കണ്ണൂര്‍: ഹോട്ട്സ്പോട്ടിലെ റോഡുകൾ അടച്ചിടരുതെന്നും കണ്ടെയന്റ്മെന്റ് പ്രദേശങ്ങളിലെ റോഡുകൾ മാത്രമേ അടയ്ക്കാവു എന്ന മുഖ്യമന്ത്രിയുടെ നിർദേശത്തിന് വില കൊടുക്കാതെ കണ്ണൂർ പോലീസ്.
കണ്ണൂർ കോർപറേഷൻ പരിധിയിലെ പോക്കറ്റ് റോഡുകളെല്ലാം അടച്ചുപൂട്ടി പോലീസ്. ഇതോടെ ആശുപത്രി അടക്കമുള്ള അടിയന്തര ആവശ്യങ്ങൾക്ക് കണ്ണൂർ നഗരത്തിലെത്തേണ്ടവർ കിലോമീറ്ററുകൾ ചുറ്റി പോകേണ്ട അവസ്ഥയാണ്. ദേശീയപാത മാത്രമാണ് തുറന്നു കൊടുത്തിരിക്കുന്നത്.
ഇന്നു രാവിലെ മുതൽ ദേശീയപാതയിൽ വാഹനങ്ങളുടെ നീണ്ട നിരയാണ് കാണപ്പെടുന്നത്. കണ്ണൂർ നഗരത്തിലെ പ്രാദേശിക റോഡുകൾ തുറന്നു നല്‍കണമെന്ന് കളക്ടറും ജനപ്രതിനിധികളും അടക്കം പോലീസിനോട് ആവശ്യപ്പെട്ടെങ്കിലും പോലീസ് കേട്ടില്ല. ഇന്നലെ മുതൽ കൂടുതൽ റോഡുകൾ അടച്ചിട്ടിരിക്കുകയാണ്.
ജില്ലയിലെ കോവിഡ് സമ്പര്‍ക്ക വിലക്കുള്ള മേഖലയില്‍ യാതൊരു ഇളവും അനുവദിക്കില്ലെന്നും ജില്ലയില്‍ നിലവിലുള്ള നിയന്ത്രണങ്ങള്‍ കര്‍ശനമായി തുടരുമെന്നാണ് പോലീസ് പറയുന്നത്. സംസ്ഥാന സര്‍ക്കാര്‍ ഉത്തരവുപ്രകാരം കണ്ണൂര്‍ റെഡ് സോണില്‍ തുടരുന്നതിനാലാണ് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നത്.
റെഡ് സോൺ അല്ലാത്ത ജില്ലകളില്‍ നിയന്ത്രണങ്ങളില്‍ ഇളവുവരുത്തിയത് കണ്ണൂര്‍ ജില്ലയിലെ ജനങ്ങളില്‍ തെറ്റിദ്ധാരണ സൃഷ്ടിച്ചിട്ടുണ്ട്. എന്നാല്‍ കണ്ണൂര്‍ ജില്ലയിൽ നിലവിലെ റെഡ് സോണ്‍ വ്യവസ്ഥ ഇപ്പോഴും തുടരുകയാണ്. ജില്ലയില്‍ അവസാന രോഗിയും കോവിഡ് മുക്തനായി ആശുപത്രി വിടുന്നതുവരെ നിയന്ത്രണങ്ങള്‍ തുടരുമെന്നും പോലീസ് പറഞ്ഞു.
രോഗികള്‍ക്ക് അത്യാവശ്യ മെഡിക്കല്‍ ആവശ്യങ്ങള്‍ക്കുള്ള യാത്രകള്‍ മാത്രമേ അനുവദിക്കുകയുള്ളൂ. ഐസൊലേഷന്‍ പോയിന്റായ സ്ഥലങ്ങളിലൂടെ വാഹനങ്ങളെയോ ആളുകളെയോ യാതൊരു കാരണവശാലും കടത്തിവിടില്ല. അത്യാവശ്യയാത്രക്കാരെ പോലീസ് ഏര്‍പ്പെടുത്തിയിരിക്കുന്ന എന്‍ട്രി എക്സിറ്റ് പോയിന്റുകളിലൂടെ മാത്രമേ കടത്തിവിടുകയുള്ളൂവെന്നുവാണ് പോലീസ് നിലപാട്.