മരവിപ്പിക്കുകയും ചെയ്തിരിക്കുകയാണ്.