പയ്യന്നൂർ(കണ്ണൂർ): ഏഷ്യയിലെ ഏറ്റവും വലിയ നാവിക അക്കാഡമിയായ ഏഴിമല നാവിക അക്കാഡമി യാഥാര്‍ഥ്യമാക്കിയതിൽ അന്നത്തെ കേന്ദ്ര പ്രതിരോധമന്ത്രി ജോര്‍ജ് ഫെര്‍ണാണ്ടസിനു നിർണായക പങ്ക്. 1982 മേയ് മാസത്തില്‍ ഡിഫന്‍സ് പ്ലാന്‍ അനുസരിച്ചു നിര്‍മാണച്ചെലവിനായി 40 കോടി രൂപ മാറ്റിവച്ചതോടെയാണ് നാവിക അക്കാഡമി സ്ഥാപിക്കുന്നതിനുള്ള പ്രാഥമികനടപടികൾ ആരംഭിച്ചത്.
കാര്‍വാറിലേക്ക് പദ്ധതി കൊണ്ടുപോകുന്നതിനുള്ള സമ്മര്‍ദങ്ങള്‍ക്കിടയില്‍ നാവിക അക്കാഡമി എഴിമലയില്ത്തന്നെ സ്ഥാപിക്കാനുള്ള താത്പര്യം അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടേതായിരുന്നു. 1983 അവസാനമായപ്പോഴേക്കും സ്ഥലമേറ്റെടുക്കല്‍ പൂര്‍ത്തീകരിച്ച പദ്ധതിക്കായി കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച തുക 169.35 കോടിയായി വര്‍ധിപ്പിച്ചു.
1987 ജനുവരി ഏഴിന് ഇന്ദിരാഗാന്ധി അക്കാഡമിക്കായി തറക്കല്ലിട്ടു.1999-ല്‍ പദ്ധതിക്കായുള്ള തുക സര്‍ക്കാര്‍ 374 കോടിയായി വര്‍ധിപ്പിച്ചിട്ടും പദ്ധതി തറക്കല്ലില്നിന്നുയര്ന്നില്ല. ഇതിനിടയില്‍ പദ്ധതി പൂര്ത്തീകരിക്കാനാകുംമുമ്പേ ഇന്ദിരാഗാന്ധിയും പിന്നീട് പ്രധാനമന്ത്രിയായ രാജീവ് ഗാന്ധിയും വിടപറഞ്ഞു. പിന്നീട് കേന്ദ്ര പ്രതിരോധ മന്ത്രിയായി ജോര്‍ജ് ഫെര്‍ണാണ്ടസ് ചുമതലയേറ്റതോടെയാണ് സ്വപ്നപദ്ധതിക്ക് വേഗംവച്ചത്.
ജോർജ് ഫെർണാണ്ടസ് ഇതിനായി പലവട്ടം ഏഴിമല സന്ദര്‍ശിച്ചു. വൈസ് അഡ്മിറല്‍ ഷെഖാവത്തുമായി ചര്‍ച്ച ചെയ്തെടുത്ത തീരുമാനപ്രകാരമാണ് നാവിക അക്കാഡമി പ്രവര്‍ത്തനമാരംഭിക്കാന്‍ കഴിഞ്ഞത്. അതും തറക്കല്ലിട്ടശേഷം നിശ്ചലമായിക്കിടന്ന രണ്ടു പതിറ്റാണ്ടിനുശേഷമാണെന്നതും ശ്രദ്ധേയമാണ്. പ്രതിരോധ മന്ത്രാലയം പദ്ധതിക്കായി ആയിരം കോടി ചെലവഴിക്കാനുള്ള ആര്‍ജവവും കാണിച്ചുവെന്നത് ജോര്‍ജ് ഫെര്‍ണാണ്ടസിന്റെ ഇടപെടലിന് ഉദാഹരണമാണ്.